Connect with us

Ongoing News

സായുദ സംഘം ബാഗ്ദാദിന് സമീപം;രണ്ട് നഗരങ്ങള്‍ കൂടി പിടിച്ചു

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ കൂടുതല്‍ പ്രദേശങ്ങളില്‍ ആധിപത്യം ഉറപ്പിച്ചുകൊണ്ട് അല്‍ഖാഇദ ബന്ധമുള്ള സായുധ സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദ ലവന്ത് (ഐ എസ് ഐ എല്‍- ഇസില്‍) മുന്നേറുന്നു. ഇറാഖ് പ്രസിഡന്റ് നൂരി അല്‍മാലികിയുടെ അഭ്യര്‍ഥന പ്രകാരം യു എസ് സൈന്യം വിമതര്‍ക്കെതിരെ രംഗത്തിറങ്ങുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കിയതോടെ രാജ്യം ശക്തമായ യുദ്ധത്തിലേക്ക് നീങ്ങുകയാണ്. ദിയാല പ്രവിശ്യയിലെയും, വടക്കുകിഴക്കന്‍ ബഗ്ദാദിലെയും രണ്ട് പ്രധാന നഗരങ്ങളാണ് ഇന്നലെ പിടിച്ചെടുത്തത്. ജലൂല, സായിദിയ്യ നഗരങ്ങളാണ് ഇസില്‍ സായുധ സംഘം ഇന്നലെ പിടിച്ചെടുത്തത്. ഇവിടെ നിന്ന് സുരക്ഷാ വിഭാഗം പൂര്‍ണമായും പിന്മാറി. തലസ്ഥാനമായ ബഗ്ദാദ് പിടിച്ചെടുക്കാനാണ് ഇവരുടെ ശ്രമം. സംഘം ബഗ്ദാദിന് സമീപത്തെത്തിയതായാണ് വിവരം. പോലീസുകാര്‍ ആയുധം വെച്ച് കീഴടങ്ങിയ ശേഷം പ്രദേശത്ത് നിന്ന് പലായനം ചെയ്യണമെന്ന് പിടിച്ചെടുത്ത നഗരങ്ങളിലെത്തിയ ശേഷം സായുധ സംഘം ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. പ്രാദേശവാസികളെ ഉപദ്രവിക്കില്ലെന്ന് ഇസില്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, രാജ്യത്തെ രക്ഷിക്കണമെന്ന് ഇറാഖിലെ ജനങ്ങളോട് ആവശ്യപ്പെട്ട് ശിയാ വിഭാഗത്തിലെ മത പണ്ഡിതന്‍ രംഗത്തെത്തി. സുരക്ഷാ വിഭാഗത്തോടൊപ്പം നിന്ന് തീവ്രവാദികള്‍ക്കെതിരെ യുദ്ധം ചെയ്യണമെന്ന് ജുമുഅ നിസ്‌കാരത്തിനു ശേഷം നടന്ന പ്രഭാഷണത്തില്‍ മത പണ്ഡിതനായ ശൈഖ് അബ്ദുല്‍ മഹ്ദി അല്‍ കര്‍ബല ആഹ്വാനം ചെയ്തു.
ഇറാഖിലെ ശിയാ വിഭാഗങ്ങളുടെ ആത്മീയ നേതാവായ ആയത്തുല്ല അലി അല്‍ സിസ്താനിയുടെ പ്രതിനിധിയായാണ് മഹ്ദി സംസാരിച്ചത്.
ദിയാല പ്രവിശ്യയിലെ ഹിംരീന്‍ മലനിരകള്‍ക്ക് സമീപം വിമതര്‍ പിടിച്ചെടുത്ത നിരവധി ഗ്രാമങ്ങള്‍ തിരിച്ചു പിടിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമത സംഘം പിടിച്ചെടുത്ത ജലൂല, സായിദിയ്യ നഗരങ്ങളിലേക്ക് സമീപത്തുള്ള മുഖ്ദാദിയ നഗരത്തില്‍ നിന്നുകൊണ്ട് ആത്യാധുനിക തോക്കുകള്‍ ഉപയോഗിച്ച് സൈന്യം ആക്രമണം തുടരുന്നുണ്ട്. പ്രദേശവാസികള്‍ ഇറാന്‍ അതിര്‍ത്തി പ്രദേശമായ ഖാനിക്വിനിലേക്ക് കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. മുഖ്ദാദിയ നഗരമാണ് അടുത്ത ലക്ഷ്യമെന്ന് വിമതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിയാ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നും ഐ എസ് ഐ എല്‍ സായുധര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് ബഗ്ദാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. വടക്കന്‍ ഇറാഖിലെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ പിടിച്ചെടുത്ത ശേഷമാണ് ഇവര്‍ ബഗ്ദാദ് ഉള്‍പ്പെടെയുള്ള മേഖലകളിലേക്ക് നീങ്ങുന്നത്. ബഗ്ദാദിനു സമീപമുള്ള ഫലൂജ നഗരത്തിന്റെ നിയന്ത്രണം ഈ വര്‍ഷം ആദ്യം തന്നെ സായുധ സംഘം പിടിച്ചെടുത്തിരുന്നു.
അതിനിടെ, കുര്‍ദ് സ്വയംഭരണ പ്രദേശത്തെ സൈന്യം വടക്കന്‍ മേഖലയിലെ പെട്രോളിയം ഖനനപ്രദേശമായ കിര്‍കുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ മൂസ്വില്‍, ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ജന്മഗ്രാമമായ തിക്രീത് എന്നിവിടങ്ങള്‍ ഇസില്‍ സംഘം പിടിച്ചെടുത്തിരുന്നു.
അതേസമയം, ഇറാഖിനെ സഹായിക്കുന്നതിന് എല്ലാവിധ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് ബരാക് ഒബാമ വ്യക്തമാക്കി. എന്നാല്‍, ആദ്യ ഘട്ടത്തില്‍ തന്നെ സൈന്യത്തെ നേരിട്ട് രംഗത്തിറക്കില്ലെന്നാണ് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. വിമതര്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ പൈലറ്റില്ലാത്ത യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരിക്കും യു എസ് ആദ്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.