യു എ ഇയില്‍ 3.6 ലക്ഷം ട്വിറ്റര്‍ ഉപയോക്താക്കള്‍: ‘ട്രാ’ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

Posted on: July 14, 2014 8:49 pm | Last updated: July 14, 2014 at 8:49 pm

TWITTERഅബുദാബി: ട്വിറ്റര്‍ ഉപയോക്താക്കള്‍ ഭരണകൂടത്തെയും അതിന് നേതൃത്വം നല്‍കുന്നവരെയും രാഷ്ട്രീയ സ്ഥാപനങ്ങളെയും ബഹുമാനത്തോടുകൂടി കാണണമെന്ന് ടെലി കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ട്രാ) ആവശ്യപ്പെട്ടു. ഗവണ്‍മെന്റിന്റെ താത്പര്യങ്ങള്‍ക്ക് ഹാനികരമായുള്ള ഉള്ളടക്കങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ട്വിറ്റര്‍ പോസ്റ്റുകളില്‍ ഉണ്ടാകാന്‍ പാടില്ല.
3.6 ലക്ഷത്തോളം ആക്ടീവായ ട്വിറ്റര്‍ ഉപഭോക്താക്കള്‍ യു എ ഇയിലുണ്ടെന്നാണ് ട്രാ(ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി) റിപോര്‍ട്ട്. ഇവര്‍ 25 ലക്ഷം ട്വീറ്റുകളാണ് ദിനേന കൈമാറുന്നത്. സോഷ്യല്‍ മീഡിയ വൈറ്റ് പേപ്പേഴ്‌സ് എന്ന സോഷ്യല്‍ മീഡീയ ഉപയോഗവുമായി ബന്ധപ്പെട്ട ട്രാ കാമ്പയിന്റെ ഭാഗമായാണ് ഇക്കാര്യം ട്രാ പുറത്തുവിട്ടിരിക്കുന്നത്. 2013 ജനുവരി 10നും ജൂലൈ 10നും ഇടയില്‍ യു എ ഇയിലെ ട്വിറ്റര്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 19.2 ശതമാനം വര്‍ധനവാണ് സംഭവിച്ചത്. 3,05,056 ല്‍ നിന്ന് 3,63,624 ആയി ഉയര്‍ന്നു. അതായത് ഈ കാലയളവില്‍ ഉണ്ടായത് 58,568 പുതിയ ട്വിറ്റര്‍ ഉപഭോക്താക്കളെന്ന് ചുരുക്കം.
രാജ്യത്തെ ഉപഭോക്താക്കളില്‍ 52.05 ശതമാനവും അറബി ഭാഷയിലാണ് ട്വീറ്റ് ചെയ്യുന്നത്. 35.91 ശതമാനം ട്വീറ്റ് ചെയ്യാന്‍ ഇംഗ്ലീഷിനെ ആശ്രയിക്കുന്നു. ബാക്കിയുള്ളവര്‍ അവരുടേതായ പ്രാദേശിക ഭാഷകളെയും ഇതിനായി ഉപയോഗിക്കുന്നുവെന്നും ട്രായുടെ റിപോര്‍ട്ട് വ്യക്തമാക്കുന്നു. ട്വീറ്റ് ചെയ്യുന്നവര്‍ രാജ്യത്തെയും സര്‍ക്കാരിനെയും നേതാക്കളെയും രാഷ്ട്രീയ സ്ഥാപനങ്ങളെയും രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കണമെന്ന് ട്രാ ആവശ്യപ്പെട്ടു.
ആരോഗ്യകരമായ ട്വീറ്റുകളെക്കുറിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരെ ബോധവത്ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക, പൊതുവില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഹനിക്കുന്നതോ, അപകടത്തിലാക്കുന്നതോ, അപമാനിക്കുന്നതോ ആയ സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ ഒഴിവാക്കണമെന്നും ബോധവത്ക്കരണം ആവശ്യപ്പെടുന്നു.