ഷൊര്‍ണൂര്‍- മംഗലാപുരം പാത വൈദ്യുതീകരണം 2016 ല്‍ പൂര്‍ത്തിയാക്കും

Posted on: July 20, 2014 9:20 am | Last updated: July 20, 2014 at 11:44 am

trainകണ്ണൂര്‍: ഷൊര്‍ണൂര്‍- മംഗലാപുരം പാത വൈദ്യുതീകരണം 2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ ചീഫ് പ്രൊജക്ട് മാനേജര്‍ ആര്‍ പി ഉദയകുമാര്‍. റെയില്‍വേ വൈദ്യുതീകരണ വിഭാഗത്തിന്റെ ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ഓഫീസ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട് വരെയുള്ള പ്രവൃത്തിയാണ് നിലവില്‍ പുരോഗമിക്കുന്നത്. അടുത്ത ഘട്ടമായി കോഴിക്കോട് നിന്ന് കണ്ണൂര്‍ വരെ പ്രവൃത്തി നടത്തും. ഇത് 2015 ജൂണില്‍ പൂര്‍ത്തിയാക്കും. കണ്ണൂരില്‍ നിന്ന് കാസര്‍ക്കോട്ടേക്കുള്ള പാത വൈദ്യുതീകരണം 2015 ഡിസംബറിലും കാസര്‍ക്കോട് നിന്ന് മംഗലാപുരത്തേക്കുള്ള പാതയുടെ അവസാന ഘട്ട പ്രവൃത്തി 2016 മാര്‍ച്ചിലും പൂര്‍ത്തിയാക്കും.
പാത നവീകരണത്തിന്റെ ഭാഗമായി ഷൊര്‍ണൂര്‍ മുതല്‍ മംഗലാപുരം വരെയുള്ള ആറ് റെയില്‍വേ സ്‌റ്റേഷനുകളില്‍ സബ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. തിരൂര്‍, എലത്തൂര്‍, കണ്ണൂര്‍ സൗത്ത്, ചെറുവത്തൂര്‍, ഉപ്പള, പനമ്പൂര്‍ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. തിരൂരില്‍ മാത്രം സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടില്ല. കേരളത്തില്‍ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഭൂമിക്കടിയിലൂടെയാണ് കേബിളുകള്‍ സ്ഥാപിക്കുക. ഈ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തുകയായ 360 കോടിക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി വേണ്ടിവരുമെന്നും ആര്‍ പി ഉദയകുമാര്‍ പറഞ്ഞു.
നേരത്തെ 2012 ല്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ പ്രവൃത്തിയാണ് അനിശ്ചിതമായി വൈകുന്നത്.