അംജദ് അലി ഖാന്റെ സരോദ് തിരികെ ലഭിച്ചു

Posted on: July 2, 2014 12:20 am | Last updated: July 2, 2014 at 12:20 am

amjad ali khan

ന്യൂഡല്‍ഹി: ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രക്കിടയില്‍ ശനിയാഴ്ച രാത്രി കാണാതായ ഉസ്താദ് അംജദ് അലി ഖാന്റെ സരോദ് തിരിച്ചുകിട്ടി. ‘ഐതിഹാസിക പുനഃസമാഗമം’ – എന്നാണ് ഉസ്താദ് ഈ മുഹൂര്‍ത്തത്തെ വിശേഷിപ്പിച്ചത്. ബ്രിട്ടീഷ് എയര്‍വെയ്‌സ് അധികൃതരാണ് അമൂല്യമായ സരോദ് ഉസ്താദിന് തിരിച്ചേല്‍പ്പിച്ചത്. അംജദ് അലി ഖാന്‍ ഉപയോഗിക്കുന്ന സരോദിന് ആറ് കോടി രൂപയാണ് മതിപ്പ് വില കണക്കാക്കുന്നത്.
നാലര പതിറ്റാണ്ടിലേറെ തന്റെ ഹൃദയ താളമായി മാറിയിരുന്ന, സന്തത സഹചാരിയായ സരോദ് വിമാനയാത്രക്കിടയില്‍ കാണാതെ പോയത് 68 കാരനായ ഉസ്താദിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. ഭാര്യ സുബ്ബലക്ഷ്മിക്കൊപ്പം ലണ്ടനിലെ ഡാര്‍ട്ടിംഗ്ടണ്‍ കോളജില്‍ രവീന്ദ്രനാഥ് ടാഗോറിന്റെ ജന്മദിനത്താടനുബന്ധിച്ച ആഘോഷ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ ജൂണ്‍ 21നാണ് ഉസ്താദ് ലണ്ടനിലെത്തിയത്. പരിപാടി കഴിഞ്ഞ് ജൂണ്‍ 28ന് രാത്രി ഡല്‍ഹിക്ക് മടങ്ങുകയും ചെയ്തു. ബ്രിട്ടീഷ് എയര്‍വെയ്‌സ് ഫ്‌ളൈറ്റില്‍(ബി എ- 143) ഫസ്റ്റ് കഌസിലായിരുന്നു മടക്കയാത്ര. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് സരോദ് കാണാനില്ലെന്ന് അറിയുന്നത്. വിമാനക്കമ്പനി ജീവനക്കാര്‍ നാലഞ്ച് മണിക്കൂര്‍ തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. 48 മണിക്കൂര്‍ കഴിഞ്ഞിട്ടും സരോദ് എത്തിയില്ല. ഉസ്താദും ഭാര്യയും മടക്കയാത്ര ചെയ്ത വിമാനത്തില്‍ സരോദ് കയറ്റാതിരുന്നില്ല. പിന്നീട് സരോദ് മറ്റൊരു ഫ്‌ളൈറ്റില്‍ ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു.
‘ബ്രിട്ടീഷ് എയര്‍വെയ്‌സിനെ പോലെ ഒരു വലിയ വിമാനക്കമ്പനിക്ക് ഇത്രയും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കാനാകുമോ’- ഒരു ഘട്ടത്തില്‍ ഉസ്താദ് ചോദിക്കുകയുണ്ടായി. 1997ല്‍ എന്റെ സരോദ് കേട് വരുത്തിയ ശേഷം, ഇപ്പോള്‍ ബ്രിട്ടീഷ് എയര്‍വെയ്‌സ് എന്റെ സരോദ് എവിടേയോ വെച്ച് മറന്നിരിക്കുന്നു’- അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ ഹിത്രു വിമാനത്താവളത്തില്‍ ബെഗ്ഗേജുകള്‍ കൈകാര്യം ചെയ്യുന്നതിലെ അനാസ്ഥയാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.