Connect with us

Gulf

ചൊവ്വ പര്യവേഷണം യുഎഇ ശാസ്ത്രജ്ഞര്‍ നയിക്കും-ശൈഖ് മുഹമ്മദ്‌

Published

|

Last Updated

ചൊവ്വ പര്യവേഷണ പദ്ധതിയുടെ ഉന്നതാധികാര യോഗത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചപ്പോള്‍

അബുദാബി: ചൊവ്വയില്‍ പര്യവേഷണത്തിനായി 2021ല്‍ അയക്കുന്ന സ്‌പെയ്‌സ്ഷിപ്പ് പദ്ധതി നയിക്കുക യു എ ഇ ശാസ്ത്രജ്ഞരായിരിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. ഇതിനായി ഈ രംഗത്തുള്ള തദ്ദേശീയരായ ശാസ്ത്രജ്ഞര്‍ക്ക് പരിശീലനം നല്‍കി വരുന്നുണ്ട്. സ്‌പെയ്‌സ്ഷിപ്പ് പദ്ധതിയുടെ ആദ്യ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. പദ്ധതി സാക്ഷാത്ക്കരിക്കുന്നതില്‍ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും ലഭിക്കും. ഇതിനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിക്കും. രണ്ടു പദ്ധതികളാണ് ഈ രംഗത്ത് യു എ ഇ മുന്നോട്ടു വെക്കുന്നത്.
സ്‌പെയ്‌സ് സയന്‍സിലും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക മേഖലയിലും സ്വദേശി ശാസ്ത്രജ്ഞരെ വളര്‍ത്തിക്കൊണ്ടുവരാനാണ് രാജ്യം പരിശ്രമിക്കുന്നത്. രണ്ടു പദ്ധതികളും സ്വദേശി ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാവും സാക്ഷാത്ക്കരിക്കുക. ആളില്ലാ സ്‌പെയ്‌സ്ഷിപ്പാണ് അയക്കുക. അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഈ നേട്ടത്തിനായി ശ്രമിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി നേടിയെടുക്കാനാണ് ഇതിലൂടെ യു എ ഇ ശ്രമിക്കുന്നത്.
ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ പുതിയ യു എ ഇ സ്‌പെയ്‌സ് ഏജന്‍സിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക രാജ്യങ്ങള്‍ക്കിടയില്‍ നിന്ന് ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് ചൊവ്വ പര്യവേഷണത്തിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. യു എ ഇ രൂപീകരണത്തിന്റെ 50ാം വര്‍ഷികത്തിന്റെ ഭാഗമായാണ് 2021ല്‍ സ്‌പെയ്ഷിപ്പ് വിക്ഷേപിക്കാന്‍ രാജ്യം ഒരുക്കം നടത്തുന്നത്.
ആറു കോടി കിലോമീറ്ററാണ് ഭൂമിയില്‍ നിന്നു ചൊവ്വയിലേക്കുള്ള ദൂരം. യു എ ഇ പര്യവേഷണത്തില്‍ പങ്കാളികളാവുന്നതോടെ ഇസ്‌ലാമിക ലോകത്തു നിന്നുള്ള പ്രഥമ ചൊവ്വ പര്യവേഷണ രാജ്യമായും യു എ ഇ മാറും. ശാസ്ത്ര-സാങ്കേതിക രംഗത്ത് പുതിയ സംഭവാനകള്‍ നല്‍കാന്‍ രാജ്യം പര്യാപ്തമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താനാണ് ഇത്തരം ഒരു ഉദ്യമമെന്നു യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വ്യോമയാന രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും തദ്ദേശീയമായ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കാനാണ് യു എ ഇ പരിശ്രമിക്കുന്നതെന്ന സന്ദേശമാണ് സ്‌പെയ്‌സ്ഷിപ്പ് അയക്കുന്നതിലൂടെ ലോകത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടിരുന്നു.

Latest