Connect with us

Gulf

ഖത്തറില്‍ ബാങ്ക് എക്കൌണ്ട് വഴി ശമ്പളം: നിയമം കര്‍ശനമാക്കും

Published

|

Last Updated

qatharദോഹ:രാജ്യത്തെ തൊഴിലാളികള്‍ക്ക് അവരുടെ വേതനം കൃത്യസമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമായി.അതിന്റെ ഭാഗമായി ശമ്പളം എക്കൌണ്ടില്‍ നിക്ഷേപിക്കാന്‍ നിഷ്‌കര്‍ഷിക്കുന്ന പുതിയ നിയമത്തിന്റെ കരടിനു ഉപപ്രധാനമന്ത്രി അഹമദ് ബിന്‍ അബ്ദുള്ള അല്‍ മഹമൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് അംഗീകരിച്ചു.”വേതന സംരക്ഷണ പദ്ധതി” യുള്‍പ്പെടെ ഖത്തര്‍ തൊഴില്‍നിയമം 14/2004 ല്‍ ഒട്ടേറെ ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്.

വാര്‍ഷിക, മാസ ശമ്പള വ്യവസ്ഥകളില്‍ ജോലിയിലേര്‍പ്പെടുന്നവരുടെ ശമ്പളം മാസം തോറും മുറ തെറ്റാതെ ബാങ്ക് എക്കൌണ്ടില്‍ തൊഴില്‍ ദാതാവ് നിക്ഷേപിക്കേണ്ടി വരും. അല്ലാത്തവരുടെ ശമ്പളം രണ്ടാഴ്ച്ചയില്‍ ഒരിക്കലായിരിക്കും ബാങ്കില്‍ നിക്ഷേപിക്കേണ്ടി വരിക. നിയമലംഘനത്തിനു നല്‍കുന്ന ശിക്ഷ സംബന്ധിച്ച് തീരുമാനമൊന്നും വന്നിട്ടില്ല.നിയമം സാധുതയോടെ നിലവില്‍ വരാന്‍ അമീറിന്റെയും ഉപദേശകസമിതിയുടെയും അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെയും തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റേയും സംയുക്തസഹകരണത്തോടെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിനാണ് ഈ സംവിധാനം നടപ്പിലാക്കാനുള്ള ചുമതല ഉണ്ടാവുക. സുരക്ഷിതമായ പുതിയ വേതന വിതരണ സംവിധാനം എപ്പോള്‍ തുടങ്ങുമെന്ന് പറയാറായിട്ടില്ല. വ്യത്യസ്തമായ മൂന്നു ഘട്ടങ്ങളിലായി നടപ്പില്‍ വരുത്താനാണ് സാധ്യതയെന്നറിയുന്നു. ആദ്യ ഘട്ടത്തില്‍ 500 ല്‍ കൂടുതല്‍ തൊഴിലാളികളുള്ള കമ്പനികളിലും രണ്ടാം ഘട്ടത്തില്‍ 100 നും 500 നുമിടയില്‍ തൊഴിലാളികളുളള കമ്പനികളിലും നടപ്പിലാക്കി തുടങ്ങും.മൂന്നാം ഘട്ടത്തില്‍ 100 ല്‍ താഴെ തൊഴിലാളികളുളള കമ്പനികള്‍ക്കും നിയമം ബാധകമാക്കും.