Connect with us

Gulf

ദുബൈ ടാക്‌സികളില്‍ അടുത്ത വര്‍ഷം സ്പീഡ് സെന്‍സര്‍ വ്യാപകമാക്കും

Published

|

Last Updated

ദുബൈ: അടുത്ത വര്‍ഷം മുതല്‍ ദുബൈയില്‍ ഓടുന്ന മുഴുവന്‍ ടാക്‌സികളിലും സ്പീഡ് സെന്‍സറുകള്‍ ഘടിപ്പിക്കുമെന്ന് ആര്‍ ടി എ വ്യക്തമാക്കി. അമാന്‍ എന്ന പേരിലായിരിക്കും ദുബൈയിലെ 450 ഹല ടാക്‌സികള്‍ ഉള്‍പ്പെടെ 9,292 ടാക്‌സികളിലും സ്പീഡ് സെന്‍സര്‍ ഘടിപ്പിക്കുക. 2013ല്‍ ഏതാനും ടാകസികളില്‍ ഇത് ഘടിപ്പിച്ചിരുന്നു. പദ്ധതി വിജയമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് മുഴുവന്‍ ടാക്‌സികളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ ആര്‍ ടി എ ഒരുങ്ങുന്നത്. സെന്‍സര്‍ ഘടിപ്പിക്കുന്നതിലൂടെ അമിത വേഗത്തിന് പരിഹാരമാവുമെന്നാണ് ആര്‍ ടി എ പ്രതീക്ഷിക്കുന്നത്. പരീക്ഷണാര്‍ഥം അമന്‍ സ്പീഡ് സെന്‍സര്‍ ഘടിപ്പിച്ചവയില്‍ അമിതവേഗവുമായി ബന്ധപ്പെട്ട പിഴയില്‍ വന്‍ കുറവാണ് സംഭവിച്ചത്.
ടാക്‌സി കാറുകളുടെ എഞ്ചിനിലാണ് അമന്‍ ഘടിപ്പിക്കുന്നത്. ഇതോടെ കാറിന്റെ വേഗം നിയന്ത്രിക്കപ്പെടും. അശ്രദ്ധമായും അപകടകരമാംവണ്ണവും വാഹനം ഓടിക്കുന്നതിനും ഇതിലൂടെ ശാശ്വതമായ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ അമന്‍ ഘടിപ്പിക്കല്‍ വിരല്‍ചൂണ്ടുന്നത്. റോഡില്‍ മണിക്കൂറില്‍ നിശ്ചയിക്കപ്പെട്ട വേഗ പരിധിയും കഴിഞ്ഞ് 20 കിലോമീറ്ററോളം കൂടുന്ന അവസ്ഥയില്‍ ഡ്രൈവര്‍ വേഗം കുറക്കാന്‍ തയ്യാറായില്ലെങ്കില്‍ വാഹനം മുന്നറിയിപ്പ് നല്‍കും.
60 സെക്കന്റിനകം വേഗം അനുവദനീയമായതിലേക്ക് കുറക്കാന്‍ സാധിക്കുമെന്നതാണ് സ്പീഡ് സെന്‍സറിന്റെ പ്രത്യേകത. കഴിഞ്ഞ വര്‍ഷം അമാന്‍ നടപ്പാക്കാന്‍ ആരംഭിച്ചിരുന്നുവെന്നും ഇത് വന്‍ വിജയമായെന്നും ആര്‍ ടി എയുടെ പൊതു ഗതാഗത വിഭാഗം സി ഇ ഒ ഡോ. യൂസുഫ് അല്‍ അലി വ്യക്തമാക്കി. ജി പി എസ് സഹായത്തോടെയാവും ടാക്‌സികളെ നിയന്ത്രിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.