Connect with us

International

ഇറാഖില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുന്നു

Published

|

Last Updated

സലീം അല്‍ ജുബുരി

ബഗ്ദാദ്: ഇറാഖിലെ രാഷ്ട്രീയ അസ്ഥിരതക്ക് വിരാമമിട്ട് പാര്‍ലിമെന്റ് സ്പീക്കറെ തിരഞ്ഞെടുത്തു. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പ്രഥമ ഔദ്യോഗിക ചുവടുവെപ്പാണ് ഇത്. സുന്നി നേതാവ് സലീം അല്‍ ജുബുരിയാണ് പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. 328 അംഗ പാര്‍ലിമെന്റില്‍ അദ്ദേഹത്തിന് 194 വോട്ടുകള്‍ ലഭിച്ചു.
അതേസമയം, സ്പീക്കറെ തിരഞ്ഞെടുത്തത്, വിശാലമായ രാഷ്ട്രീയ ഒത്തുതീര്‍പ്പുകളുടെ ഭാഗമായാണോയെന്നത് വ്യക്തമല്ല. പുതിയ പ്രസിഡന്റിനെ ഒരു മാസത്തിനുള്ളിലും പ്രധാനമന്ത്രിയെ 15 ദിവസത്തിനുള്ളിലുമാണ് തിരഞ്ഞെടുക്കേണ്ടത്. സ്പീക്കര്‍ സ്ഥാനം സുന്നി വിഭാഗത്തിനും പ്രസിഡന്റ് സ്ഥാനം കുര്‍ദുകള്‍ക്കും പ്രധാനമന്ത്രിയായി ശിയാക്കാരനും വരുമെന്ന ധാരണയാണ് നേതാക്കള്‍ക്കിടയില്‍ ഉണ്ടായതെന്നാണ് സൂചന. രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങള്‍ പിടിച്ചെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് വിമതര്‍ സമാന്തര ഖലീഫ ഭരണം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ടായിരുന്നു.
ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നൂരി അല്‍ മാലികിയുടെ സ്റ്റേറ്റ് ഓഫ് ലോ സഖ്യം വിജയിച്ചെങ്കിലും സര്‍ക്കാര്‍ രൂപവത്കരണം നടന്നിരുന്നില്ല. വിമതരുടെ ആക്രമണം തടയുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും പങ്കാളിത്തമുള്ള പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇറാഖിലെ ശിയാ പരമോന്നത നേതൃത്വമടക്കം സമ്മര്‍ദം ചെലുത്തിയിരുന്നു. ശിയാക്കാരനായ മാലികി സ്വന്തം സമുദായാംഗങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാറില്‍ പ്രാതിനിധ്യം നല്‍കിയിരുന്നത്. ഇതില്‍ രാജ്യത്തെ മറ്റ് പ്രബല കക്ഷികളായ സുന്നി, കുര്‍ദ് വിഭാഗങ്ങള്‍ കടുത്ത അതൃപ്തിയിലായിരുന്നു.