മൂര്‍ക്കനാട് ഹോമിയോ ഡിസ്‌പെന്‍സറിയില്‍ പരാധീനതകളേറെ

Posted on: July 18, 2014 9:34 am | Last updated: July 18, 2014 at 9:35 am

കൊളത്തൂര്‍: മൂര്‍ക്കനാട് പടിഞ്ഞാറ്റും പുറത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ പരാധീനതകളേറെ ദിനം പ്രതി നിരവധി രോഗികള്‍ ചികിത്സ തേടിയെത്തുന്ന ഡിസ്‌പെന്‍സറി ആറ് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്.
ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാത്ത മൂര്‍ക്കനാട് പ്രദേശത്തുകാര്‍ക്ക് ഒരു ആശ്രയ കേന്ദ്രമെന്ന നിലക്ക് കഴിഞ്ഞ എല്‍ ഡി എഫ് ഭരണസമിതിയുടെ കാലത്ത് ആരഭിച്ച ഡിസ്‌പെന്‍സറിയെ പഞ്ചായത്ത് അധികൃതര്‍ അവഗണിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറിയില്‍ നിന്നു തിരിയാനിടമില്ല. റൂം അടിച്ചു വൃത്തിയാക്കുക രോഗികള്‍ക്ക് ടോക്കണും മരുന്നും നല്‍കുക എന്നിവക്ക് ഇവിടെ ആളില്ല എല്ലാത്തിനുമുള്ളത് ഒരു ഡോക്ടര്‍മാത്രം.
പരിശോധനക്കുള്ള സാമഗ്രികളും ഇവിടെ കുറവാണ്. ഡിസ്‌പെന്‍സറിക്ക് മുന്നിലുള്ള തകര്‍ന്ന ബോര്‍ഡ് മാറ്റിസ്ഥാപിക്കാന്‍ പോലും പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. കെട്ടിടം നിര്‍മിക്കുന്നതിനായി മൂര്‍ക്കനാട് തെനപ്പറമ്പില്‍ വേണ്ട സ്ഥലം കണ്ടെത്തിയിട്ടുണ്ടങ്കിലും നിര്‍മിക്കാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. എല്ലാവിധ ഹോമിയോ ചികിത്സയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ഒപ്പും പകര്‍പ്പും സാക്ഷ്യപ്പെടുത്തല്‍ മുതലായ സേവനങ്ങള്‍ ലഭ്യമാവുന്ന ഹോമിയോ ഡിസ്‌പെന്‍സറിയോട് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നു നാട്ടുകാര്‍ പറയുന്നു.