Connect with us

National

വിചാരണാ കോടതി ഉത്തരവ് റദ്ദാക്കണം: ഷീലാ ദീക്ഷിത്

Published

|

Last Updated

ന്യുഡല്‍ഹി: കൈക്കൂലി കേസില്‍ തനിക്കെതിരെ എഫ് ഐ ആര്‍ തയ്യാറാക്കാനുള്ള വിചാരണാ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഡല്‍ഹി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഇത്തരം നടപടി ഒരു ഗവര്‍ണര്‍ക്കെതിരെ തുടരാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഗവര്‍ണറായ ഷീലാ ദീക്ഷിതിന്റെ വാദം.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 361(2) പ്രകാരം ഒരു ഗവര്‍ണര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ എടുക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് ഷീലാ ദീക്ഷിതിന് വേണ്ടി ഹാജരായ അഡ്വ. എം പ്രച്ച ചൂണ്ടിക്കാട്ടി.
ഈ ആര്‍ട്ടിക്കിള്‍ അനുസരിച്ച് രാഷ്ട്രപതിക്കോ സംസ്ഥാന ഗവര്‍ണര്‍ക്കെതിരെ അവര്‍ തല്‍സ്ഥാനങ്ങളില്‍ തുടരുന്നേടത്തോളം കാലം എന്തെങ്കിലും ക്രിമിനല്‍ നടപടികള്‍ എടുക്കുകയോ തുടരുകയോ ചെയ്യാന്‍ പാടില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പരാതിക്കാരനായ ബി ജെ പി നേതാവ് വിജേന്ദര്‍ ഗുപ്തയുടെ അഭിഭാഷകന് അസുഖം കാരണം ഹാജരാകാന്‍ കഴിയാതെ വന്നതിനാല്‍ ജസ്റ്റിസ് സുനില്‍ ഗൗറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് കേസിന്റെ പരിഗണന ജൂലൈ 23ലേക്ക് മാറ്റി.
2008 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പരസ്യങ്ങള്‍ വഴിയുള്ള പ്രചാരണത്തിന് ദീക്ഷിത് ഭരണകൂടം പൊതുഫണ്ടില്‍ നിന്നും 22.56 കോടി രൂപ ദുര്‍വ്യയം ചെയ്തുവെന്നാരോപിച്ചാണ് ഗുപ്ത പരാതി നല്‍കിയത്. ഇത് പ്രകാരം ദീക്ഷിതിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിചാരണാ കോടതി ഉത്തരവിടുകയായിരുന്നു.