നരകമോചനം

    Posted on: July 21, 2014 8:22 am | Last updated: July 21, 2014 at 8:22 am

    ramasan nilavനരകം ഒരു യാഥാര്‍ഥ്യമാണ്. സ്രഷ്ടാവിനെ അവിശ്വസിക്കുകയോ അവന്റെ വിധി വിലക്കുകള്‍ ധിക്കരിക്കുകയോ ചെയ്തവര്‍ അതനുഭവിക്കേണ്ടി വരുമെന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. അത് കേവലം കാവ്യാത്മകമായ വര്‍ണനകളല്ലെന്നും ഉറപ്പായ സത്യമാണതെന്നും ഖുര്‍ആന്‍ പേര്‍ത്തും പേര്‍ത്തും വ്യക്തമാക്കിയിട്ടുണ്ട്.നരകത്തെ വിവരിക്കുന്ന ചില ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരാംശമിതാ.

    തീര്‍ച്ചയായും നരകം കാത്തിരിക്കുന്നു. അതിക്രമകാരികളുടെ സങ്കേതമാണത്. അതില്‍ അവര്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും. കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല. കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ. അനുയോജ്യമായ പ്രതിഫലമത്രെ അത്. തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു. എല്ലാം നാം എഴുതി കൃത്യപ്പെടുത്തിയിരുന്നു. അതിനാല്‍ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക. നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ധിപ്പിച്ചു തരികയില്ല. തീര്‍ച്ച.
    ഇടതു കൈയില്‍ കിതാബ് നല്‍കപ്പെടുന്നവരുടെ അവസ്ഥയെന്താണെന്നോ! തുളച്ചു കയറുന്ന ഉഷ്ണക്കാറ്റ്, ചുട്ടു തിളക്കുന്ന വെള്ളം, തണുപ്പുള്ളതോ സുഖദായകമോ അല്ലാത്ത കരിമ്പുകയുടെ തണല്‍ എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍. ഐഹിക ലോകത്ത് സുഖലോലുപന്മാരായിരുന്നു. അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചു നില്‍ക്കുന്നവരുമായിരുന്നു. മരിച്ചിട്ടു മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത് എന്നവര്‍ പരിഹസിക്കാറുണ്ടായിരുന്നു.ഞങ്ങളുടെ പൂര്‍വികരായ പിതാക്കളും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുമെന്നോ എന്നവര്‍ അതിശയിച്ചു. പറയൂ. പൂര്‍വികരും പില്‍ക്കാലക്കാരുമെല്ലാം ഒരു നിശ്ചിത ദിവസത്തെ കൃത്യമായ അവധിക്ക് ഒരുമിച്ചു കൂട്ടപ്പെടുക തന്നെ ചെയ്യും തീര്‍ച്ച. നിഷേധികളായ ദുര്‍മാര്‍ഗികളേ, തീര്‍ച്ചയായും നിങ്ങള്‍ സഖൂം വൃക്ഷത്തില്‍ നിന്ന് വയറുകള്‍ നിറയുവോളം തിന്നേണ്ടിവരും, അതിന്റെ മീതെ തിളച്ചു പൊള്ളുന്ന വെള്ളം കുടിക്കേണ്ടിവരും. ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നതു പോലെ! ഇതായിരിക്കും പ്രതിഫലത്തിന്റെ നാളില്‍ അവര്‍ക്കുള്ള സദ്യ. നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നിരിക്കേ നിങ്ങളെന്താണ് എന്റെ സന്ദേശങ്ങളെ സത്യമായി അംഗികരിക്കാത്തത്?
    പക്ഷേ കരുണാമയനായ അല്ലാഹു അവരോട് ഇഹലോകത്ത് വെച്ച് കേഴുന്നവര്‍ക്ക് നരക മോചനം നല്‍കും. അവനെത്ര കൊടും പാപിയായിരുന്നെങ്കില്‍ പോലും. റമസാന്‍ നരകമോചനത്തിന്റെ മാസമാണ്. അവസാനത്തെ പത്ത് അതിന് പ്രത്യേകമായി അവന്‍ കനിഞ്ഞു നല്‍കിയതാണ്. ബുദ്ധിയുള്ളവര്‍ ഈ അവസരം നഷ്ടപ്പെടുത്തില്ല. അല്ലാഹു നമ്മെ നരകത്തില്‍ നിന്നു കാക്കട്ടെ…