ഫലസ്തീന്‍ കൗമാരക്കാരന്റെ മയ്യിത്ത് ഖബറടക്കി; വെടിനിര്‍ത്തലിന് തയ്യാറായി ഹമാസ്

Posted on: July 5, 2014 12:11 am | Last updated: July 5, 2014 at 12:11 am

hamasകിഴക്കന്‍ ജറൂസലം/ ഗാസ സിറ്റി: അധിനിവിഷ്ട ഈസ്റ്റ് ജറൂസലമില്‍ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയ ഫലസ്തീന്‍ കൗമാരക്കാരന്‍ മുഹമ്മദ് അബു ഖാദിറിന്റെ മയ്യിത്ത് ആയിരക്കണക്കിന് പേരുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ജുമുഅ നിസ്‌കാരം കഴിഞ്ഞയുടനെയാണ് ഖബറടക്കം നടന്നത്. ഫലസ്തീന്‍ പതാക പുതപ്പിച്ച് തുറന്ന മയ്യിത്ത് കട്ടിലില്‍ ഖബറിസ്ഥാനിലേക്ക് കൊണ്ടുപോയ മയ്യിത്തിനെ ആയിരങ്ങളാണ് പിന്തുടര്‍ന്നത്. അത്യന്തം വൈകാരിക കാഴ്ചകള്‍ക്കാണ് ശുഫാത് സാക്ഷ്യം വഹിച്ചതെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്യുന്നു. രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്ന് പള്ളിയിലേക്ക് രാത്രി നിസ്‌കാരത്തിന് പോകുമ്പോഴാണ് കൗമാരക്കാരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് വനത്തില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
മയ്യിത്ത് കൊണ്ടുപോകുന്നതിനിടെ ഒരു സംഘം യുവാക്കള്‍ റോഡ് തടസ്സപ്പെടുത്തി നിന്ന ഇസ്‌റാഈലി സൈനികര്‍ക്ക് നേരെ പാഞ്ഞടുത്തു. അധിനിവിഷ്ട കിഴക്കന്‍ ജറൂസലമില്‍ ആയിരക്കണക്കിന് ഇസ്‌റാഈലി പോലീസുകാരാണ് തെരുവില്‍ നിലയുറപ്പിച്ചത്. ഇവര്‍ മയ്യിത്തിനെ അനുഗമിച്ചവര്‍ക്ക് നേരെ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. നിരവധി ഫലസ്തീനികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കൗമാരക്കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനകള്‍ക്കും ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഇന്നലെ ഉച്ചക്ക് ശേഷം മയ്യിത്ത് ഏറ്റുവാങ്ങാന്‍ പിതാവിനെ ഇസ്‌റാഈലി പോലീസ് വിളിക്കുകയായിരുന്നു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. അതേസമയം, അബു ഖാദിറിനെ തട്ടിക്കൊണ്ടുപോയ അതേ കാറില്‍ വന്ന ഒരു സംഘം വ്യാഴാഴ്ച രാത്രി ഒരു ഫലസ്തീന്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ചാനല്‍ ടെന്‍ റിപോര്‍ട്ട് ചെയ്തു.
അതേസമയം, വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് ഹമാസ് അറിയിച്ചു. ഫലസ്തീനിലേക്കുള്ള ഇസ്‌റാഈലി വ്യോമാക്രമണം അവസാനിപ്പിച്ചാല്‍ തെക്കന്‍ ഇസ്‌റാഈലിലേക്കുള്ള റോക്കറ്റാക്രമണം അവസാനിപ്പിക്കാമെന്നാണ് ഹമാസ് അറിയിച്ചത്. അതേസമയം, ഇസ്‌റാഈലിലേക്കും തിരിച്ചും റോക്കറ്റാക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.