അന്ധ വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Posted on: July 22, 2014 12:33 am | Last updated: July 22, 2014 at 12:33 am

Visually_Challenged_students_caned_Andhra_Pradesh_360_2ഹൈദരാബാദ്: അന്ധ വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര കാക്കിനഡയിലെ സ്വകാര്യ സ്‌കൂളിലെ മൂന്ന് അന്ധ വിദ്യാര്‍ഥികളെയാണ് അന്ധനായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തല്ലിച്ചതച്ചത്. വിദ്യാര്‍ഥികളെ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങള്‍ ഒരു പ്രാദേശിക ചാനല്‍ പുറത്തുവിടുകയായിരുന്നു. പത്തില്‍ താഴെ പ്രായമുള്ളവരാണ് പ്രിന്‍സിപ്പലിന്റെ മര്‍ദനത്തിനിരയായ വിദ്യാര്‍ഥികള്‍.
രണ്ട് ദിവസം മുമ്പാണ് ഈ സംഭവം നടന്നത്. പ്രിന്‍സിപ്പലിനോട് അടിക്കരുതെന്ന് കുട്ടികള്‍ കേണപേക്ഷിക്കുന്നത് മൂന്ന് മിനുട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ വ്യക്തമാണ്. ഇതൊന്നും ചെവിക്കൊള്ളാതെ പ്രിന്‍സിപ്പല്‍ ക്രുദ്ധനായി കുട്ടികളുടെ തല ഭിത്തിയില്‍ ഇടിക്കുകയാണ് വീഡിയോയില്‍. വിദ്യര്‍ഥികളെ തല്ലാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സഹായിക്കുന്ന മറ്റൊരു അധ്യാപകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം നടന്ന സ്‌കൂളിന്റെ നടത്തിപ്പ് ജില്ലാ ഭരണകൂടം ഏറ്റെടുത്തു. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസ് പ്രത്യേകം അന്വേഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിനെ സസ്പന്‍ഡ് ചെയ്തു.