മരിച്ചവര്‍ക്ക് വേണ്ടി നോമ്പ് ഖളാഅ് വീട്ടാമോ?

    Posted on: July 13, 2014 12:24 am | Last updated: July 13, 2014 at 12:24 am

    ramasan nilavപണ്ഡിതന്മാര്‍ സവിസ്തരം പ്രതിപാദിച്ച ഒരു മസ്അലയാണിത്. മരിച്ചവര്‍ക്കു വേണ്ടി അവരുടെ ബന്ധുക്കളോ താന്‍ അനുവാദം കൊടുത്തവരോ നോമ്പ് ഖളാഅ് വീട്ടല്‍ അനുവദനീയമാണ്. നോമ്പിനു പകരം മയ്യിത്തിന്റെ അനന്തര സ്വത്തില്‍ നിന്ന് ഒരു നോമ്പിനു ഒരു മുദ്ദ് എന്ന തോതില്‍ ഭക്ഷ്യവസ്തു കൊടുക്കുകയുമാകാം. പല ബന്ധുക്കള്‍ കൂടി ഒരു ദിവസം ഒന്നിച്ചു ഖളാഅ് വീട്ടിയാലും സാധുവാകും. മയ്യിത്തിന് അനന്തര സ്വത്ത് ഉണ്ടെങ്കില്‍, അനന്തരാവകാശിയായ ബന്ധുവിന്, സ്വന്തമായി നോമ്പ് ഖളാഅ് വീട്ടുകയോ മരിച്ചയാള്‍ അനുവാദം കൊടുത്തയാള്‍ക്ക് കൂലി കൊടുത്തോ അല്ലാതെയോ ഖളാഅ് വീട്ടിക്കുകയോ മുദ്ദ് കൊടുക്കുകയോ ചെയ്യല്‍ നിര്‍ബന്ധമാണ്. കൂലി കൊടുത്ത് നോമ്പ് വീട്ടാന്‍ അദ്ദേഹത്തിന് ആര്‍ക്കെങ്കിലും അനുവാദം കൊടുക്കാവുന്നതുമാണ്. പക്ഷേ കൂലി മുദ്ദിനേക്കാള്‍ കൂടുതലാകുകയാണെങ്കില്‍ മറ്റു അനന്തരാവകാശികളുടെ അനുവാദം ആവശ്യമാണ്.

    എന്നാല്‍ നോമ്പും സകാത്തും ഹജ്ജുമൊന്നും മരണത്തിന് ശേഷത്തേക്ക് മാറ്റിവെക്കേണ്ട അവസ്ഥ വരരുത്. മരണ ശേഷം വീട്ടി എന്നു കരുതി അനുഷ്ഠിക്കാത്ത കുറ്റം ഒഴിവാകുകയില്ല. ഖളാഅ് വീട്ടുക എന്ന ബാധ്യത നിര്‍വഹിക്കപ്പെടുകയേ ഉള്ളൂ. അത് അനന്തരവകാശികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ അനര്‍ഹമായ സമ്പത്ത് കൈകാര്യം ചെയ്തവരാകും. അതുകൊണ്ട് കൊടുത്തു തീര്‍ക്കല്‍ അനിവാര്യമാണ്.
    ഫര്‍ളായ അമലുകള്‍ നഷ്ടപ്പെട്ടു പോയ ആളുകള്‍ അക്കാര്യത്തില്‍ പശ്ചാത്തപിക്കുന്ന പക്ഷം ആ കുറ്റം അല്ലാഹു പൊറുത്തേക്കാം. പാപത്തില്‍ നിന്ന് പശ്ചാത്തപിക്കുന്നവന്‍ പാപം ചെയ്യാത്തവനെ പോലെയാണെന്നാണല്ലോ തിരുമൊഴി. പക്ഷേ, ഫര്‍ളുകള്‍ വീട്ടിയതിനു ശേഷമായിരിക്കണം തൗബ ചെയ്യേണ്ടത്. നിസ്‌കാരം ഖളാ ഉള്ളവന്‍ അത് മുഴുവനും വീട്ടിയതിനു ശേഷമാണ് തൗബ ചെയ്യേണ്ടത്. കുറേ കാലത്തെ നിസ്‌കാരം ഖളാ ഉള്ളവരുണ്ടാകും. അവര്‍ക്ക് ഭക്ഷണം, പ്രാഥമികാവശ്യങ്ങള്‍, അനിവാര്യമായ ഉറക്കം, തനിക്കും കുടുംബത്തിനും ജീവിക്കാനാവശ്യമായ ജോലി എന്നിങ്ങനെയുള്ള അനിവാര്യ സമയങ്ങള്‍ മാറ്റിവെച്ച് മറ്റു മുഴു സമയവും ഈ നിസ്‌കാരം ഖളാഅ് വീട്ടേണ്ടതിലേക്ക് തിരിക്കണമെന്നാണ് പണ്ഡിതന്മാര്‍ പഠിപ്പിച്ചിട്ടുള്ളത്. സുന്നത്ത് നിസ്‌കാരം പോലും ഒഴിവാക്കി ഫര്‍ള് നിസ്‌കാരം ഖളാഅ് വീട്ടാന്‍ വേണ്ടി വിനിയോഗിക്കണം.
    നോമ്പ് വീട്ടാനുള്ളവരും വീട്ടണം. ഒപ്പം മുദ്ദ് കൊടുക്കാനുള്ളവര്‍ അതും കൊടുത്തു വീട്ടണം. അതേ കുറിച്ച് നേരത്തെ വിശദീകരിച്ചതാണല്ലോ. സകാത്തും ഇങ്ങനെ തന്നെയാണ്.’സ്വര്‍ണവും വെള്ളിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യയം ചെയ്യാതെ ശേഖരിക്കുന്നവര്‍ക്ക് വേദനാപൂര്‍ണമായ ശിക്ഷയെക്കുറിച്ച് സുവിശേഷമറിയിക്കുക! നരകത്തിന്റെ അഗ്നിയില്‍ അവ ചൂടാക്കപ്പെടുകയും അതുകൊണ്ടവരുടെ നെറ്റിത്തടങ്ങളും പാര്‍ശ്വങ്ങളും മുതുകുകളും പൊള്ളിക്കുന്ന ദിവസം അവരോട് പറയപ്പെടും, ഇതാണു നിങ്ങള്‍ നിങ്ങള്‍ക്കായി സൂക്ഷിച്ചുവെച്ചത്. നിങ്ങള്‍ നിക്ഷേപിച്ചു വെച്ചത് നിങ്ങള്‍ രുചിച്ചേക്കുക.’ (അത്തൗബ 34-35) എന്ന സൂക്തം സകാത്ത് കൊടുത്തുവീട്ടാത്തവര്‍ക്കുള്ള ശിക്ഷയാണ് വിശദീകരിക്കുന്നത്. അപ്പോള്‍ നഷ്ടപ്പെട്ട ഓരോ വര്‍ഷത്തെയും സകാത്ത് കണക്കാക്കി കൊടുത്തു വീട്ടേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ പശ്ചാത്താപം പ്രസക്തമാകൂ.