Connect with us

Gulf

ദുബൈ സ്മാര്‍ട്ട് ഗവണ്‍മെന്റ്: പദ്ധതികള്‍ അനാവരണം ചെയ്തു

Published

|

Last Updated

ദുബൈ: “ദുബൈ സ്മാര്‍ട്ട് ഗവണ്‍മെന്റ്” പദ്ധതികള്‍ അനാവരണം ചെയ്തു. നാലാമത് സ്മാര്‍ട്ട് ഗവണ്‍മെന്റ് ഫോറത്തിലാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടത്. 2014 മുതല്‍ 2021 വരെയുള്ള ആസൂത്രണ പദ്ധതിയുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടതെന്ന് ദുബൈ സ്മാര്‍ട്ട് ഗവണ്‍മെന്റ് ഡയറക്ടര്‍ ജനറല്‍ അഹ്മദ് ബിന്‍ ഹുമൈദാന്‍ പറഞ്ഞു.
21 ലക്ഷ്യങ്ങളാണ് മറികടക്കാനുള്ളത്. അതില്‍ പ്രധാനം, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് 2017ല്‍ സ്മാര്‍ട്ട് സാമഗ്രികള്‍ ഉപയോഗപ്പെടുത്തുന്നവര്‍ 25 ശതമാനം ആയിരിക്കണമെന്നതാണ്. അതിന് പൗരന്‍മാരെ സജ്ജമാക്കണം. 2021 ആകുമ്പോള്‍ 80 ശതമാനം വരെ ആകണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ഇതിന് നീക്കുപോക്കുകള്‍ നടത്തുമെന്നും അഹ്മദ് ബിന്‍ ഹുമൈദാന്‍ പറഞ്ഞു. സ്മാര്‍ട് സിറ്റിയായി മാറി ജീവിതനിലവാരം ഉയര്‍ത്തുന്നതിനു വിഭാവനചെയ്ത ദുബൈ സ്മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിന്‍ റാശിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിന്റെ (എംബിആര്‍എസ്ജി) നേതൃത്വത്തിലാണ് ദുബൈ സ്മാര്‍ട് സിറ്റീസ് ഫോറം നടന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ദുബൈ സ്മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചകള്‍. പൊതു – സ്വകാര്യ മേഖലകളിലെ വിദഗ്ധര്‍ പങ്കെടുത്ത യോഗത്തില്‍ സ്മാര്‍ട് സിറ്റി പദ്ധതികള്‍ക്കായി നഗരാസൂത്രണ മേഖലയിലെ വികസനത്തിനായി നടത്തേണ്ട ചിട്ടയോടെയുള്ള സമീപനത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു. അധികൃതരും സേവനദാതാക്കള്‍, കമ്യൂണിക്കേഷന്‍ ദാതാക്കള്‍ തുടങ്ങിയവരുമായുള്ള ഏകോപനം തുടങ്ങിയവയും ചര്‍ച്ചാവിഷയമായി.
എല്ലാത്തിനുമുപരി സ്മാര്‍ട് സിറ്റി പദ്ധതി ജനങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണെന്നു മുഹമ്മദ് ബിന്‍ റാശിദ് സ്‌കൂള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാനും ദുബൈ ഹോള്‍ഡിംഗ് സിഇഒയുമായ അഹമ്മദ് ബിന്‍ ബയാത് പറഞ്ഞു. താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും ജീവിതനിലവാരം ഉയര്‍ത്താനും അവരുടെ ക്രിയാത്മകതയും മികവും വര്‍ധിപ്പിക്കാനും ഒരു നഗരം എന്തു നല്‍കുന്നു എന്നത് അടിസ്ഥാനമാക്കിയാണ് അതിന്റെ സ്മാര്‍ട്‌നെസ് അളക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദുബൈയെ സ്മാര്‍ട് സിറ്റിയാക്കുകയല്ല, സ്മാര്‍ട്ടസ്റ്റ് സിറ്റിയാക്കുകയാണു ലക്ഷ്യം. ദുബൈയില്‍ നടക്കുന്ന ബൃഹത്തായ മാറ്റത്തിനാണു നമ്മള്‍ സാക്ഷ്യംവഹിക്കുന്നത്. ഇതൊരു സാങ്കേതിക മാറ്റത്തില്‍ മാത്രം ഒതുങ്ങുന്നില്ല. പൊതുജനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കു പരിഹാരം കാണാന്‍ സേവനദാതാക്കളും സര്‍ക്കാരും സ്വകാര്യമേഖലയും കിണഞ്ഞു ശ്രമിക്കുകയാണ്.
പരസ്പരബന്ധിതമായ ഒരു നഗരമുണ്ടാക്കാന്‍ പൊതു – സ്വകാര്യ മേഖലകള്‍ വ്യക്തികളുമായി ചേര്‍ന്നു സംയോജിത സംവിധാനം നിര്‍മിക്കുകയാണ്. ലഭ്യമായ അറിവില്‍ നിന്നും വൈദഗ്ധ്യത്തില്‍ നിന്നും സംവിധാനം നിര്‍മിക്കാമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഐബിഎം അക്കാദമി ഓഫ് ടെക്‌നോളജി പ്രസിഡന്റ് റാഷിക് പര്‍മാര്‍, എസ്എപി ബിസിനസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മേധാവി ഹിച്ചെം മായ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി. എംബിആര്‍എസ്ജി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. അലി സബാ അല്‍ മര്‍റി പ്രസംഗിച്ചു.