എക്കാലത്തേയും സമ്പൂര്‍ണ താരം റൊണാള്‍ഡോ : ക്ലോസെ

Posted on: July 12, 2014 8:06 am | Last updated: July 12, 2014 at 8:06 am

CLOSEസാന്റോ ആന്ദ്രെ: ലോകഫുട്‌ബോളിലെ എക്കാലത്തേയും സമ്പൂര്‍ണ താരം ബ്രസീലിന്റെ റൊണാള്‍ഡോയാണെന്ന് ജര്‍മന്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെ. താന്‍ ഇറ്റലിയിലെവിടെ ചെന്നാലും ഒരു കാര്യം പറയാറുണ്ട്. ഇറ്റലിയില്‍ കളിച്ച എക്കാലത്തേയും മികച്ച താരം റൊണാള്‍ഡോ ആണെന്ന്. തന്നെ സംബന്ധിച്ചിടത്തോളം സമ്പൂര്‍ണ ഫുട്‌ബോളര്‍ അദ്ദേഹമാണ് – ക്ലോസെ പറഞ്ഞു. ജര്‍മനിയില്‍ വെര്‍ഡര്‍ ബ്രെമന്‍, ബയേണ്‍ മ്യൂണിക് ക്ലബ്ബുകളില്‍ കളിച്ച ക്ലോസെ ഇപ്പോള്‍ ഇറ്റലിയില്‍ ലാസിയോയുടെ താരമാണ്. ലോകകപ്പില്‍ പതിനാറ് ഗോളുകള്‍ നേടി, റൊണാള്‍ഡോയുടെ 15 ഗോളുകളുടെ റെക്കോര്‍ഡ് ക്ലോസെ തകര്‍ത്തിരുന്നു. എന്നാല്‍, ഈ നേട്ടത്തിലും ക്ലോസെ ഓര്‍മപ്പെടുത്തുന്നു റൊണാള്‍ഡോ ആരായിരുന്നുവെന്ന്.