Connect with us

Palakkad

തരൂര്‍ പഞ്ചായത്ത് സ്‌കൂളുകളില്‍ ഇ-ടോയ്‌ലറ്റുകള്‍ നിര്‍മിക്കും

Published

|

Last Updated

വടക്കഞ്ചേരി: പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ഇലക്ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനമികവുമായി സംസ്ഥാനത്ത് കൂടുതല്‍ ഇ-ടോയ്‌ലറ്റുകള്‍ വരും. ഇതിന്റെ ഭാഗമായി തരൂര്‍ നിയമസഭാ മണ്ഡലത്തിലെ പതിനഞ്ച് സ്‌കൂളുകളില്‍ ഇ-ടോയ്‌ലറ്റുകള്‍ നിര്‍മിക്കും.
സാങ്കേതികവിദ്യയിലും ഉറപ്പിലും ശുചിത്വത്തിലും ഇ-ടോയ്‌ലറ്റുകള്‍ മികച്ചതാണെന്ന വിലയിരുത്തലാണുള്ളത്. കുറഞ്ഞ സ്ഥലത്ത് ഏറ്റവും മനോഹരമായി ഇത്തരം ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്നതും ഇലക്‌ട്രോണിക്‌സ് ടോയ്‌ലറ്റിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട്പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. ഇ-ടോയ്‌ലറ്റിന്റെ ഉള്‍വശം ഉയര്‍ന്നനിലവാരമുള്ള സ്റ്റീല്‍ കൊണ്ടാണ് സജ്ജമാക്കുന്നത്.
അകത്ത് ഉപയോഗിക്കുന്ന വെള്ളം ഉടനേ വറ്റിപോയി അഴുക്കുപിടിക്കാത്ത വിധമാണ് തറഭാഗത്തെ നിര്‍മാണം.ഡോര്‍ തുറക്കുമ്പോള്‍ തന്നെ ഫാനും വെള്ളവും വെളിച്ചവുമെത്തും. ഒരു രൂപയുടെയോ രണ്ടുരൂപയുടെയോ നാണയങ്ങള്‍ നിക്ഷേപിച്ച് ടോയ്‌ലറ്റ് ഉപയോഗിക്കാനാകും. അകത്ത് ആളുണ്ടോ എന്നറിയാനുള്ള സൂചനാ സംവിധാനവുമുണ്ട്. സെന്‍സറുകളാല്‍ നിയന്ത്രിതമായ സംവിധാനങ്ങളാണ് കൈകഴുകാനും ടോയ്‌ലറ്റ് ഫ്‌ളെഷ് ചെയ്യാനും വേയ്സ്റ്റ് കളയാനും ഒരുക്കിയിട്ടുള്ളത്. കൈ എവിടെയും തൊടാതെ തന്നെ വെള്ളം ഉപയോഗിക്കാം. അകത്തുകയറിയാല്‍ സാധാരണ ഡോര്‍പോലെ ഉള്ളില്‍നിന്നും കുറ്റിയിടാം. സാധാരണ വാതില്‍ തുറക്കുന്നതുപോലെ തുറന്നു പുറത്തു കടക്കാനാകും.
കറന്റ് പോയാലും ഉള്ളിലുള്ള ആള്‍ക്ക് പുറത്തുകടക്കാം. കറന്റില്ലെങ്കില്‍ ഉപയോഗിക്കാനാകില്ലെന്നതാണ് പ്രധാന ന്യൂനത. ടോയ്‌ലറ്റുകള്‍ മാപ്പുചെയ്ത് ഇ-ടോയ്‌ലറ്റുകള്‍ കേരളത്തില്‍ എവിടെയൊക്കെ ഉണെ്ടന്നറിയാന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കാനും പിഡബ്ല്യുഡി ഇലക്ട്രോണിക്‌സ് വിഭാഗത്തിനു പദ്ധതിയുണ്ട്. കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്കും ഈ സംവിധാനം ഗുണകരമാകും.
ആവശ്യമില്ലാത്ത സമയങ്ങളില്‍ ഇ-ടോയ്‌ലറ്റുകള്‍ വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ അടച്ചിടുവാനും ആവശ്യമുള്ളപ്പോള്‍ തുറക്കാനും സാധിക്കുന്നതിനാല്‍ ടോയ്‌ലറ്റിന്റെ ദുരുപയോഗം തടയാനും കഴിയും.

Latest