Connect with us

Wayanad

റെയില്‍വെ ബജറ്റ് നാളെ: പ്രതീക്ഷയോടെ വയനാട്ടുകാര്‍

Published

|

Last Updated

കല്‍പ്പറ്റ: എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ റെയില്‍വെ ബജറ്റ് നാളെ. വയനാട്ടിലേക്ക് റെയില്‍വെ കൊണ്ടുവരാനുള്ള നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ പാത ക്ക് പുതിയ ബജറ്റില്‍ തുക വകയിരുത്തുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാരും റെയില്‍വെ ആക്ഷന്‍കമ്മിറ്റിയും. നിര്‍ദ്ദിഷ്ട പാതക്കായി പുതിയതായി എടുത്ത സര്‍വ്വേയില്‍ ഈ പാത ലാഭകരമാണെന്ന റിപ്പോര്‍ട്ടാണ് പ്രതീക്ഷ നല്‍കുന്നത്.
മൈസൂരിലെ നഞ്ചന്‍ഗോഡ് നിന്ന് കേരളത്തിലെ നിലമ്പൂര്‍ വരെ നീളുന്ന റെയില്‍പാത സാമ്പത്തികമായി ലാഭകരമായിരിക്കുമെന്ന് സര്‍വ്വെ വ്യക്തമാക്കുന്നു. 2013 മെയില്‍ നടത്തിയ ഗതാഗത-സാമ്പത്തിക സര്‍വ്വെയില്‍ പാതക്ക് അനുകൂലമായ റിപ്പോര്‍ട്ടുകളാണുള്ളത്. പാത മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ഒരേ പോലെ പ്രയോജനം ചെയ്യുമെന്നും നിര്‍മ്മാണച്ചെലവ് കുറക്കാന്‍ പുതിയ എന്‍ജീനിയറിംഗ് സര്‍വ്വെ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തവണത്തെ റെയില്‍വെബജറ്റില്‍ തന്നെ പാതക്കുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം 2004-ല്‍ നടത്തിയ സര്‍വ്വെയില്‍ പദ്ധതി നഷ്ടമാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും മലായാളി സംഘടനയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് റെയില്‍വെ പുതിയ പദ്ധതിക്ക് തയ്യാറായത്. ദക്ഷിണ റെയില്‍വെയുടെ ചെന്നൈയിലുള്ള വിദഗ്ധസംഘം മൈസൂര്‍-മുതല്‍ നിലമ്പൂര്‍ വരെയുള്ള ഭാഗങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റെയില്‍വെക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്നത് ചരക്ക് നീക്കമാണെന്നിരിക്കെ കൊച്ചി-മൈസൂര്‍ റൂട്ടില്‍ ഇതിന് വന്‍സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൈസൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പല ആവശ്യസാധനങ്ങളും കൊണ്ടുപോകുന്നത്. നിലവില്‍ റോഡ് മാര്‍ഗമാണ് ചരക്ക് നീക്കം. എന്നാല്‍ പാത യാഥാര്‍ത്ഥ്യമായാല്‍ ഈ വരുമാനം മുഴുവന്‍ റെയില്‍വെക്ക് ലഭിക്കും. രാത്രിയാത്രാ നിരോധനം മൂലമുള്ള പ്രതിസന്ധി, ബന്ദിപ്പൂര്‍ വിമാനത്തിന് മുകളിലൂടെ പത്ത് കിലോമീറ്റര്‍ നീളത്തില്‍ മേല്‍പ്പാലം പണിതാല്‍ ഒഴിവാക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഞ്ചന്‍ഗോഡ്-ബത്തേരി, ബത്തേരി-നിലമ്പൂര്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ഡത്തിയാക്കുന്നതാകും ഉചിതം. മൊത്തം 236 കിലോമീറ്റര്‍ നീളവും 4266.8 കോടി രൂപയുടെ നിര്‍മ്മാണച്ചിലവുമാണ് പാതക്ക് പ്രതീക്ഷിക്കുന്നത്.
