മെര്‍സ് രോഗബാധ: കൂടുതല്‍ ജാഗ്രതക്ക് നിര്‍ദേശം

Posted on: July 8, 2014 12:58 am | Last updated: July 8, 2014 at 12:58 am

MERCEകണ്ണൂര്‍: സഊദി അറേബ്യയുള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) രോഗബാധ നൂറുകണക്കിന് ആളുകളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി പ്രവാസികള്‍ നിത്യേനയെന്നോണം സംസ്ഥാനത്തേക്ക് എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം. വിമാനത്താവളങ്ങളിലുള്‍പ്പെടെ കഴിഞ്ഞ മാസം മുതല്‍ തുടങ്ങിയ നിരീക്ഷണങ്ങള്‍ക്ക് പുറമെ മുഴുവന്‍ ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും രോഗവിവരം സംബന്ധിച്ച മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. രോഗ നിരീക്ഷണത്തിനും പ്രതിരോധത്തിനും പ്രതിരോധ ചികിത്സക്കുമുള്ള തയാറെടുപ്പുകള്‍ എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്ത് എത്തുന്ന പ്രവാസികളില്‍ ശക്തമായ പനി, ചുമ, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി നിരീക്ഷിക്കും. രോഗലക്ഷണങ്ങളുമായെത്തുന്നവര്‍ക്ക് പരിപൂര്‍ണ ചികിത്സയും വിശ്രമവും നല്‍കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. രോഗലക്ഷണം പ്രകടിപ്പിച്ചെത്തിയ 46 പേരെ സംശയത്തിന്റെ പേരില്‍ ഇതിനകം പരിശോധന നടത്തി. എന്നാല്‍ ആര്‍ക്കും രോഗം പിടിപെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവില്‍ എച്ച് വണ്‍ എന്‍ വണ്‍ രോഗം തിരിച്ചറിയാന്‍ അവലംബിക്കുന്ന മാര്‍ഗങ്ങള്‍ തന്നെയാണ് മെര്‍സ് ബാധ കണ്ടെത്താനും സ്വീകരിക്കുന്നത്. രോഗ ലക്ഷണം പ്രകടിപ്പിക്കുന്നവരുടെ സ്രവങ്ങളുടെ പരിശോധന മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലുള്‍പ്പെടെ അയച്ചാണ് നടത്തുന്നത്.
അതേസമയം സംസ്ഥാനത്ത് എത്തുന്നവരില്‍ രോഗബാധയുണ്ടോയെന്ന് തിരിച്ചറിയാനായി വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെയുള്ള പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ വിമാനത്തിലും വിമാനത്താവളത്തിനകത്തും രോഗവിവരം സംബന്ധിച്ച് പ്രത്യേക അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ഏതെങ്കിലും അസുഖം ബാധിച്ചെത്തുന്ന പ്രവാസിയോട് പോലും പരിശോധന നടത്തണമെന്ന നിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. പനി, ചുമ, ശ്വാസതടസ്സം, അതിസാരം, ഛര്‍ദി തുടങ്ങിയവയാണ് മെര്‍സിന്റെ പ്രധാന ലക്ഷണങ്ങള്‍.
ശ്വാസകോശത്തെ ബാധിക്കുന്നതിനാല്‍ ശ്വാസതടസ്സമുണ്ടാകുമെന്നതാണ് രോഗിയെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തുന്നത്. പനിയോടൊപ്പം ശ്വാസതടസ്സം അനുഭവപ്പെട്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗവും സഊദി അറേബ്യയിലാണ്. ദിവസേന നൂറുകണക്കിന് പേരാണ് വിമാനത്താവളം വഴി നാട്ടിലെത്തുന്നത്. രോഗകാരിയായ കോറോണ വൈറസ് ഇവരിലൂടെ കേരളത്തിലെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് തന്നെയാണ് ആരോഗ്യ വകുപ്പ് പറയുന്നത്.