രാധ വധം: ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

Posted on: July 15, 2014 9:52 am | Last updated: July 15, 2014 at 9:52 am

മഞ്ചേരി: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ബിജു നായരുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വീണ്ടും തള്ളി.
രണ്ടാം പ്രതി കുന്നശ്ശേരി ശംസുദ്ദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2014 ഫെബ്രുവരി അഞ്ചിന് രാവിലെ ഒമ്പതര മണിക്കാണ് കേസിന്നാസ്പദമായ സംഭവം. കോണ്‍ഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികള്‍ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കില്‍ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കല്‍ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തിന് സമീപം ഉപേക്ഷിച്ചുവെന്നുമാണ് കേസ്. കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജഡ്ജി പ്രത്യേക ഉത്തരവു നല്‍കിയിട്ടുണ്ട്. പ്രാഥമിക വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 24ലേക്ക് മാറ്റി വെച്ചു.
ഒരു വര്‍ഷം മുമ്പ് രാധയെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസിന്റെ കുറ്റപത്രം ഇതേവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജി മാത്യു, പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ കെ ആര്‍ ഷൈന്‍, ആശാ ഷൈന്‍ എന്നിവര്‍ ഹാജരായി.