എന്നാല്‍, മുമ്പ് നടന്ന എന്‍ജീനിയറിംഗ് സര്‍വ്വെയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ചെലവ് ഇനിയും ഏറെ കുറക്കാന്‍ കഴിയുമെന്ന് പുതിയ സര്‍വ്വെ പറയുന്നു. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആദ്യഘട്ടമായ നഞ്ചന്‍ഗോഡ്-ബത്തേരി പാതയെ സംബന്ധിച്ച് റെയില്‍വെ നേരത്തെ ഇരുസംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു. പാതയുടെ പകുതി ചിലവ് സംസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയാണെങ്കില്‍ ബാക്കി വഹിക്കാമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്. കേരളസര്‍ക്കാര്‍ ഇതിനോട് അനുകൂലനിലപാടാണ് സ്വീകരിച്ചത്. 671 കോടി രൂപയാണ് ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്ന നിര്‍മ്മാണചിലവ്.
പുതിയ റെയില്‍വെ മന്ത്രി ഡി ലി സദാനന്ദഗൗഡ കര്‍ണാട മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ പ്രഥമ പരിഗണന ഈ പാതക്കാണെന്ന് അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നഞ്ചന്‍ഗോഡ് നിന്ന് ബത്തേരി വരെയുള്ള ആദ്യക്ഷട്ടത്തിന് പ്രതീക്ഷിക്കുന്ന ചിലവ് 650 കോടി രൂപയാണ്.
ഈ തുകയില്‍ പകുതി സംസ്ഥാനസര്‍ക്കാരുകള്‍ വഹിച്ചാല്‍ ബാക്കി തുക റെയില്‍വെ മന്ത്രാലയം ഏടുത്ത് പദ്ധതി നടപ്പിലാക്കുന്ന സാഹചര്യമുണ്ടാകും. കര്‍ണാടകയുടെയും, കേരളത്തിന്റെയും പരിധിയിലൂടെ വരുന്നതുകാരണം സംസ്ഥാനവിഹിതമായി 325 കോടി രൂപയില്‍ പകുതി വഹിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നു. കര്‍ണാടക ബാക്കി തുക നല്‍കാന്‍ സന്നദ്ധമല്ലെന്ന് അറിയിച്ചതോടെയാണ് ഇടക്ക് ഈ പാതയുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയായത്. കേരള സര്‍ക്കാരിനെ കൊണ്ട് 325 കോടി രൂപയും വകയിരുത്തി റെയില്‍വെ യാഥാര്‍ത്ഥ്യമാക്കാന്‍ എം എല്‍ എമാരായ ഐ സി ബാലകൃഷ്ണനും, ശ്രേയാംസ്‌കുമാറും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി അനുകൂല നടപടി സ്വീകരിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.
സര്‍വ്വെയില്‍ ലാഭകരമാണെന്ന് കണ്ടെത്തിയതും ചിലവിന്റെ പകുതി സംസ്ഥാനം വഹിക്കാമെന്നതും റെയില്‍വേ മന്ത്രാലയത്തിന് അനായാസമായി പാത അനുവദിക്കാന്‍ സാഹചര്യമൊരുക്കും.
ബന്ദിപ്പൂര്‍ വനമേഖലയിലൂടെ 10 കിലോമീറ്റര്‍ മേല്‍പ്പാലം പണിതാണ് നിര്‍ദ്ദിഷ്ട റെയില്‍വേ കേരളത്തിലെത്തിക്കാനുള്ള വഴിയൊരുക്കുന്നത്. ഈ മേല്‍പ്പാലം മറ്റൊരിടത്ത് നിന്ന് പണിത് വനത്തില്‍ സ്ഥാപിക്കുന്ന വിധത്തിലാണ് രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്. ഇതിനായി പ്രശസ്ത വന്യജീവി വിദഗ്ധന്‍ ഡോ. ഈസയുടെ നേതൃത്വത്തില്‍ പഠനങ്ങള്‍ നടന്നുവരുന്നുണ്ട്. വനത്തിനും പരിസ്ഥിതിക്കും യാതൊരു കോട്ടവും തട്ടാത്ത മേല്‍പ്പാലം പദ്ധതി രാത്രികാല ഗതാഗതനിരോധനം മൂലമുള്ള ബുദ്ധിമുട്ടൊഴിവാക്കാനും ടൂറിസത്തിനും വളരെ ഉപകാരപ്രദമാവും. ഏറ്റവും കുറഞ്ഞ ചിലവില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റുന്ന അനന്ത സാധ്യതകളുള്ള പാത എന്ന നിലക്കുള്ള പരിഗണനയും ലഭിക്കും. എല്ലാം കൊണ്ടും ഒത്തിണങ്ങിയ സാഹചര്യമാണ് ഈ പാതയെ സംബന്ധിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് മൂന്ന് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയെ പറ്റി പുതിയ ബജറ്റില്‍ പരാമര്‍ശമുണ്ടാകുമെന്ന് കരുതുന്നത്.

Latest