വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ് വ്യാപകമാകുന്നു

Posted on: July 5, 2014 8:27 am | Last updated: July 5, 2014 at 8:27 am

താമരശ്ശേരി: വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. സ്ഥാപന ഉടമ സ്ഥലത്തില്ലാത്ത സമയംനോക്കി ബൈക്കിലെത്തുന്ന സംഘമാണ് തട്ടിപ്പ് നടത്തുന്നത്.
താമരശ്ശേരി പോസ്‌റ്റോഫീസിന് സമീപത്തെ ഹരിത ബനാന എന്ന സ്ഥാപനത്തില്‍ ഇന്നലെ വൈകീട്ട് മൂന്നരയോടെ എത്തിയ രണ്ടംഗ സംഘം 1100 രൂപ അപഹരിച്ചത്. ലിബറോ ബൈക്കിലെത്തി കടയുടമ അബ്ദുല്‍ മദീജിനെ അന്വേഷിച്ചു. സ്ഥലത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഫോണില്‍വിളിക്കുന്നതായി നടിച്ച് പണം കടയില്‍നിന്ന് വാങ്ങട്ടെ എന്ന് ചോദിച്ചു. ഈ സമയം അബ്ദുല്‍ മജീദിന്റെ മകനാണ് കടയിലുണ്ടായിരുന്നത്. വാഹനത്തിന്റെ ഓയില്‍ മാറ്റിയ വകയില്‍ രണ്ടായിരം രൂപ നല്‍കാന്‍ പറഞ്ഞതായി അറിയിച്ചു. രണ്ടായിരം രൂപ ഇല്ലെന്നും ആയിരത്തി ഒരുനൂറ് രൂപമാത്രമേ ഉള്ളൂ എന്നും പറഞ്ഞപ്പോള്‍ വീണ്ടും അബ്ദുല്‍ മജീദിനെ ഫോണില്‍ വിളിക്കുന്നതായി നടിച്ചു. ബാക്കി പണം എപ്പോള്‍ കിട്ടുമെന്നും അന്വേഷിക്കുന്നുണ്ടായിരുന്നു. പിന്നീട് അബ്ദുല്‍ മജീദ് കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
പൂനൂരിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു. രണ്ട് മാസം മുമ്പ് എളേറ്റില്‍ വട്ടോളിയിലെ വ്യാപാര സ്ഥാപനത്തിലും സമാന തട്ടിപ്പ് നടന്നിരുന്നു. സ്ഥാപനങ്ങള്‍ ദിവസങ്ങളോളം നിരീക്ഷിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പണം നല്‍കുമ്പോള്‍ കടയുടമയോട് നേരില്‍ ചോദിക്കാന്‍ ശ്രമിക്കുമെങ്കിലും തട്ടിപ്പിനെത്തുന്നവരുടെ വാക്കുകള്‍ക്കുമുന്നില്‍ വീണുപോകുകയാണെന്ന് ഇരയായവര്‍ പറയുന്നു.