റോഡ് ടാക്‌സ് വര്‍ധിപ്പിച്ചത് വാഹന ഉടമകളെ ദുരിതത്തിലാക്കുന്നു

Posted on: July 19, 2014 10:07 am | Last updated: July 19, 2014 at 10:07 am

roads_b_17-9-2011വടക്കഞ്ചേരി: ടാക്‌സി വാഹനങ്ങളുടെ റോഡ് ടാക്‌സ് വര്‍ധിപ്പിച്ചത് വാഹന ഉടമകളെ ദുരിതത്തിലാക്കുന്നു. അഞ്ചും ആറും സീറ്റുകള്ള വാഹനങ്ങളുടെ റോഡ് ടാക്‌സ് ഇപ്പോള്‍ രണ്ടുവര്‍ഷത്തേക്ക് 12,000 രൂപ വരെയാണ് ഉയര്‍ത്തിയിട്ടുള്ളത്.
നേരത്തെ ഇത് വര്‍ഷത്തേക്ക് 1,050 രൂപയായിരുന്നെന്ന് വാഹനഉടമകള്‍ പറയുന്നു. നികുതിയില്‍ വന്‍വര്‍ധന വരുത്തിയതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മുമ്പുള്ള നികുതി തന്നെ അടച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണെ്ടങ്കിലും ഇതു സംബന്ധിച്ച് ആര്‍ടിഒ ഓഫീസുകളില്‍ ഉത്തരവ് ലഭിക്കാത്തതും ടാക്‌സിവാഹനങ്ങളെ കുഴക്കുന്നുണ്ട്.
കൂടിയ നിരക്ക് തന്നെ അടയ്ക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പും പോലീസും വാഹനം പിടികൂടുകയാണെന്നാണ് പരാതി. ഇതുമൂലം വാടകയ്ക്ക് വാഹനം ഓടാന്‍ പറ്റാത്ത സ്ഥിതിയാണെന്നും പറയുന്നു. ഓട്ടം കിട്ടുന്ന സീസണല്ലാത്തതിനാല്‍ ഭീമമായ നികുതി അടയ്ക്കാനും ഇവര്‍ക്കു കഴിയുന്നില്ല.
അംബാസിഡര്‍ കാര്‍, ജീപ്പ്, ടവേര, ഇന്നോവ, ഓട്ടോടാക്‌സി തുടങ്ങിയ ടാക്‌സി വാഹനങ്ങള്‍ക്കെല്ലാം നികുതി കുത്തനെ ഉയര്‍ത്തി. എന്നാല്‍ ടാക്‌സ് വര്‍ധന മുന്‍കൂട്ടികണ്ട് നിരവധി വാഹനങ്ങള്‍ പ്രൈവറ്റാക്കി മാറ്റി. പ്രൈവറ്റ് വാഹനങ്ങളാണ് പിന്നീട് വാടകയ്ക്ക് ഓടുന്നത്. ഇതുമൂലം സര്‍ക്കാരിനും നഷ്ടം സംഭവിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. പ്രൈവറ്റ് വാഹനങ്ങളുടെ ഇന്‍ഷ്വറന്‍സ് തുകയും റോഡ് ടാക്‌സും മറ്റും കുറവായതിനാലാണ് ടാക്‌സി മാറ്റി പ്രൈവറ്റാക്കി പിന്നീട് വാടകയ്ക്ക് ഓട്ടം പോകുന്നത്. വാഹനങ്ങളുടെ നികുതിവര്‍ധന അത്യാവശ്യങ്ങള്‍ക്ക് വാഹനം വാടകയ്ക്ക് വിളിക്കുന്ന സാധാരണക്കാര്‍ക്കു തന്നെയാണ് വന്‍ ബാധ്യതയാകുന്നത്.