‘ബയോമെട്രിക് വിവര ശേഖരം മൊബൈല്‍ ഫോണിലൂടെ സാധ്യമാകും’

Posted on: July 22, 2014 10:08 pm | Last updated: July 22, 2014 at 10:08 pm

emirates idഅബുദാബി: എമിറേറ്റ്‌സ് ഐ ഡിക്കുവേണ്ടി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞതിലൂടെ രാജ്യസുരക്ഷക്ക് വലിയ സംഭാവന അര്‍പ്പിക്കാന്‍ കഴിഞ്ഞതായി എമിറേറ്റ്‌സ് ഐ ഡി ഡയറക്ടര്‍ ജനറല്‍ ഡോ. അലി അല്‍ ഖൂറി പറഞ്ഞു. ലണ്ടനില്‍ ഈ വര്‍ഷത്തെ ബയോമെട്രിക് ലോകസമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വാര്‍ത്താ ലേഖകരെ അറിയിച്ചതാണിത്.
ലണ്ടനിലെ ബയോമെട്രിക് ഇന്‍സ്റ്റിറ്റിയൂട്ട് പഠനത്തിലെ കണ്ടെത്തലുകളെ സ്വാഗതം ചെയ്യുന്നു. ബയോമെട്രിക് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെക്കുറിച്ചും മറ്റും ഉള്‍കാഴ്ച നല്‍കാന്‍ പഠനത്തിന് കഴിയുന്നു. മൊബൈല്‍ ഫോണ്‍ വഴി വിരലടയാളം രേഖപ്പെടുത്തുന്നതിലേക്ക് വളര്‍ച്ച എത്തിപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ വലിയ വളര്‍ച്ചയാണിത്.
ഈ വര്‍ഷത്തെ ബയോമെട്രിക്ക് സമ്മേളനത്തില്‍ സാംസങ് ഇലക്ട്രോണിക്‌സും പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്. വിശ്വാസ്യതയോടും സുരക്ഷയോടും വ്യക്തിയുടെ വിവരങ്ങള്‍ ഇ-ഗവണ്‍മെന്റിന് ഉപയോഗപ്പെടുത്താന്‍ സാംസങിന്റെ ഗവേഷണങ്ങള്‍ക്ക് കഴിയും.
വ്യക്തി വിവരങ്ങള്‍ ഉറപ്പുവരുത്താന്‍ ബയോമെട്രിക് സംവിധാനങ്ങള്‍ക്കു കഴിയുമെന്നാണ് യു എ ഇ എക്കാലവും വിശ്വസിച്ചിരുന്നത്. ഇനി മൊബൈല്‍ ഫോണ്‍ വഴിയുള്ള വിവര ശേഖരത്തിന്റെ സാധ്യത തേടുമെന്നും ഡോ. അലി അല്‍ ഖൂറി അറിയിച്ചു.