Connect with us

Wayanad

വിദ്യാര്‍ഥികളുടെ പരാതി സ്വീകരിക്കുന്നതിന് സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കും

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ പരാതികള്‍ സ്വീകരിക്കുന്നതിനായി പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കലക്ടര്‍ വി കേശവേന്ദ്രകുമാര്‍ അറിയിച്ചു.
വിദ്യാഭ്യാസ അവകാശനിയമം, ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം(പോക്‌സോ) എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കുന്നതിനായി സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
പരാതിപ്പെട്ടികള്‍ തുറക്കുന്നതിനും പോക്‌സോ നിയമപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും സ്‌കൂളുകളില്‍ ഒരു നോഡല്‍ ടീച്ചര്‍ ഉണ്ടായിരിക്കണം. ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് ബാലാവകാശ നിയമങ്ങളെക്കുറിച്ചുള്ള സമഗ്ര പരിശിലനം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് കൗണ്‍സിലര്‍മാരെ നിയോഗിക്കും. സ്‌കൂള്‍ കാമ്പസുകളിലും പരിസരപ്രദേശങ്ങളിലും സാമൂഹിക വിരുദ്ധ ശല്യം ഒഴിവാക്കുന്നതിനും മറ്റും രാത്രികാല പട്രോളിംഗ് ഉള്‍പ്പെടെയുള്ള നിരീക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കര്‍ശനമായി തടയുന്നതിനും പോലീസ് നടപടി സ്വീകരിക്കണം.
വിദ്യാര്‍ഥികള്‍ക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് ചൈല്‍ഡ്‌ലൈന്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി എന്നിവയുടെ ഫോണ്‍ നമ്പറുകള്‍ വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കും.ശിശു സൗഹൃദ ജില്ലയായി വയനാടിനെ വളര്‍ത്തുന്നതിനുതകുന്ന നടപടികള്‍ക്ക് പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും പരമാവധി സഹകരിപ്പിക്കും. യോഗത്തില്‍ ബാലാവകാശ കമ്മീഷന്‍ അംഗം ഗ്ലോറി ജോര്‍ജ്ജ്, ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ. ജോസഫ് തോമസ് തേരകം, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest