Connect with us

National

തമിഴ്‌നാട്ടില്‍ കസ്റ്റഡി മരണങ്ങളുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധന

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങളുടെ എണ്ണത്തില്‍ 90 ശതമാനം വര്‍ധനയെന്ന് റിപോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍ സി ആര്‍ ബി)യുടെ കണക്ക് പ്രകാരമാണ് തമിഴ്‌നാട്ടില്‍ ഇത്രയും വലിയ കസ്റ്റഡി മരണ നിരക്ക്. ഇന്ത്യയിലെ മൊത്തം സംസ്ഥാനങ്ങളെ പരിഗണിക്കുമ്പോള്‍ രണ്ടാം സ്ഥാനം തമിഴ്‌നാടിനാണ്. കസ്റ്റഡി മരണങ്ങളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മഹാരാഷ്ട്രയാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്ക് പ്രകാരം 2013ല്‍ മഹാരാഷ്ട്രയില്‍ 34 പേര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.
2012ല്‍ ഇത് 20 ആയിരുന്നു. അതേസമയം തമിഴ്‌നാട്ടില്‍ 2013 വര്‍ഷത്തില്‍ 15 കസ്റ്റഡി മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2012ല്‍ ഇത് 12 ആയിരുന്നു. കസ്റ്റഡി മരണ നിരക്കില്‍ ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്തും ഗുജറാത്ത് നാലാം സ്ഥാനത്തുമാണ്. വിചാരണ നടന്നുകൊണ്ടിരിക്കുന്നതിനിടെ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും 2013ല്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തമിഴ്‌നാട്ടില്‍ വിചാരണ നടന്നുകൊണ്ടിരിക്കെ 2013ല്‍ കസ്റ്റഡി മരണങ്ങള്‍ ഉണ്ടായിട്ടില്ല.
തങ്ങളുടെ കസ്റ്റഡിയില്‍ ഉള്ള പ്രതികളില്‍ ഏഴ് പേര്‍ മരിച്ചത് ആശുപത്രിയില്‍ വെച്ചും രണ്ട് പേര്‍ ആത്മഹത്യ ചെയ്തതുമാണെന്ന് തമിഴ്‌നാട് പോലീസ് വിശദീകരിക്കുന്നു. ഒരാള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം പിടികൂടി കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പും മറ്റു അഞ്ച് പേര്‍ രോഗം മുതലായ പ്രകൃത്യാ ഉള്ള കാരണങ്ങളാലുമാണ് മരിച്ചതെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
2012ല്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. മറ്റു മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു. മറ്റൊരാള്‍ കൂട്ടുപ്രതികളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടിരുന്നു.

Latest