Connect with us

Articles

ഈ ബോര്‍ഡിനാര് മണികെട്ടും

Published

|

Last Updated

വൈദ്യുതി ഉത്പാദനത്തില്‍ പ്രചരിപ്പിക്കപ്പെടും പോലെ കേരളം ഏറെ പിന്നിലൊന്നുമല്ല. മിച്ചം വരുന്ന വൈദ്യുതി ചില ഘട്ടങ്ങളിലൊക്കെ സംസ്ഥാനം വില്‍ക്കാറുമുണ്ട്. ഇങ്ങനെ വില്‍ക്കുന്ന വൈദ്യുതി ലഭിക്കുന്നതിനേക്കാള്‍ കൂടിയ വിലക്ക് പിന്നീടു വാങ്ങേണ്ടി വരുന്ന ഗതികേടും സംസ്ഥാനത്തിന്റെ പിടിപ്പുകേടായി ചൂണ്ടിക്കാട്ടാറുണ്ട്. മററുസംസ്ഥാനങ്ങള്‍ വന്‍കിട വൈദ്യുതി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ കേരളം ഈ രംഗത്ത് മുതല്‍ മുടക്കിന് അറച്ചു നില്‍ക്കുകയാണ് . വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം മുന്നിലാണെങ്കിലും പരമ്പരാഗത ജലവൈദ്യുത പദ്ധതികളും കേന്ദ്ര വിഹിതവും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള വിലകൂടിയ വൈദ്യുതിക്കും പുറമെ വല്ലപ്പോഴും നടപ്പാക്കുന്ന ചെറുകിട വൈദ്യുതി പദ്ധതികളാണ് കേരളത്തിന് ആശ്രയം. ഇതൊക്കെയുണ്ടായിട്ടു പോലും വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തില്‍ പലപ്പോഴും സര്‍ക്കാരിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തേണ്ടി വരുന്നു. സംസ്ഥാനത്ത് ഇടക്കിടെ പവര്‍കട്ടും ലോഡ് ഷെഡിംഗും ഏര്‍പ്പെടുത്തേണ്ടിവരുന്നുവെന്നതാണ് ഖേദകരം. ഇപ്പോള്‍ മുക്കാല്‍ മണിക്കൂറാണ് ലോഡ് ഷെഡിംഗ്. ജലസംഭരണികളില്‍ നീരൊഴുക്ക് കുറയുന്നതും മലയാളികളുടെ വൈദ്യുതി ഉപഭോഗം കൂടുന്നതുമാണ് വൈദ്യുതി മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.
സംസ്ഥാനത്ത് മൊത്തം 2867 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര പൂളില്‍ നിന്ന് 1030 മെഗാവാട്ട് വൈദ്യുതിയും ലഭിക്കുന്നു. ജലവൈദുത പദ്ധതി വഴി 1997.8 മെഗാവാട്ട്, താപവൈദ്യുതി പദ്ധതി- 234.6 മെഗാവാട്ട്, കാററാടിയന്ത്രം – 2.03, ചെറുകിട ജലവൈദ്യുത പദ്ധതി -43, ചെറുകിട താപവൈദ്യുതി പദ്ധതി 197.4 എന്നിവങ്ങനെയാണ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നത്
ഉപഭോഗം കൂടുന്നതിനനുസരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടാത്തതാണ് വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. എന്നാല്‍ കെ എസ് ഇ ബി യുടെ പിടിപ്പ്‌കേടും കെടുകാര്യസ്ഥതയുമാണ് പ്രസന്ധിയുടെ ആഴം കൂട്ടുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ബോര്‍ഡിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയുടെ വ്യക്തമായ കണക്കുകള്‍ നിരത്തുന്നുണ്ട് 3758.17 കോടി രൂപ നഷ്ടത്തിലാണ് കെ എസ് ഇ ബി പ്രവര്‍ത്തിക്കുന്നതെന്നു വ്യക്തമാക്കുന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട് ഈയിടെ വകുപ്പ് മന്ത്രി നിയമസഭയില്‍ വെച്ചിരുന്നു. ആസൂത്രണത്തിലെ പാളിച്ചയാണു ബോര്‍ഡിന്റെ നഷ്ടത്തിനു കാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി വില്‍പ്പനക്കുള്ള കരാര്‍ പാലിക്കേണ്ടതിന്റെ പേരില്‍ ബോര്‍ഡിന് 244.07 കോടി രൂപയുടെ അധികച്ചെലവുണ്ടായതായി സിഎ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കനത്ത മഴ ലഭ്യമാകുന്ന വര്‍ഷങ്ങളില്‍ ജലവൈദ്യുത പദ്ധതികളില്‍ അധികവൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അതു കുറഞ്ഞ വിലക്കു കേന്ദ്രപൂളിലേക്കും മറ്റു സംസ്ഥാനങ്ങള്‍ക്കും നല്‍കേണ്ടിവരുന്നു. എന്നാല്‍ ഈ നിരക്കില്‍ പിന്നീടു നമുക്ക് ആവശ്യമുള്ളപ്പോള്‍ വൈദ്യുതി ലഭിക്കുകയുമില്ല. അതിന് ഉയര്‍ന്ന വിപണി നിരക്കു തന്നെ നല്‍കണം.
