Connect with us

Ongoing News

ഗ്യാസ് പൈപ്പ്‌ലൈന്‍ കനോലി കനാല്‍ വഴി നടപ്പാക്കുന്നത് പഠിക്കാന്‍ വിദഗ്ധ സമിതി

Published

|

Last Updated

തിരുവനന്തപുരം: പ്രകൃതി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് തടസ്സപെടുന്ന സാഹചര്യത്തില്‍ ജനവാസ കേന്ദ്രങ്ങള്‍ പരമാവധി ഒഴിവാക്കി കനോലി കനാല്‍ വഴി പദ്ധതി നടപ്പാക്കുന്നതിന്റെ സാധ്യത പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സബ്മിഷന് മറുപടി നല്‍കി. പദ്ധതിക്ക് സ്ഥലമേറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കാന്‍ ഗെയില്‍ തയാറായിട്ടുണ്ട്. സുരക്ഷ സംബന്ധിച്ച് ഉയര്‍ന്ന ആശങ്ക തീര്‍ക്കാന്‍ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിയോജക മണ്ഡലങ്ങളിലേക്ക് പുതിയ കെ എസ് ആര്‍ ടി സിയുടെ ഓര്‍ഡിനറി ബസുകള്‍ വാങ്ങുന്നതിന് എം എല്‍ എ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രത്യേക സ്‌കീം തയ്യാറാക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുമെന്നും അതിരൂപതയുടെ സാക്ഷ്യപത്രം അനുസരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് പ്രായോഗികമല്ലെന്നും പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍, ആര്‍ സെല്‍വരാജിന്റെ സബ്മിഷന് മറുപടി നല്‍കി. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിന് പത്രപ്രവര്‍ത്തക യൂണിയനുമായി ചര്‍ച്ച ചെയ്ത് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി കെ സി ജോസഫ് അറിയിച്ചു.