പരമ്പരാഗത വ്യവസായം ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യ ചര്‍ച്ചയാകും: ടെസ്സി തോമസ്‌

Posted on: July 17, 2014 1:54 am | Last updated: July 17, 2014 at 1:54 am

തിരുവനന്തപുരം: പരമ്പരാഗത വ്യവസായം മുഖ്യവിഷയമാക്കിയ 27 ാമത് ശാസ്ത്ര കോണ്‍ഗ്രസില്‍ ആലപ്പുഴയുടെ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്തുന്നതിനാണ് ഊന്നല്‍ നല്‍കുകയെന്ന് ശാസ്ത്ര കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസ്സി തോമസ്.് ജനുവരി 27 മുതല്‍ 30 വരെ ആലപ്പുഴയിലാണ് കോണ്‍ഗ്രസ്.
കയറും കൈത്തറിയും കശുവണ്ടിയും ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളുമായി ബന്ധപ്പെട്ട വ്യാവസായിക പ്രവര്‍ത്തനങ്ങളുടെയും വിഭവങ്ങളുടെയും പ്രാധാന്യവും സ്വാധീനവും ദൃഢപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുതകുന്ന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി പ്രത്യേക സെഷനും സയന്‍സ് കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രൊഫ. വി എന്‍ രാജശേഖരന്‍ പിള്ളയാണ് ശാസ്ത്രകോണ്‍ഗ്രസ് അധ്യക്ഷന്‍.
ഗവേഷകരും അധ്യാപകരും വിദ്യാര്‍ഥികളും വിദഗ്ധരും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. നാറ്റ്പാക്കിന്റെ സഹകരണത്തോടെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഗവേഷണ വികസന വിഭാഗം സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പരിപാടിയാണിത്. കൃഷി, ജൈവസാങ്കേതികവിദ്യ, കെമിക്കല്‍ സയന്‍സ്, എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, പരിസ്ഥിതി ശാസ്ത്രം, വനം വന്യജീവി, മത്സ്യബന്ധന, മൃഗ ശാസ്ത്രങ്ങള്‍, ജിയോ സയന്‍സ്, ആരോഗ്യശാസ്ത്രം, വിവരസാങ്കേതിക വിദ്യയും കമ്പ്യൂട്ടര്‍ സയന്‍സും, ലൈഫ് സയന്‍സ്, ഗണിത ശാസ്ത്രം, ഭൗതിക ശാസ്ത്രം, ശാസ്ത്ര വിദ്യാഭ്യാസം, ശാസ്ത്ര വിവരവിനിമയം, ശാസ്ത്രവും സമൂഹവും, ഗതാഗത എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകളിലെ തിരഞ്ഞെടുത്ത 14 വിഷയങ്ങളില്‍ പ്രതിനിധികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
മികച്ച പ്രബന്ധാവതരണത്തിന് 10,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന ബെസ്റ്റ് പേപ്പര്‍ അവാര്‍ഡ് നല്‍കും. കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുന്നതിനായി ഒരു ലക്ഷം രൂപയുടെ ധനസഹായവും വിജയികള്‍ക്ക് ലഭിക്കും. ശാസ്ത്ര സാങ്കേതിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കുന്ന യുവ ശാസ്ത്രജ്ഞരെ കേരള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം നല്‍കി ചടങ്ങില്‍ ആദരിക്കും. പുരസ്‌കാരത്തിന് പരിഗണിക്കാനുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടന്നതായിരിക്കണം.
ശാസ്ത്ര കോണ്‍ഗ്രസിന്റെ ലോഗോ, ലഘുലേഖ, വെബ്‌സൈറ്റ് എന്നിവയുടെ പ്രകാശനവും ഡോ. ടെസ്സി തോമസ് നിര്‍വഹിച്ചു. ശാസ്ത്രകോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രൊഫ. വി എന്‍ രാജശേഖരന്‍ പിള്ള, ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍, ശാസ്ത്ര കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനര്‍ ഡോ. കെ ആര്‍ ലേഖ, ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണും ബി ജി ശ്രീദേവി, വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ആഗസ്റ്റ് ആദ്യവാരം പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങളും www.ksc.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും.