രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്

Posted on: July 22, 2014 11:24 pm | Last updated: July 22, 2014 at 11:24 pm

ദുബൈ: യു എ ഇയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടത്തിന്റെ നിര്‍മാണ ജോലികള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയതയായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മറീന 101 എന്ന പേരിലുള്ള കെട്ടിടത്തിന്റെ ജോലികളാണ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നത്. 425 മീറ്റര്‍ ഉയരമുള്ളതും ടവറോട് കൂടിയതുമായ കെട്ടിടത്തിന്റെ 80 ശതമാനത്തിലധികം ജോലികളാണ് പൂര്‍ത്തിയായതെന്ന് നിര്‍മാതാക്കളായ ഷെഫീല്‍ഡ് ഹോള്‍ഡിംഗ്‌സ് വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടെ കെട്ടിട ഉപഭോക്താക്കള്‍ക്കും താമസക്കാര്‍ക്കുമായി തുറന്നു കൊടുക്കും. നിലവില്‍ 413 മീറ്റര്‍ ഉയരമുള്ള പ്രിന്‍സസ് ടവറാണ് ഉയരത്തില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള 23 മറീനക്ക് 393 മീറ്ററാണ് ഉയരം. പുതിയ കെട്ടിടം അടുത്ത വര്‍ഷം പൂര്‍ത്തിയാവുന്നതോടെ ഇവ രണ്ടും, മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
ചുറ്റുമുള്ള ടവറുകളില്‍ നിന്നും വ്യത്യസ്തമായ ആകൃതിയിലാണ് മറീന 101ന്റെ ടവര്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് പ്രൊജക്ട് മാനേജറായ എഞ്ചി. മുഹമ്മദ് ജീലാനി വ്യക്തമാക്കി. ഒട്ടുമിക്കവാറും ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇനി അപ്രധാനമായ ചില പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളത്. പറയത്തക്ക കാലതമസമൊന്നും ഉണ്ടായിട്ടില്ല. അതിവേഗം നിര്‍മാണം പൂര്‍ത്തിയായി വരികയാണ്. ടവറിന്റെ പണി പൂര്‍ത്തിയാവുന്നതോടെ 420 ഹോട്ടല്‍ മുറികളും അപാര്‍ട്ടുമെന്റുകളും ഉണ്ടാവും. മൂന്നു മുറികളോട് കൂടിയ 60 താമസ യൂണിറ്റുകളും എട്ട് ഡ്യൂപ്ലക്‌സ്, പഞ്ചനക്ഷത്ര ഹോട്ടല്‍, ഹെല്‍ത്ത് ക്ലബ്ബ്, വിവിധ നിലകളില്‍ നീന്തല്‍ക്കുളം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും. നിക്ഷേപകര്‍ക്ക് ഇവയെല്ലാം കാണാവുന്ന അവസ്ഥയിലാണെന്നും ആളുകളെ സ്വാഗതം ചെയ്യുന്നതായും മുഹമ്മദ് ജീലാനി പറഞ്ഞു.