സമഗ്ര അന്വേഷണം ആവശ്യമെന്ന് അമിക്കസ് ക്യൂറി

Posted on: July 16, 2014 1:17 am | Last updated: July 16, 2014 at 1:17 am

കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കേരളത്തിലെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനം ബാലനീതി നിയമത്തിന് വിരുദ്ധമാണെന്നും അമിക്കസ് ക്യൂറി അഡ്വ. ദേവന്‍ രാമചന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. കാലഹരണപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ അനാഥാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ അനുവദിച്ചിട്ടുള്ളത്. ബാലനീതി നിയമം പ്രാബല്യത്തില്‍ വന്നതോടെ അനാഥാലയങ്ങള്‍ ഈ നിയമ പ്രകാരമാണ് രജിസ്‌ട്രേഷന്‍ നേടേണ്ടത്. എന്നാല്‍ ഇതുവരെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച നടപടികള്‍ അനാഥാലയങ്ങള്‍ സ്വീകരിച്ചിട്ടില്ല. കുട്ടികളെ പാര്‍പ്പിക്കുന്നതിനും വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുന്നതിനും ബന്ധപ്പെട്ട ജില്ലാ ശിശുക്ഷേമ സമിതികളുടെ അനുമതി വേണം. അന്യസംസ്ഥാനങ്ങളിലെ കുട്ടികളുടെ കാര്യങ്ങള്‍ അതാത് സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശ പ്രകാരം മാത്രമേ കുട്ടികളെ മറ്റൊരു സംസ്ഥാനത്തെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാവുവെന്നും നിയമം അനുശാസിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ അനാഥരായി കണക്കാക്കാനാകില്ലെന്നും ഇവര്‍ക്ക് മാതാപിതാക്കള്‍ ഉണ്ടെന്നും ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പാരിതോഷികമോ പണമോ നല്‍കിയാവും കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കുട്ടികളെ ഏറ്റെടുക്കുന്നതെന്നും അമിക്കസ് ക്യൂറി ബോധിപ്പിച്ചു.

കുട്ടിക്കടത്ത് കേസില്‍ ആരോപണവിധേയമായ മുക്കം, വെട്ടത്തൂര്‍, മണാശ്ശേരി അനാഥാലയങ്ങളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയതായും രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം, ആധാര്‍ കാര്‍ഡ്, വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ വ്യാജരേഖകളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഝാര്‍ഖണ്ഡ് സ്വദേശികളായ സക്കീര്‍ അക്തര്‍, ഷഫീഖ് ഷേക്ക് എന്നിവരാണ് കുട്ടികളെ കടത്തുന്ന സംഘത്തിലെ പ്രധാന ഏജന്റുമാര്‍. കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിന് ഒത്താശ ചെയ്യുന്ന വ്യക്തികളും സംഘടനകളും കുട്ടികളെ അനുഗമിച്ചവരുടെ ക്രിമിനല്‍ പശ്ചാത്തലം, അനാഥാലയങ്ങളുടെ രജിസ്‌ട്രേഷന്‍, അതാത് സംസ്ഥാനങ്ങളിലെ ശിശുക്ഷേമ സമിതികളുടെ അനുമതിയോടെയാണോ കേരളത്തിലേക്ക് കുട്ടികളെ എത്തിച്ചത് എന്നീ കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്ന് അമിക്കസ് ക്യൂറി ശിപാര്‍ശ ചെയ്തു. കുട്ടികളുടെ സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച യു എന്‍ ഉടമ്പടിയും മറ്റ് നിയമ വ്യവസ്ഥകളും ഉള്‍ക്കൊള്ളിച്ച പ്രത്യേക റിപോര്‍ട്ടും അമിക്കസ് ക്യൂറി കോടതിക്ക് കൈമാറി. അതേ സമയം അമിക്കസ് ക്യൂറിയുടെ റിപോര്‍ട്ടിന് മറുപടി നല്‍കാന്‍ അഡ്വക്കറ്റ് ജനറല്‍ സാവകാശം തേടി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ തിരികെ അയക്കണമെന്നും ഇവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സന്നദ്ധസംഘടനയായ ‘തമ്പ്’ആണ് കോടതിയെ സമീപിച്ചത്.