Connect with us

Gulf

എമിറേറ്റ്‌സ് റോഡിലെ ബസപകടം; മരണം മുഖാമുഖം കണ്ട തൊഴിലാളികള്‍ക്ക് ആദരം

Published

|

Last Updated

ദുബൈ:കഴിഞ്ഞ മെയില്‍ ദുബൈ എമിറേറ്റ്‌സ് റോഡില്‍ മിനിബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ തൊഴിലാളികളെ ദുബൈ പോലീസ് ആദരിച്ചു. രാജ്യത്ത് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ റോഡപകടത്തില്‍ പരുക്കേറ്റിരുന്ന 12 തൊഴിലാളികളെയാണ് ദുബൈ പോലീസിലെ മനുഷ്യാവകാശ വിഭാഗം ആദരിച്ചത്. താമസ സ്ഥലത്ത് നിന്ന് അതിരാവിലെ ജോലിസ്ഥലത്തേക്ക് മിനിബസില്‍ പോകുന്നതിനിടെയാണ് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ച് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ 13 പേരും രണ്ടാളുകള്‍ ആശുപത്രിയിലും വെച്ച് മരണപ്പെട്ടിരുന്നു. കൂട്ടുകാരുടെ മരണത്തിന് സാക്ഷിയായ 12 തൊഴിലാളികള്‍ പരുക്കേറ്റ് ദുബൈയിലെ വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായിരുന്നു. ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനു ശേഷം സുഖം പ്രാപിച്ചു സാധാരണ ജീവിതത്തിലേക്ക് മടങ്ങിയ ഇവരെ തൊഴിലാളികളെയാണ് പോലീസ് പ്രത്യേകം ആദരിച്ചത്. അപകടത്തില്‍ മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് ദുബൈ പോലീസ് സാമ്പത്തിക സഹായം നേരത്തെ നല്‍കിയിരുന്നു
രാഷ്ട്ര നിര്‍മാണത്തില്‍ അനല്‍പമായ പങ്കുവഹിക്കുന്നവരാണ് രാജ്യത്തെ തൊഴിലാളികള്‍. അവരുടെ സേവനം ഏറെ വിലപ്പെട്ടതാണ്. അപകടത്തില്‍പെട്ടവര്‍ ആരോഗ്യം വീണ്ടെടുത്ത് രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തിയതില്‍ ഏറെ സന്തോഷമുണ്ട്. തൊഴിലാളികളെ ആദരിക്കാനെത്തിയ പോലീസ് സംഘത്തിന്റെ തലവന്‍ ലഫ്. കേണല്‍ ആദില്‍ അഹ്മദ് അല്‍ കാഷ് പറഞ്ഞു. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തില്‍ തങ്ങള്‍ക്കും കുടുംബത്തിനും ആശ്വാസവുമായെത്തിയ ദുബൈ പോലീസിനോട് തീരാത്ത കടപ്പാടും നന്ദിയുമുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.

 

Latest