Connect with us

National

ഇന്ധന വില വര്‍ധനയെ വിമര്‍ശിച്ച് തമിഴ്‌നാട്ടിലെ ബി ജെ പി സഖ്യകക്ഷികള്‍

Published

|

Last Updated

ചെന്നൈ: ഡീസല്‍, പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന വരുത്തിയ മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനോട് ഇതില്‍ നിന്ന് പിന്മാറണമെന്ന് തമിഴ്‌നാട്ടിലെ ബി ജെ പി സഖ്യകക്ഷികള്‍ ആവശ്യപ്പെട്ടു. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന വരുത്തുന്നതെന്ന് ഒരു പ്രസ്താവനയില്‍ പി എം കെ നേതാവ് രാമദോസ് കുറ്റപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 1 രൂപ 69 പൈസയും ഡീസലിന് 50 പൈസയുമാണ് വര്‍ധിപ്പിച്ചതെങ്കിലും തമിഴ്‌നാട്ടില്‍ ഇത് യഥാക്രമം 2 രൂപ 17 പൈസയും 58 പൈസയും അധികമായി നല്‍കേണ്ടിവരും. സംസ്ഥാന നികുതി കൂടി ഉള്‍പ്പെടുത്തുമ്പോഴാണ് കൂടുതല്‍ വില നല്‍കേണ്ടി വരുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ വ്യത്യസ്ത സമയങ്ങളിലായി 17 തവണ ഡീസല്‍ വില വര്‍ധിച്ചു. 11.57രൂപ ഇതിന്റെ ഫലമായി വര്‍ധിക്കുകയും ചെയ്തു. അതുകൊണ്ട് ഈ നടപടി എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വില വര്‍ധന പിടിച്ചുനിര്‍ത്തുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. വില നിയന്ത്രണം അധികാരത്തിലിരിക്കുന്ന സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്- രാംദോസ് കൂട്ടിച്ചേര്‍ത്തു.
എം ഡി എം കെ നേതാവ് വൈകോയും ഇന്ധന വിലവര്‍ധനക്കെതിരെ രംഗത്തെത്തി. ഇന്ധന വിലവര്‍ധന പണപ്പെരുപ്പം സൃഷ്ടിക്കുമെന്നും അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റെയില്‍വേ നിരക്ക് 14.2ശതമാനം വര്‍ധിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന വരുത്തിയിരിക്കുന്നതെന്നും വൈകോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മുമ്പ് ഭരിച്ചിരുന്ന യു പി എ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കാനുള്ള അനുമതി നല്‍കിയിരുന്നു. ഈ രീതി പിന്തുടരാതെ എത്രയും പെട്ടെന്ന് നിലവിലെ ഇന്ധന വിലവര്‍ധന പിന്‍വലിക്കുകയാണ് എന്‍ ഡി എ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വൈക്കോ കൂട്ടിച്ചേര്‍ത്തു.