Connect with us

Ongoing News

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിസന്ധി പരിഹരക്കാന്‍ നടപടിയെടുക്കും

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. ഫാക്ടിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രമന്ത്രി അനന്തകുമാറിന് സംസ്ഥാനസര്‍ക്കാര്‍ കത്തയച്ചിരുന്നു. വകുപ്പ് സെക്രട്ടറിയോട് കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എളമരം കരീമിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഫാക്ടിന് വേണ്ടി 550 കോടിയുടെ പുനരുദ്ധാരണപാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയത്. ഇതില്‍ 100 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു. ബാക്കി തുക ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ ഫാക്ടിന്റെ പ്രതിസന്ധിയെ കുറിച്ച് ധരിപ്പിച്ചിരുന്നു. എച്ച് എം ടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കമ്പനിയുടെ കെട്ടിക്കിടക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നടപടിയെടുക്കും.
ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡിനായി ഖനനത്തിന് സ്ഥലം കണ്ടെത്തേണ്ടതുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യം മൂലം പുതിയ ഓര്‍ഡറുകള്‍ കിട്ടാത്തതാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ പ്രതിസന്ധിക്ക് കാരണം. തുറമുഖത്തിന് വേണ്ടി ആഴം കൂട്ടുന്നതിന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ഭീമമായ ചെലവ് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ 400 കോടി സാമ്പത്തിക സഹായം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ വേഗം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
റെയില്‍വേ കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടെങ്കിലും ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോയിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇനി കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട നടപടികള്‍ സ്വീകരിക്കണം. മിഷന്‍ 676 പെടുത്തി സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടാന്‍ വ്യവസായ വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്. 563 കോടിയുടെ ദീര്‍ഘ-ഹ്രസ്വകാല പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഇ-പ്രോക്യൂര്‍മെന്റിലൂടെ 588.44 കോടിയുടെ ഇടപാട് നടത്താനായി. 15 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ലാഭത്തിലാണ് ഈ സാമ്പത്തിക വര്‍ഷം തീരുന്നതോടെ കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് നിര്‍മാണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും സര്‍ക്കാര്‍ നടപടിയെടുത്തു വരികയാണ്. ചെറിയ വീടുകളുടെ നിര്‍മാണത്തിന് നേരിടുന്ന തടസം നീക്കും. നിയമാനുസൃതം അനുമതി നേടിയ സ്വകാര്യ കെട്ടിടങ്ങളുടെ നിര്‍മാണങ്ങള്‍ തടസപ്പെടുത്താന്‍ അനുവദിക്കില്ല. പരമ്പരാഗതമേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.