Connect with us

International

നിര്‍ണായക തെളിവുകള്‍ റഷ്യ കടത്തുന്നു: ഉക്രൈന്‍

Published

|

Last Updated

ക്വാലാലംപൂര്‍/കീവ്: മലേഷ്യന്‍ വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട് റഷ്യക്കെതിരെ ഗുരുതരമായ ആരോപണവുമായി ഉക്രൈന്‍ വീണ്ടും രംഗത്ത്. എം എച്ച് 17 വിമാനം തകര്‍ന്നു വീണ സ്ഥലത്തു നിന്ന് നിര്‍ണായക തെളിവുകള്‍ കടത്തിക്കൊണ്ട് പോകാനും നശിപ്പിക്കാനും വിമതര്‍ക്ക് റഷ്യ സഹായം നല്‍കുകയാണെന്ന് ഉക്രൈന്‍ ആരോപിച്ചു. അന്താരാഷ്ട്ര കുറ്റകൃത്യത്തിന്റെ ശക്തമായ തെളിവുകളാണ് നശിപ്പിക്കപ്പെടുന്നതെന്നും ഇതിന് റഷ്യ കൂട്ടുനില്‍ക്കുകയാണെന്നും ഉക്രൈന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
മിസൈലാക്രമണത്തില്‍ നിലം പൊത്തിയ വിമാനത്തിന് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും അതിന് ഉത്തരവാദികളാരൊക്കെയെന്നും അന്വേഷിക്കാനായി മലേഷ്യന്‍ സംഘം കീവില്‍ എത്തിയതിന് പിറകേയാണ് റഷ്യക്കെതിരെ ഉക്രൈന്‍ സര്‍ക്കാര്‍ ശക്തമായ ആരോപണം അഴിച്ചു വിടുന്നത്. വിമാനം തകര്‍ത്തത് റഷ്യന്‍ വിമതരാണെന്ന് ഉക്രൈന്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ സംഭവത്തിന് പിന്നില്‍ ഉക്രൈനാണെന്ന് റഷ്യ വാദിക്കുന്നു.
“ഉക്രൈന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു: റഷ്യയുടെ പിന്തുണയുള്ള തീവ്രവാദികള്‍ അന്താരാഷ്ട്ര കുറ്റകൃത്യത്തിനുള്ള തെളിവുകള്‍ നശിപ്പിക്കുകയാണ്” ഉക്രൈന്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിമത കേന്ദ്രമായ ഡൊണറ്റ്‌സ്‌കിലെ മോര്‍ച്ചറിയിലേക്ക് 38 മൃതദേഹങ്ങള്‍ കടത്തിക്കൊണ്ടുപോയിട്ടുണ്ട്. ബ്ലാക് ബോക്‌സ് ഇതിനകം റഷ്യയിലെക്ക് കൊണ്ടുപോയിക്കഴിഞ്ഞു. വിമാനത്തിന്റെ അവശിഷ്ടങ്ങളും ഇത്തരത്തില്‍ കടത്തിക്കൊണ്ടു പോകുകയാണ്- ഉക്രൈന്‍ ആരോപിക്കുന്നു.
വിമാനം തകര്‍ന്നു വീണ മേഖലയില്‍ നിശ്ചിത പ്രദേശത്തെ സുരക്ഷിത വ്യോമ മേഖലയായി പ്രഖ്യാപിക്കാന്‍ ഉക്രൈന്‍ സര്‍ക്കാറും വിമതരും ധാരണയിലെത്തിയിട്ടുണ്ട്. പ്രദേശം ഇപ്പോള്‍ ഉക്രൈന്‍ സര്‍ക്കാറിന്റെയും വിമതരുടെയും സംയുക്ത നിയന്ത്രണത്തിലാണെന്നും മലേഷ്യയിലെ ഉക്രൈന്‍ സ്ഥാനപതി ഇഹോര്‍ വി ഹ്യൂമന്‍യി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 400 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് ഒരു തരത്തിലുള്ള ആയുധ പ്രയോഗവും പാടില്ലെന്നും ധാരണയിലെത്തിയിട്ടുണ്ട്. ഫലപ്രദമായ അന്വേഷണം സാധ്യമാക്കാനാണ് ഇതെന്നും ഇഹോര്‍ പറഞ്ഞു.
അതിനിടെ, വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കൈവശം വെക്കാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് വ്യക്തമാക്കി. ക്വാലാലംപൂരില്‍ അനുശോചന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നിയമ പ്രകാരം, വിമാനത്തിന്റെ ഉടമസ്ഥര്‍ക്കാണ് ബ്ലാക്ക് ബോക്‌സിന്റെ അവകാശം. ബ്ലാക്ക് ബോക്‌സിന്റെ നിയന്ത്രണം തിരികെ ലഭിക്കാന്‍ അന്താരാഷ്ട്ര നിയമനുസരിച്ചുള്ള നടപടികളിലേക്ക് നീങ്ങുമെന്നും നജീബ് വ്യക്തമാക്കി. താന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെ ഫോണില്‍ വിളിച്ചിട്ടുണ്ട്. പ്രദേശത്തെ തെളിവ് നളിപ്പിക്കാതിരിക്കാനുള്ള ജാഗ്രത പാലിക്കണമെന്ന് അദ്ദേഹത്തോട് നിര്‍ദേശിച്ചു. മാത്രമല്ല അന്വേഷണത്തിന് എത്തുന്ന മലേഷ്യന്‍ സംഘത്തിന് സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യത്തിനും അദ്ദേഹത്തിന്റെ സഹായം തേടിയിട്ടുണ്ട്- നജീബ് പറഞ്ഞു. അതിനിടെ അപകടത്തില്‍ നജീബിന്റെ മുത്തശ്ശി മരിച്ചതായി സ്ഥിരീകരിച്ചു.
ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777 വിമാനം റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌കിനും ഡൊണറ്റ്‌സ്‌കിനും ഇടക്ക് മിസൈലേറ്റ് തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിലെ 298 പേരും മരിച്ചുവെന്നാണ് നിഗമനം. വിമതരുടെ മിസൈല്‍ ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്നതിന് തെളിവായി ഉക്രൈന്‍ സര്‍ക്കാര്‍ ശബ്ദ രേഖ പുറത്തു വിട്ടിരുന്നു.

Latest