Connect with us

Wayanad

വീരപ്പനെ വെടിവെച്ച് കൊന്ന ദൗത്യസേനയിലെ നാല് പേര്‍ക്കുള്ള ആനൂകുല്യം ലഭിച്ചില്ല

Published

|

Last Updated

ഗൂഡല്ലൂര്‍: ചന്ദനകൊള്ളക്കാരന്‍ വീരപ്പനെ വെടിവെച്ച് കൊന്ന തമിഴ്‌നാട് ദൗത്യസേനയിലെ അംഗങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന് പരാതി. ഓപ്പറേഷനില്‍ പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും സൗജന്യമായി സ്ഥലവും, ഭവനവും, ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് 754 പേരാണ് ദൗത്യസേനയില്‍ അന്ന് ഉണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ നീലഗിരി ജില്ലക്കാരാണ്. നീലഗിരിയിലെ അഞ്ച് പേര്‍ക്ക് കോയമ്പത്തൂര്‍ ജില്ലയില്‍ ഭൂമിയും വീടും നല്‍കിയിരുന്നു. ശേഷിക്കുന്ന ഏഴ് പേരില്‍ മൂന്ന് പേര്‍ക്ക് ഊട്ടി ഫിങ്കര്‍പോസ്റ്റിലും സ്ഥലവും ഭവനവും നല്‍കിയിരുന്നു. ഗോപാല്‍, ദിനേഷ്‌കുമാര്‍, ശരവണകുമാര്‍, വര്‍ഗീസ് എന്നിവര്‍ക്ക് സ്ഥലും വീടും ഇതുവരെ നല്‍കിയിട്ടില്ല. ഇവര്‍ക്ക് ഊട്ടി ഫിങ്കര്‍പോസ്റ്റിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പോസ്റ്റോഫീസിന്റെ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍ സ്ഥലം നല്‍കിയിരുന്നുവെങ്കിലും ഇതിന് പട്ടയം നല്‍കാനോ രജിസ്റ്റര്‍ ചെയ്യാനോ സാധിച്ചിരുന്നില്ല. അത്‌കൊണ്ട് തന്നെ ഇവര്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ വാഗ്ധാനം ചെയ്ത സ്ഥലമോ വീടോ ലഭിച്ചിട്ടില്ല. 18-10-2004നാണ് ദൗത്യസേന വീരപ്പനെ വെടിവെച്ച് കൊന്നത്. 28-10-2004നാണ് ദൗത്യസേനാംഗങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. അഞ്ചര സെന്റ് സ്ഥലവും വീടുമായിരുന്നു പാരിതോഷികം. നാല് പേര്‍ പത്ത് വര്‍ഷമായി സ്ഥലത്തിനും വീടിനുമായി കാത്തിരിപ്പ് തുടങ്ങിയിട്ട്. സ്ഥലവും വീടും ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് നാല് പേരുടെയും ഭാര്യമാര്‍ ഇന്നലെ നീലഗിരി ജില്ലാകലക്ടര്‍ പി ശങ്കറിന് നിവേദനം നല്‍കിയിട്ടുണ്ട്. പ്രസ്തുത അംഗങ്ങള്‍ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സേവനം ചെയ്തുവരുന്നുണ്ട്.

Latest