അവസാന പത്ത് ആത്മീയ സദസ്സുകളാല്‍ ധന്യം

Posted on: July 23, 2014 11:00 am | Last updated: July 23, 2014 at 11:00 am

Ramadan_1കോഴിക്കോട്: റമസാന്‍ അവാസാന പത്ത് ആത്മീയ സദസ്സുകളാല്‍ സജീവമാകുന്നു. ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന വിശ്വാസികളെകൊണ്ട് ഇത്തരം സദസ്സുകള്‍ നിറയുകയാണ്. പള്ളികള്‍, മഖ്ബറകള്‍ എന്നിവിടങ്ങള്‍ ഉപയോഗപ്പെടുത്തി സദസ്സിന്റെ പുണ്യത്തിന് ധന്യതപകരുകയാണ് വിശ്വാസികള്‍. ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍, മൗലിദ് പാരായണം തുടങ്ങിയ പുണ്യകര്‍മങ്ങള്‍കൊണ്ട് ദിനത്തെ വരവേല്‍ക്കുകയാണ് പലരും. ദിനംമുഴുക്കെ പള്ളികളില്‍ ഇഅ്തികാഫിലായി കഴിച്ചുകൂട്ടി നാളുകളെ ധന്യമാക്കാനാണ് പലരും ശ്രമിക്കുന്നത്. മഹാത്മാക്കളുടെ മഖ്ബറകളിലേക്കുള്ള സംഘടിത സിയാറത്തിനായി ഈ ദിനങ്ങളെ പലരും തിരഞ്ഞെടുത്തിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സിയാറത്തുകളും പലരും സംഘടിപ്പിച്ചിട്ടുണ്ട്. സംഘടനകള്‍ക്ക് കീഴിലും അല്ലാതെയും പള്ളികളില്‍ ഇഅ്തികാഫ് ജല്‍സകള്‍ സജീവമാണ്.
ലൈലത്തുല്‍ ഖദ്‌റിന്റെ സാധ്യതാ ദിവസങ്ങളെ കണ്ടറിഞ്ഞ് പള്ളികളും മഖ്ബറകളും കൂടുതല്‍ ജനനിബിഡമാണിപ്പോള്‍. ആഘോഷനാളുകള്‍ അടുത്തെങ്കിലും അതിനാവശ്യമായ കാര്യങ്ങള്‍ പകലില്‍ തന്നെ തീര്‍ത്ത് രാത്രി ആരാധനകളാല്‍ മുഴുകാനും വിശ്വാസികള്‍ ശ്രമിച്ചു വരുന്നത് നാട്ടിന്‍പുറങ്ങളില്‍ പതിവായി. സമൂഹ നോമ്പ്തുറകളും ഈ ദിനത്തില്‍ സജീവമായി. ബദ്‌റിന്റെ അനുസ്മരണങ്ങള്‍ക്കൊപ്പമാണ് ഏറിയസ്ഥലങ്ങളിലും സമൂഹ നോമ്പ് തുറകള്‍ നടക്കുന്നത്. റിലീഫ് വിതരണവും ദാനധര്‍മങ്ങളും വര്‍ധിപ്പിച്ചും ദിവസങ്ങളുടെ പുണ്യത്തിലലിയാന്‍ ഓരോ വിശ്വാസിയും ശ്രമിക്കുകയാണ്.
പുണ്യദിനങ്ങള്‍ വിടപറയുമ്പോഴേക്കും പാപങ്ങള്‍ കഴുകിത്തീര്‍ത്ത് നാഥന്‍ ഒരുക്കിയ നരകമോചനാവസരം ഉപയോഗപ്പെടുത്തി കൂടുതല്‍ ധന്യരാകാനാണ് വിശ്വാസികള്‍ ആത്മീയ സദസ്സുകളെ ഉപയോഗപ്പെടുത്തുന്നത്.