ദേശീയ പവര്‍ ഗ്രിഡില്‍നിന്നു വൈദ്യുതി കേരളത്തിലേക്കെത്തിക്കാനുള്ള വൈദ്യുതിലൈന്‍ വലിക്കുന്നതിനു ഭൂവുടമകളുടെ അനുമതി ലഭിക്കുക എന്നതൊരു കീറാമുട്ടിയാണ്. നഷ്ടപരിഹാരത്തുക കുറവായതുതന്നെയാണു പ്രധാന പ്രശ്‌നം. കൂടംകുളം ആണവനിലയത്തില്‍ നിന്നു കേരളത്തിനു വൈദ്യുതി ലഭിക്കുമെങ്കിലും അതു സ്വീകരിക്കാനുള്ള സൗകര്യം ഇപ്പോഴില്ല. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഭുഉടമകള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമെ ഇതുവഴി കേരളത്തിലേക്ക് വൈദ്യുതി #ംത്തിക്കാനാവുകയുള്ളൂ. ഈ വഴിക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആലോചന ആരംഭിച്ചിട്ടുണ്ടന്നാണ് വിവരം .
പ്രതിദിനം 3,700-3,800 മെഗാവാട്ട് വൈദ്യുതി ആവശ്യമുള്ള (അത്യുഷ്ണ കാലത്ത് ഉപഭോഗം ഇതിനെക്കാളും കൂടും)സംസ്ഥാനത്ത് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത് 2867 മെഗാവാട്ട് വൈദ്യുതി മാത്രം. ഇത്തരമൊരു സാഹചര്യമാണു മുക്കാല്‍ മണിക്കൂര്‍ ലോഡ് ഷെഡിംഗിനും ചിലയിടങ്ങളിലെ അപ്രഖ്യാപിത ലോഡ് ഷെഡിംഗിനും ഇടയാക്കിയത്. ഛത്തീസ്ഗഡിലെ ടാറ്റാ പവര്‍ കമ്പനിയില്‍നിന്നു കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാണെങ്കിലും അതു സുഗമമായി എത്തിക്കാനുള്ള സംവിധാനം നിലവിലില്ല. വൈദ്യുതി എത്തിക്കാനുള്ള ഗ്രിഡ് കേരളത്തിനു വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷനെയും കോടതിയെയും കേരളം സമീപിച്ചിരുന്നു. യൂനിറ്റിന് 12 രൂപവരെ നല്‍കി താപവൈദ്യുതി വാങ്ങേണ്ട സ്ഥിതി സംസ്ഥാനത്തിന് ഉണ്ടായതിനു പിന്നിലും ഈ അസൗകര്യമായിരുന്നു കാരണം.
ജലവൈദ്യുത പദ്ധതികളാണ് കേരളത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്. കഴിഞ്ഞ വര്‍ഷം കണക്കിലേറെ മഴ ലഭിച്ചതിനാല്‍ പല ജലവൈദ്യുത നിലയങ്ങളിലും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചു. എന്നിട്ടും ചില ഡാമുകളിലെ ഷട്ടറുകള്‍ തുറന്നുവിടേണ്ടിവന്നു. 700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുതകുന്ന ജലവൈദ്യുത പദ്ധതികള്‍ ഇപ്പോള്‍ അനുമതി കാത്തുകിടക്കുകയാണെന്നും അവ പൂര്‍ത്തീകരിക്കാനായാല്‍ കേരളത്തിന്റെ വൈദ്യുതി ക്ഷാമത്തിനു വലിയൊരളവില്‍ പരിഹാരമാകുമെന്നും വൈദ്യുതി ബോര്‍ഡ് പ്രതീക്ഷിക്കുന്നു.
നിലവിലുള്ള ജലവൈദ്യുത പദ്ധതികളിലെ അറ്റകുറ്റപ്പണികളും മറ്റും യഥാസമയം നടക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ശബരിഗിരി പദ്ധതിയുടെ പെന്‍സ്റ്റോക്ക് വാല്‍വിലെ തകരാര്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. 122 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഇതുമൂലം ഉണ്ടാകുന്നത്. 361 മെഗാവാട്ടിന്റെ ഏഴു വന്‍കിട പദ്ധതികളും 116.4 മെഗാവാട്ടിന്റെ പതിനേഴ് ചെറുകിട ജലവൈദ്യുത പദ്ധതികളുമാണു പതിനൊന്നാം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നിര്‍മാണം നടക്കുന്ന ഏഴു ജലവൈദ്യുത പദ്ധതികളില്‍ ആറും സ്തംഭനാവസ്ഥയിലുമാണ്.
ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് വൈദ്യുതി നിരക്ക് വര്‍ധനയെന്ന ഭീഷണി ഉപഭോക്താവിനു മുമ്പിലുള്ളത്. വൈദ്യുതി റഗുലേറററി കമ്മീഷന്‍ പ്രതിസന്ധിക്ക് പരിഹാരമായി നിരക്ക് വര്‍ധന ശിപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുമതി ലഭച്ചിട്ടില്ല. സമീപ ഭാവിയില്‍ തന്നെ നിരക്ക് വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് മന്ത്രി തന്നെ സൂചിപ്പിക്കുനനത്. 2014-15 വര്‍ഷം കെഎസ്ഇബി പ്രതീക്ഷിക്കുന്ന 2,931.21കോടി രൂപയുടെ റവന്യൂ കമ്മി നേരിടാന്‍ 1400 കോടി അധികവരുമാനം ലഭിക്കുന്ന ഒരു നിരക്കു വര്‍ധന്ക്കാണു വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിനു കുടിശിക ബില്ലുകളില്‍നിന്നു ലഭിക്കാനുള്ളത് 1502,42 കോടി രൂപയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോര്‍ഡിന് കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ പുലര്‍ത്തിവരുന്ന അലംഭാവവും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നുണ്ട്, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളുമാണ് കുടിശ്ശികയുടെ കാര്യത്തില്‍ മുമ്പില്‍. ഇത് പിരിച്ചെടുക്കാനുള്ള നടപടിക്രമങ്ങള്‍ പലപ്പോഴും അധര വ്യായാമമായി പരിണമിക്കാറാണ് പതിവ്. ഇതിന് പുറമെ വന്‍കിട വ്യവസായികളും മററും ചോര്‍ത്തുന്ന വൈദ്യുതി കണ്ടെത്താനോ തടയാനോ നടപടികളുണ്ടാവില്ലെന്നതും എടുത്തു പറയേണ്ടതാണ്. തകരാറിലായ മീറററുകള്‍ യഥാസമയം മാററി സ്ഥാപിക്കാനോ വൈദ്യുതി ചോര്‍ച്ച കണ്ടെത്താനോ ബോര്‍ഡിന് കഴിയുന്നില്ലെന്നതാണ് പരമാര്‍ഥം. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് ബോര്‍ഡിന്റെ കെടുകാര്യസ്ഥതയിലേക്കാണ്.
വൈദ്യുതി ബോര്‍ഡിനെ പുനരുജ്ജീവിപ്പിക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനുമൊക്കെ പല ശ്രമങ്ങളും നടക്കുന്നുണ്ടെങ്കിലും ഒന്നും വിജയത്തിലെത്തുന്നില്ല. തൊഴിലാളികളുടെ പുനര്‍വിന്യാസം, ചെലവു ചുരുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ബോര്‍ഡ് ശ്രമിച്ചിട്ടില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലൈന്‍മാന്‍മാരെപ്പോലുള്ള ഫീല്‍ഡ് സ്റ്റാഫിനെ വെട്ടിക്കുറച്ച് പൊതുജനത്തെ ബുദ്ധിമുട്ടിക്കാനാണ് ചെലവ് ചുരുക്കലെന്ന പേരില്‍ നടക്കുന്ന അഭ്യാസം. എന്നാല്‍ കംപ്യുട്ടര്‍വത്കരണം പൂര്‍ത്തിയാക്കാനോ വര്‍ധിച്ചുവരുന്ന പ്രസരണ നഷ്ടം കുറച്ചു കൊണ്ടുവരാനോ ശ്രമങ്ങള്‍ നടക്കാത്തതും മറെറൊരു വെല്ലുവിളിയാണ്. ഇത്തരം പ്രതിസന്ധികളില്‍ നിന്നെല്ലാം വൈദ്യുതി ബോര്‍ഡിനെ കരകയറ്റണമെങ്കില്‍ ഭരണതലത്തിലും സാങ്കേതിക മികവിലും ഇനിയും അടിസ്ഥാനപരമായ പല മാറ്റങ്ങളും ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം