മദ്യവില്‍പ്പനയും മന്ത്രിയുടെ കണക്കും

Posted on: July 3, 2014 6:00 am | Last updated: July 3, 2014 at 1:01 am

SIRAJ.......ബാറുകള്‍ അടച്ചത് മദ്യത്തിന്റെ ഉപയോഗത്തില്‍ കുറവുണ്ടാക്കിയെന്ന കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്റെ പ്രസ്തവാന ശരിയല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ എക്‌സൈസ് മന്ത്രി വല്ലാതെ പാടുപെടുന്നുണ്ട്. നിലവാരമില്ലാത്ത 418 ബാറുകള്‍ തുറക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ കുറവുണ്ടാക്കിയില്ലെന്ന് മാത്രമല്ല, വില്‍പ്പന വന്‍തോതില്‍ വര്‍ധിപ്പിച്ചുവെന്നും അടിക്കടി പ്രസ്താവിച്ചുകൊണ്ടിരിക്കയാണദ്ദേഹം. ചില കണക്കുകള്‍ സഹിതം നിയമസഭയിലും മന്ത്രി ഇക്കാര്യം ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ ബാറുകള്‍ അടച്ച ശേഷം സംസ്ഥാനത്തെ മദ്യവില്‍പ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് ബീവറേജസ് കോര്‍പറേഷനെ ഉദ്ധരിച്ചു ‘ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്ത്യ’ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ ബോധ്യപ്പെടുത്തുന്നത്. 2013 ഏപ്രിലില്‍ ബീവറേജസ് കോര്‍പറേഷന്‍ 20,38,072 കെയ്‌സ് മദ്യം വിറ്റപ്പോള്‍ 2014 ഏപ്രിലില്‍ 19,65,024 കെയ്‌സാണ് വിറ്റത്. വില്‍പ്പനയില്‍ 73,048 കെയ്‌സിന്റെ കുറവ് വന്നു. 2013 മെയ് മാസത്തില്‍ 22,10,410 കെയ്‌സായിരുന്നത് ഈ വര്‍ഷം മെയില്‍ 21,31,740 കെയ്‌സായും കുറഞ്ഞു. 78,870 കെയ്‌സിന്റെ കുറവ്.
ബാര്‍ മുതലാളിമാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കമാണ് മദ്യനയത്തില്‍ എക്‌സൈസ് മന്ത്രിയും മന്ത്രിസഭയിലെ ഒരു വിഭാഗവും നടത്തിവരുന്നതെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് കണക്കുകളിലെ ഈ അന്തരം. മദ്യ ഉപയോഗം കുറക്കാന്‍ സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ അടങ്ങുന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മുമ്പാകെ വെക്കാനും അതിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും മന്ത്രി കാലതാമസം വരുത്തിയത് ഇതു കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നില്‍ വന്‍ കോഴ ഇടപാടുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഭരണത്തിലിരിക്കുന്നവരില്‍ പലരുടെയും മുഖ്യവരുമാന സ്രോതസ്സ് മദ്യവ്യവസായമാണെന്നത് രഹസ്യമല്ല. അബ്കാരികളുടെ മാസപ്പടി പറ്റുന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ധാരാളമുണ്ടെന്നും വെളിപ്പെട്ടതാണ്. സംസ്ഥാനത്തെ മദ്യവ്യവസായികളും ലോബിയും മദ്യനിയന്ത്രണത്തിനുള്ള സര്‍ക്കാറിന്റെ നീക്കങ്ങളെ അട്ടിമറിക്കാന്‍ ഏത് വളഞ്ഞ മാര്‍ഗവും സ്വീകരിക്കാന്‍ മടിക്കാത്തവരും ഈ ലക്ഷ്യത്തില്‍ ആരെയും വിലക്കെടുക്കാന്‍ കെല്‍പ്പുള്ളവരുമാണ്. ബാര്‍ ലൈസന്‍സുകളുമായി ബന്ധപ്പെട്ട കേസില്‍ വിധി പറയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വിചാരണ നടത്തിയ ജഡ്ജിയുടെ വീട്ടില്‍ അബ്കാരി കാര്യം ചര്‍ച്ച ചെയ്യാന്‍ അഭിഭാഷകനെത്തിയത് യാദൃച്ഛികമായിരുന്നില്ല. ഈ ഒരു സാഹചര്യത്തെ മുന്‍നിര്‍ത്തി വേണം നിലവാരമില്ലാത്ത ബാറുകള്‍ അടച്ചിടാനുള്ള തീരുമാനം ഭോഷത്തരമായിപ്പോയെന്ന് ധ്വനിപ്പിക്കുന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവനയെ വിലയിരുത്താന്‍. ജനപ്രതിനിധികളെയും സംസ്ഥാനത്തെ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരമൊരു കണക്ക് നിയമസഭയല്‍ വെക്കാനിടയായതിനെക്കുറിച്ചു മന്ത്രി വിശദീകരണം നല്‍കേണ്ടതുണ്ട്.
ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും യു ഡി എഫിലും തര്‍ക്കം നിലനില്‍ക്കുകയാണ്. നിലവാരമില്ലെന്നു കണ്ടെത്തിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നായിരുന്നു ഇത്തവണത്തെ മദ്യനയത്തിലെ പ്രധാന തീരുമാനം. മദ്യ ലോബിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇതിനെ അട്ടിമറിക്കാന്‍ ഭരണ നേതൃത്വത്തിലെ ചിലര്‍ രംഗത്തു വന്നത്. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നിരോധിക്കുകയല്ല വേണ്ടതെന്നും നിശ്ചിത കാലയളവിനുള്ളില്‍ നിലവാരം ഉയര്‍ത്തണമെന്ന നിബന്ധനയോടെ ലൈസന്‍സ് പുതുക്കുകയാണ് വേണ്ടതെന്നുമുള്ള വാദഗതി ഉയര്‍ന്നുവന്നത് ഈ പശ്ചാത്തലത്തിലാണ്. ഇതനുസരിച്ചു ബാറുകളുടെ നിലവാരം നിശ്ചയിക്കാന്‍ നിയുക്തമാകുന്ന സമിതിയുടെ കൈയിലായിരിക്കും പിന്നീട് കാര്യങ്ങള്‍. സമിതിയെ വിലക്കെടുക്കാനുള്ള മദ്യ ലോബിയുടെ വിജയപരാജയത്തെ ആശ്രയിച്ചായിരിക്കും അടച്ചിട്ട ബാറുകളുടെ ഭാവി. നിലവാരക്കുറവിനെ ചൊല്ലി ഒരൊറ്റ ബാറും അടച്ചിടേണ്ട സാഹചര്യം പിന്നീടുണ്ടാകാനുള്ള സാധ്യതയില്ല.
അതിനിടെ 418 ബാറുകള്‍ അടച്ചിട്ടതോടെ സംസ്ഥാനത്തേക്കുള്ള അനധികൃത സ്പിരിറ്റ് കടത്ത് വര്‍ധിച്ചതയും ഇത് വ്യാജ മദ്യം വ്യാപകമാനും മദ്യദുരന്തങ്ങള്‍ ആവര്‍ത്തിക്കാനുമിടയാക്കുമെന്നും തുടരെത്തുടരെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കയാണ്. സംസ്ഥാനത്തെ പ്രമുഖ മദ്യവ്യവസായിയുമായി ബന്ധമുള്ള പത്രങ്ങളും മദ്യ ലോബിയും ചേര്‍ന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്ന മേമ്പൊടിയോടെ പടച്ചുവിടുന്ന ഇത്തരം വാര്‍ത്തകളുടെ ലക്ഷ്യവും ബാറുകള്‍ അടച്ചിടാനുള്ള തീരുമാനം വിഡ്ഢിത്തമായെന്ന് സ്ഥാപിക്കുകയാണ്. അനധികൃത സ്പിരിറ്റ് കടത്ത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ധാരാളമുണ്ട്. വ്യാജമദ്യ നിര്‍മാണവും മദ്യദുരന്തവും തടയാന്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് വേണ്ടത്. അല്ലാതെ സര്‍ക്കാറിന്റെ മദ്യ നയം അട്ടിമറിച്ചും രാമചന്ദ്രന്‍ കമ്മീഷന്റെ റിപോര്‍ട്ട് അവഗണിച്ചും നിലവാരമില്ലാത്ത ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുകയല്ല. വ്യാജ വാര്‍ത്തകളും കണക്കുകളും സൃഷ്ടിച്ച് മദ്യനയത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ ജാഗരൂകരാകണം.

ALSO READ  പ്രധാനമന്ത്രിക്ക് രക്ഷപ്പെടാൻ വളഞ്ഞ വഴി