Malappuram
'കരുണാ നാളുകളില്‍ കാരുണ്യക്കൈനീട്ടം' എസ് വൈ എസ് റിലീഫ് ഡേ നാളെ

മലപ്പുറം: “കരുണാ നാളുകളില്‍ കാരുണ്യക്കൈനീട്ടം” എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നാളെ റിലീഫ്‌ഡേ ആചരിക്കും.
എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ സംസ്ഥാന വ്യാപമായി നടത്തിവരുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ദിനാചരണം നടത്തുന്നത്. മെഡിക്കല്‍ കോളജുകള്‍, ജില്ലാ, താലൂക്ക് ആശുപത്രികള്‍, സാന്ത്വനം ക്ലിനിക്കുകള്‍ കേന്ദ്രീകരിച്ചും മറ്റും സംസ്ഥാന വ്യാപകമായി വിപുലമായ പ്രവര്‍ത്തനങ്ങളാണ് എസ് വൈ എസ് സാന്ത്വനത്തിന് കീഴില്‍ നടന്നു വരുന്നത്. ആശുപത്രികള്‍ കേന്ദ്രീകരിച്ച് പൂര്‍ണ്ണമായും സൗജന്യ നിരക്കിലും നടത്തികൊണ്ടിരിക്കുന്ന ആംബുലന്‍സ് സേവനം, മരുന്ന്, ഭക്ഷണ വിതരണം തുടങ്ങി വിവിധ സേവന പ്രവര്‍ത്തങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ ഭീമമായ സംഖ്യയാണ് ചെലവഴിക്കുന്നത്.
നിത്യരോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ ലഭ്യമാക്കുന്ന സാന്ത്വനം മെഡിക്കല്‍ കാര്‍ഡുള്‍ നിര്‍ധനരായ രോഗികള്‍ വലിയ ആശ്വാസമാണ്. ഈ പദ്ധതിക്കും വലിയ കരുതിയിരുപ്പ് ആവശ്യമാണ്.
ഇരുപതിനായിരത്തോളം പേര്‍ക്ക് ഇതിനകം പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും സാന്ത്വനത്തിന് കീഴില്‍ നടന്നു വരുന്നു. നൂറ് കണക്കിന് അപേക്ഷകളാണ് സഹായമഭ്യര്‍ത്ഥിച്ച് ഓരോ മാസവും സംസ്ഥാന, ജില്ലാ ഓഫീസുകളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പദ്ധതികള്‍ നിലനിര്‍ത്തുന്നതിനും വ്യാപകമാക്കുന്നതിനും വ്യാപകമായ കളക്ഷനാണ് വിവിധ ഘടകങ്ങളില്‍ സാന്ത്വന സമതിതികളുടെ നേതൃത്വത്തില്‍ നടക്കുക.
സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സാന്ത്വന സേവന വന്‍ മുന്നേറ്റത്തിന് സഹായകമാകുന്ന മെഗാ പദ്ധതികളെ പ്രചോദനമാക്കി സംസ്ഥാന നിധിയിലേക്കുള്ള ഫണ്ട് ശേഖരണം ഊര്‍ജിതമാക്കാന്‍ ശക്തമായ ഒരുക്കമാണ് ജില്ലയിലെ മുഴുവന്‍ ഘടകങ്ങളിലും നടത്തിയിട്ടുള്ളത്. പള്ളികളും കടകളും കേന്ദ്രീകരിച്ചും, വീടും കടയും കയറിയിറങ്ങിയും മുഴുവന്‍ ആളുകളിലും സാന്ത്വന പ്രവര്‍ത്തനങ്ങള്‍ പരിചയപെടുത്തുന്നതിനും ഫണ്ട് ശേഖരിക്കുന്നതിനും യൂനിറ്റ് തലത്തില്‍ പ്രത്യേകം സ്‌ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.
ബക്കറ്റ് കളക്ഷനിലൂടെയും കൂപ്പണ്‍ മുഖേനയും ഓരോ യൂനിറ്റില്‍ നിന്നും പരമാവധി സംഖ്യ സ്വരൂപിച്ച് സംസ്ഥാന കമ്മിറ്റിക്ക് നല്‍കും.
റിലീഫ് ഡേ കളക്ഷന്‍ ജില്ലാ തല ഉദ്ഘാടനം വെന്നിയൂരില്‍ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്നു, സോണ്‍ തല ഉദ്ഘാടനങ്ങള്‍ ഇന്ന് നടക്കും. ശേഖരിച്ച സംഖ്യ പതിനെട്ടാം തീയതി യൂനിറ്റ് പ്രതിനിധികള്‍ സോണ്‍ കേന്ദ്രത്തിലെത്തിക്കണം.