Connect with us

International

ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണം യു എന്‍ അന്വേഷിക്കും

Published

|

Last Updated

ജനീവ: ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ യു എന്‍ മനുഷ്യാവകാശ സമിതി അന്വേഷിക്കും. യു എന്‍ നിരീക്ഷക സ്ഥാനമുള്ള ഫലസ്തീന്റെ ആവശ്യപ്രകാരം യു എന്‍ സിമിതിയില്‍ കരട് പ്രമേയം അവതരിപ്പിച്ചു. 47 അംഗ സമിതിയില്‍ 29 രാഷ്ട്രങ്ങള്‍ അന്വേഷണത്തിന് അനുകൂലമായി വോട്ട് ചെയ്തു. യൂറോപ്യന്‍ യൂനിയനിലെ പല രാഷ്ട്രങ്ങളും വിട്ടുനിന്നപ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്തത് അമേരിക്ക മാത്രമാണ്. യു എന്‍ നീക്കത്തെ ഇസ്‌റാഈല്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.
ഇസ്‌റാഈല്‍ യുദ്ധക്കുറ്റം നടത്തിയതായി യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ നവി പിള്ള വോട്ടെടുപ്പിന് തുടങ്ങുന്നതിന് മുമ്പ് തന്നെ പറഞ്ഞിരുന്നു. മനുഷ്യാവകാശത്തിന്റെയും മൗലിക സ്വതാന്ത്ര്യത്തിന്റെയും വ്യാപകവും ആസൂത്രിതവും വിശാലവുമായ ലംഘനമാണ് ഇസ്‌റാഈല്‍ നടത്തുന്നതെന്ന് യു എന്‍ മനുഷ്യാവകാശ സമിതിയില്‍ ഫലസ്തീന്‍ പറഞ്ഞു. അധിനിവിഷ്ട പ്രദേശങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ ധ്വംസനങ്ങള്‍ അന്വേഷിക്കാന്‍ സ്വന്തന്ത്ര അന്താരാഷ്ട്ര അന്വേഷണ സമിതിയെ സംവിധാനിക്കണമെന്നും ഫലസ്തീന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട സംഭവങ്ങള്‍ കണ്ടെത്തി കുറ്റം ചുമത്തി ഉത്തരവാദികളെ കണ്ടെത്തണം. കൂടുതല്‍ ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാനുള്ള വഴികള്‍ കണ്ടെത്തണമെന്നും ഫലസ്തീന്‍ തയ്യാറാക്കിയ പ്രമേയത്തില്‍ പറയുന്നു.
ഗാസയില്‍ ഇസ്‌റാഈലിന്റെ ഉപരോധം അവസാനിപ്പിക്കാനുള്ള വാഗ്ദാനം ലഭിക്കാതെ വെടിനിര്‍ത്തല്‍ പദ്ധതി സ്വീകരിക്കില്ലെന്ന് ഹമാസ് നേതാവ് ഖാലിദ് മിഷേല്‍ പറഞ്ഞു. ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയതിന് ശേഷമുള്ള ഹമാസ് നേതാവിന്റെ ആദ്യ പ്രതികരണമാണിത്. ഖത്തറിലെ ദോഹയില്‍ വെച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. ഉപരോധത്തെ കുറിച്ചുള്ള കരാറും തടസ്സങ്ങള്‍ ലഘൂകരിക്കാനുള്ള ചര്‍ച്ചകളും ഉള്‍പ്പെട്ട വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കില്ലെന്ന് ഇസ്‌റാഈലും അറിയിച്ചിട്ടുണ്ട്.