നാല് മലയാളികള്‍ കൂടി ഇറാഖില്‍ നിന്ന് തിരിച്ചെത്തി

Posted on: July 9, 2014 12:58 am | Last updated: July 8, 2014 at 11:58 pm

നെടുമ്പാശ്ശേരി: ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് ഇറാഖിലെ ബഗ്ദാദിലെ അല്‍ എല്‍വിയ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരായ മൂന്ന് പേരും ഒരു നിര്‍മാണ തൊഴിലാളിയുമടക്കം നാല് പേര്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. പത്തനംതിട്ട സ്വദേശികളായ ആര്യ, സിഞ്ജു മാത്യു, കോട്ടയം കൈപ്പുഴ സ്വദേശി ജിഷ, നിര്‍മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷ് കുട്ടപ്പന്‍ എന്നിവരാണ് ഫ്‌ളൈ ദുബൈ വിമാനത്തില്‍ ഇന്നലെ പുലര്‍ച്ചെ എത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന ബഗ്ദാദില്‍ കാലാപം കാര്യമായി പടര്‍ന്നിട്ടില്ലായെന്നും ബന്ധുക്കളെ വിഷമിപ്പിച്ച് കഴിയുന്നതിന് മനസ്സ് അനുവദിക്കാത്തതിനാലാണ് ജോലി ഉപേക്ഷിച്ച് തിരികെ പോരാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറഞ്ഞു. ആഭ്യന്തര കലാപം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുന്ന സ്ഥിതിയാണ് ഇറാഖില്‍ ഇപ്പോള്‍ ഉള്ളതെന്നും അതിനാല്‍ കലാപം വ്യാപിക്കാത്ത മേഖലകളില്‍ നിന്നുപോലും വിദേശികള്‍ മടങ്ങാനുള്ള തയാറെടുപ്പിലാണെന്നും ഇവര്‍ പറഞ്ഞു. ഇറാഖില്‍ നിന്നും ദുബൈയില്‍ എത്തിയതിനുശേഷം അവിടെ നിന്നാണ് കൊച്ചിയിലെത്തിയത്.് ഇറാഖിലെ ഒരു ആശുപത്രിയില്‍ കുടുങ്ങിയ 19 മലയാളികള്‍ അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരെല്ലാവരും വളരെയധികം പണം മുടക്കി ഇറാഖിലേക്ക് പോയിട്ട് വളരെ കുറച്ചുനാളുകളെ ആയിട്ടുള്ളൂ. ചെലവാക്കിയ പണം പോലും സമ്പാദിക്കാന്‍ കഴിയാതെ വെറും കൈയോടെയാണ് പലരും നാട്ടിലേക്ക് തിരിച്ചെത്തുന്നത്.