Connect with us

Ongoing News

കോണ്‍ഗ്രസ് പുനഃസംഘടന: ആഗസ്റ്റില്‍ പൂര്‍ത്തിയാക്കും- ഹസ്സന്‍

Published

|

Last Updated

തിരുവനന്തപുരം: പത്ത് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെയും ഡി സി സി ഭാരവാഹികളെയും രാഷ്ട്രീയേതര ക്രിമിനല്‍ കേസുകളിലെ പ്രതികളെയും മാറ്റി നിര്‍ത്തി കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനൊരുങ്ങുന്നു.
കോണ്‍ഗ്രസ് ബൂത്ത് തലം മുതല്‍ ഡി സി സി വരെയുള്ള ഭാരവാഹികളുടെ പുനഃസംഘടന അടുത്തമാസം പത്തിന് ആരംഭിച്ച് 31ന് അവസാനിക്കുമെന്ന് കെ പി സി സി ഉപാധ്യക്ഷന്‍ എം എം ഹസന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ ബൂത്തുകളുടെയും തിരഞ്ഞെടുപ്പ് ഒരേ സമയം നടക്കും.
ആഗസ്റ്റ് 10ന് വൈകുന്നേരം നാല് മണിക്കകം സംസ്ഥാനത്താകൈ ബൂത്ത് കമ്മിറ്റി രൂപവത്കരണം പൂര്‍ത്തിയാകും. ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്കും സംഘടനാ പ്രവര്‍ത്തന മികവും സംശുദ്ധ പശ്ചാത്തലവും ഉള്ളവര്‍ക്കും മുന്‍ഗണന നല്‍കും.
എന്നാല്‍ പ്രവര്‍ത്തനക്ഷമതയില്ലാത്ത മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍, ഡി സ ിസി ഭാരവാഹികള്‍ എന്നിവരെ 10 വര്‍ഷം തികയണം എന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍, മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഒപ്പം എട്ട് നിര്‍വാഹകസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ആകെ 15 അംഗങ്ങളുള്‍പ്പെടുന്നതാണ് ബൂത്ത് കമ്മിറ്റി. വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ വനിതയായിരിക്കും. സമിതിയില്‍ എസ് സി, എസ് ടി വിഭാഗത്തിന് മതിയായ പ്രാതിനിധ്യം നല്‍കും. എന്നാല്‍ പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റുമാര്‍, ട്രഷറര്‍, 12 ജനറല്‍ സെക്രട്ടറിമാര്‍ ഒപ്പം 13 നിര്‍വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 31 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മണ്ഡലം കമ്മിറ്റി. കുറഞ്ഞത് രണ്ട് വനിതകള്‍ക്കും പട്ടിക വിഭാഗങ്ങളിലെ രണ്ട് പേര്‍ക്കും അവസരം നല്‍കും.
അതേസമയം പ്രസിഡന്റിനൊപ്പം, നാല് വൈസ് പ്രസിഡന്റുമാരും ട്രഷററും 20 ജനറല്‍ സെക്രട്ടറിമാരും 15 നിര്‍വാഹകസമിതി അംഗങ്ങളും ഉള്‍പ്പെടെ 41 പേരടങ്ങുന്നതാണ് നിയോജക മണ്ഡലം കമ്മിറ്റി. ജില്ലയില്‍ പ്രസിഡന്റിനൊപ്പം, നാല് വൈസ് പ്രസിഡന്റുമാരും, ട്രഷററും, 25 ജനറല്‍ സെക്രട്ടറിമാരും 20 നിര്‍വാഹക സമിതി അംഗങ്ങളും അടക്കം 51 പേര്‍ ജില്ലാ കമ്മിറ്റിയിലുണ്ടാകും. ഭാരവാഹിത്വത്തിന് പൊതുസമ്മതരും സേവന സന്നദ്ധരുമായിട്ടുള്ള വ്യക്തികളെയും പരിഗണിക്കും. നിലവിലുള്ള ഡി സി സി ഭാരവാഹികളില്‍ നിന്ന് 50 ശതമാനം പേരെ മാറ്റുന്നതോടൊപ്പം 30നും 50 നുമിടയില്‍ പ്രായമുള്ള 50 ശതമാനം ഭാരവാഹികളെ ഉള്‍പ്പെടുത്തും. സംസ്ഥാന, ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജില്ലാ സഹകരണ ബേങ്ക് പ്രസിഡന്റുമാര്‍, സംസ്ഥാന സഹകരണ സ്ഥാപനങ്ങളിലെ ചെയര്‍മാന്മാര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരെ ഡി സി സി ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കില്ല.
മണ്ഡലം പ്രസിഡന്റുമാരുടെയും ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെയും പട്ടിക മാത്രമേ ഡി സി സി പ്രസിഡന്റുമാര്‍ പ്രഖ്യാപിക്കാന്‍ പാടുള്ളൂ. ബ്ലോക്ക് പ്രസിഡന്റുമാരുടെ മാറ്റം സംബന്ധിച്ച് പട്ടിക തയാറാക്കി കെ പി സി സി പ്രസിഡന്റിന് അയക്കേണ്ടതാണ്. ഡി സി സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും നിയമനം കെ പി സി സി പ്രസിഡന്റാണ് നടത്തേണ്ടത്. ബൂത്ത് കമ്മിറ്റി രൂപവത്കരണം ആഗസ്റ്റ് പത്തിനും ബ്ലോക്ക് ഭാരവാഹികള്‍, ഡി സി സി ഭാരവാഹികള്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് യഥാക്രമം ആഗസ്റ്റ് 20, 30 തിയതികള്‍ക്ക് മുമ്പും നടത്തും.

 

Latest