Connect with us

Ongoing News

പാറ്റൂര്‍ ഫ്‌ളാറ്റ് നിര്‍മാണം: വകുപ്പുകളുടെ കണക്കില്‍ വൈരുദ്ധ്യം

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാനത്ത് പാറ്റൂരില്‍ സ്വകാര്യകമ്പനിയുടെ ഫഌറ്റ് നിര്‍മാണത്തില്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനം കണ്ടെത്തിയതായി നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി. ഈ സാഹചര്യത്തില്‍ നിര്‍രാണത്തിലെ അപാകങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് ടൗണ്‍പ്ലാനറെ (വിജിലന്‍സ്) ചുമതലപ്പെടുത്തിയതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. അതേസമയം, സ്വകാര്യ കമ്പനി കൈയേറിയ പുറമ്പോക്ക് ഭൂമി എത്രയെന്നതില്‍ റവന്യൂ വകുപ്പും നഗരകാര്യവകുപ്പും വ്യത്യസ്ത കണക്കാണ് നല്‍കിയത്. 16.5 സെന്റ് ഭൂമി പുറമ്പോക്കുണ്ടെന്ന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി വിശദീകരിച്ചപ്പോള്‍ 9.661 സെന്റാണ് പുറമ്പോക്കെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കി.

ചീഫ് ടൗണ്‍ പ്ലാനറുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തെ സംബന്ധിച്ച് നിരവധി പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതിനും വസ്തുവിന്റെ അംഗീകൃത സര്‍വേ സ്‌കെച്ച് ഹാജരാക്കാനും ആര്‍ടെക് റീല്‍ട്ടേഴ്‌സ് ഉടമ അശോകിന് തിരുവനന്തപുരം നഗരസഭ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് നോട്ടീസ് നല്‍കിയതായും മന്ത്രി അറിയിച്ചു.
വഞ്ചിയൂര്‍ വില്ലേജില്‍ 1804 മുതല്‍ 1833 വരെയുള്ള 15 സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട 225 സെന്റ് സ്ഥലത്ത് 9318.18 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരു ഷോപ്പിംഗ് മാള്‍ നിര്‍മിക്കുന്നതിനും 18736.38 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കുന്നതിനും 2011 മെയ് മൂന്നിനാണ് നഗരസഭ അനുമതി നല്‍കിയത്. പെര്‍മിറ്റിനായി അപേക്ഷിക്കുമ്പോള്‍ നിര്‍മാണം നടത്തുന്ന വസ്തുവിന്റെ അളവ് 225 സെന്റ് ആണെന്ന് കാണിച്ചിരിക്കുന്നുവെങ്കിലും 209 സെന്റിനുള്ള കരം അടച്ച രസീതാണ് അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്നത്. അതായത് 16.5 സെന്റ് റവന്യൂ പുറമ്പോക്ക് കൂടി ഉള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയത്. വസ്തുവിന്റെ പ്രമാണങ്ങളും മറ്റ് ബന്ധപ്പെട്ട രേഖകളും കൃത്യമായി പരിശോധിക്കുകയോ സ്ഥലപരിശോധന നടത്തുകയോ ചെയ്യാതെയാണ് നഗരസഭ ഇത് കൈകാര്യം ചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. പെര്‍മിറ്റ് നല്‍കിയതില്‍ തിരുവനന്തപുരം നഗരസഭയുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്.
225 സെന്റ് ഭൂമി ഉണ്ടെന്നുള്ള നിഗമനത്തിലാണ് ചീഫ് ടൗണ്‍ പ്ലാനര്‍ രൂപരേഖക്ക് അനുമതി നല്‍കിയത.് 2011 ഡിസംബര്‍ 24 ന് നഗരസഭ കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റും നല്‍കി. ചട്ടപ്രകാരം രേഖകള്‍ പരിശോധിക്കേണ്ടത് നഗരസഭയാണ്. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് കാലാവധി നിലനില്‍ക്കെ തന്നെ കെട്ടിട ഉടമ 2013 ഒക്‌ടോബര്‍ ഏഴിന് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ നഗരസഭക്ക് സമര്‍പ്പിച്ചു. പെര്‍മിറ്റ് പുതുക്കുന്നതിനായി അപേക്ഷയില്‍ സ്ഥലത്തിന്റെ വിസ്തീര്‍ണം 208.5 ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവശ്യം വേണ്ട പല രേഖപ്പെടുത്തലുകളും ഈ അപേക്ഷയില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും നഗരസഭ പുതുക്കിയ പെര്‍മിറ്റ് നല്‍കുകയായിരുന്നെന്നും മന്ത്രി അലി അറിയിച്ചു.
എന്നാല്‍ റവന്യുമന്ത്രി അടൂര്‍പ്രകാശ് സഭയില്‍ നല്‍കിയ മറുപടിയില്‍ കമ്പനിയുടെ കൈവശം 9.661 സെന്റ് പുറമ്പോക്ക് മാത്രമാണുള്ളതെന്നാണ് വ്യക്തമാക്കിയത്. തോട്ടുപുറമ്പോക്കാണ് ഈ സ്ഥലമെന്നാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തില്‍ നാലംഗ സമിതിയെ ചുമതലപ്പെടുത്തി.
ഈ സമിതി റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍വേ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ചുള്ള തുടര്‍ നടപടിയെടുത്തു വരുന്നുണ്ട്. സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Latest