‘ദുബൈയില്‍ അപകടസ്ഥലങ്ങള്‍ കണ്ടെത്തി’

Posted on: July 2, 2014 8:30 pm | Last updated: July 2, 2014 at 8:50 pm

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ഖൂസ് വ്യവസായ കേന്ദ്രം, അല്‍ ഖൈല്‍ റോഡ്, സോണാപൂര്‍ ലേബര്‍ ക്യാമ്പ് എന്നിവിടങ്ങളിലാണ് വാഹനാപകടങ്ങള്‍ കൂടുതലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആര്‍ ടി എ സി ഇ ഒ മൈത്ത ബിന്‍ത് അദിയ്യ് പറഞ്ഞു.
അപകടങ്ങള്‍ ഏറെ നടക്കുന്ന സ്ഥലങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ ടി എ തയ്യാറെടുപ്പ് നടത്തിവരുന്നു. അപകട സാധ്യതകള്‍ വിലയിരുത്താന്‍ ഇലക്‌ട്രോണിക് സംവിധാനങ്ങളുണ്ട്. 50 ബ്ലാക്ക് സ്‌പോട്ടുകളാണ് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത്. ഇതില്‍ 22 സ്ഥലങ്ങളില്‍ പരിഹാര നടപടികള്‍ കൈക്കൊണ്ടു. 23 ഇടങ്ങളില്‍ നവീകരണം നടത്തുന്നു. അഞ്ചിടങ്ങളില്‍ പുതിയ രൂപകല്‍പന ചെയ്യുന്നു.
ഇത്തരം നവീകരണങ്ങളിലൂടെ അപകടങ്ങള്‍ കുറക്കാന്‍ കഴിയും. വാഹനം ഇടിച്ചുള്ള മരണം 36 ശതമാനം കുറഞ്ഞു. അമിത വേഗതയും വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തതുമാണ് മറ്റൊരു കാരണമെന്നും മൈത്ത ബിന്‍ത് അദിയ്യ് അറിയിച്ചു.