ജീവിതം ദുരിതമയം; എയര്‍ കണ്ടീഷന്‍ വീണ്ടും പ്രവര്‍ത്തന രഹിതമായി

Posted on: July 8, 2014 10:29 pm | Last updated: July 8, 2014 at 10:29 pm

New Imageഅബുദാബി: താമസകേന്ദ്രത്തിലെ ഏകീകൃത എയര്‍ കണ്ടീഷന്‍ വീണ്ടും പ്രവര്‍ത്തന രഹിതമായി. അബുദാബി എയര്‍പോര്‍ട്ട് റോഡില്‍ അബുദാബി ഇസ്‌ലാമിക് ബേങ്കിന് സമീപത്തെ കെട്ടിടത്തിലെ എ സി പ്രവര്‍ത്തനം നിലച്ചത് വാര്‍ത്തയായിരുന്നു. വിവിധ മന്ത്രാലയത്തില്‍ നല്‍കിയ പരാതി കാരണം ഉടമ അറ്റകുറ്റപണി നടത്തിയെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം എ സി വീണ്ടും പ്രവര്‍ത്തന രഹിതമായി. മുപ്പതോളം വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ പതിനെട്ട് കുടുംബങ്ങളാണ് താമസിക്കുന്നത്. ഒരു മാസം പ്രായമുള്ള കുട്ടി മുതല്‍ മുപ്പതോളം കുട്ടികള്‍ ഈ കെട്ടിടത്തിലെ വിവിധ ഫഌറ്റുകളില്‍ താമസിക്കുന്നുണ്ട്.
എ സി പ്രവര്‍ത്തനം നിലച്ചതിനെതിരെ നഗരസഭ, പോലീസ് എന്നിവിടങ്ങളില്‍ താമസക്കാര്‍ പരാതി നല്‍കുകയുണ്ടായി. രണ്ട് മാസത്തോളം എ സി പ്രവര്‍ത്തനം നിലച്ച വിവരം ‘സിറാജ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില ഫഌറ്റുകളിലെ താമസക്കാര്‍ സ്വന്തം കാശ് മുടക്കി എ സി സ്ഥാപിച്ചിട്ടുണ്ട്. ചൂടിന്റെ കാഠിന്യം വര്‍ധിച്ചത് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഏറെ അസഹ്യമാണെന്നതാണ് ഗുരുതരമെന്ന് ഇവിടെയുള്ള താമസക്കാര്‍ പറയുന്നു.
ഇവിടെ താമസിക്കുന്നവരില്‍ പലര്‍ക്കും വാടകക്കരാറില്‍ ആറുമാസത്തിന് മുകളില്‍ കാലാവധി ബാക്കിയുണ്ട്. പതിനെട്ടോളം കുടുംബങ്ങളുടെ ദുരിതമയമായ ജീവിതത്തില്‍ സന്നദ്ധ സംഘടനകള്‍ ഇടപെടണമെന്നാണ് താമസക്കാര്‍ പറയുന്നത്.