Palakkad
ഉത്തരേന്ത്യയിലെ കുട്ടികള്‍ ഇനിയും പാലക്കാട്ടേക്ക് വന്നേക്കും

പാലക്കാട്: കലക്ടര്‍ കെ. രാമചന്ദ്രന്റെ നേതൃത്വത്തിലുളള ജില്ലാ ഭരണകൂടത്തിന്റെ ആതിഥ്യം അനുഭവിച്ച ഉത്തരേന്ത്യയിലെ കുട്ടികള്‍ ഇനിയും പാലക്കാട്ടേക്ക് വന്നേക്കാമെന്ന് ശിശുക്ഷേമ സമിതി. ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവ സുഭിക്ഷമായി നല്‍കി രാപ്പകല്‍ കുട്ടികളുടെ ക്ഷേമത്തിനായി ആരോഗ്യം അവഗണിച്ച് പേഴുംകരയിലും മലമ്പുഴയിലും നേതൃത്വം നല്‍കിയ കലക്ടറെ വേദിയിലിരുത്തിയാണ് സമിതിയംഗം കുര്യാക്കോസ് ഇങ്ങിനെ അഭിനന്ദിച്ചത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാതെ സംസ്ഥാനത്ത് എത്തിച്ച കുട്ടികളെ സുരക്ഷിതമായി തിരിച്ചയക്കുന്നതു വരെ അഹോരാത്രം പ്രയത്‌നിച്ച ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും ശിശുക്ഷേമ സമിതിയും ജില്ലാ ഭരണകൂടവും ആദരിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് അംഗത്തിന്റെ അഭിനന്ദനം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്റെ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജി സോമശേഖര്‍, എ ഡി എം എന്‍ കെ ആന്റണി, ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാദര്‍ ഡോ.ജോസ് പോള്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്‍ മൃത്യുഞ്ജയന്‍, ക്രൈം ബ്രാഞ്ച് എസ് പി കെ വിജയന്‍, ഡി എം ഒ. ഡോ. കെ വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വാഹനങ്ങള്‍ നല്‍കിയ ലീഡ് കോളേജ്, പേഴുംകര പാലക്കാട് ഓര്‍ഫനേജ്, മലമ്പുഴ പ്രൊവിഡന്‍സ് ഹോം എന്നീ സ്ഥാപനങ്ങളേയും ചടങ്ങില്‍ ആദരിച്ചു.