Connect with us

National

സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പം: മോദി

Published

|

Last Updated

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ അടക്കം സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജനങ്ങളുടെ ഉന്നമനത്തിനും രാജ്യത്തെ ദാരിദ്ര്യം പൂര്‍ണമായും തുടച്ചുനീക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭയിലെ തന്റെ ആദ്യ നന്ദി പ്രമേയ പ്രസംഗത്തിലാണ് മോദി സ്വപ്‌നങ്ങള്‍ പങ്ക് വെച്ചത്. ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാര്‍ സമീപനത്തെക്കുറിച്ച് നേരത്തെ ചില അംഗങ്ങള്‍ ആശങ്കപ്പെട്ട് സംസാരിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മോദി നന്ദി പ്രമേയ പ്രസംഗത്തില്‍ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം കല്‍പ്പിച്ചത്.
മുസ്‌ലിംകളുള്‍പ്പെടെ രാജ്യത്തെ പാവപ്പെട്ട ജനതയുടെ എല്ലാ തലത്തിലുമുള്ള ഉന്നമനത്തിനായിരിക്കും സര്‍ക്കാര്‍ ശ്രദ്ധ നല്‍കുക. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാനങ്ങളും രാജ്യത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനത്തില്‍ ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാഷ്ട്രങ്ങളില്‍ ഇന്ത്യ അഴിമതി നിറഞ്ഞ രാജ്യമാണെന്ന ദുഷ്‌പേര് നിലനില്‍ക്കുന്നുണ്ട്. അത് മാറ്റിയെടുത്ത് രാജ്യത്തെ മികവുറ്റ നിലയിലേക്ക് ഉയര്‍ത്തണം. അതിന് എല്ലാവരുടെയും യോജിച്ച സഹകരണമാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സര്‍ക്കാര്‍ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതിന് അടിവരയിട്ടാണ് മോദി നന്ദി പ്രമേയ പ്രസംഗം ആരംഭിച്ചത്. പ്രതിപക്ഷത്തെ നിരാകരിച്ച് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചേ കാര്യങ്ങള്‍ തീരുമാനിക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
കൃഷിയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തെക്കുറിച്ചുള്ള പ്രകടനപത്രികയിലെ വാഗ്ദാനങ്ങളും നിലപാടുകളും മോദി ആവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മുഴുവന്‍ നടപ്പിലാക്കും. 2022 ആകുമ്പോഴേക്കും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വെള്ളവും വൈദ്യുതിയും ശൗചാലവും ഉള്ള വീട് നിര്‍മിച്ചു നല്‍കും. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ലക്ഷ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. രാജ്യത്തെ ഒരാള്‍ പോലും വിശപ്പ് സഹിച്ച് ഉറങ്ങാതിരിക്കുന്നതിന് വിലയക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ മോദി സ്ത്രീകളുടെ സുരക്ഷക്ക് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്നും വ്യക്തമാക്കി. വികസനത്തിന് മാതൃക ഗുജറാത്ത് മാത്രമല്ലെന്നും മറ്റ് സംസ്ഥാനങ്ങളുടെ വികസന മാതൃക പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ കുടുംബശ്രീ പദ്ധതിയെ മോദി എടുത്തു പരാമര്‍ശിച്ചു. കേരളത്തിലെ കുടുംബശ്രീ മാതൃക പഠിച്ചതായും കുടുംബശ്രീയെക്കുറിച്ച് കേരളത്തില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ രണ്ട് മണിക്കൂര്‍ തനിക്ക് ക്ലാസെടുത്തതായും പ്രസംഗത്തില്‍ വ്യക്തമാക്കി.
വിജയം വിനയത്തിന്റെ വലിയ പാഠമാണ് പഠിപ്പിക്കുന്നത്. അഹങ്കാരം മനസ്സില്‍ ഉയരുമ്പോള്‍ മുന്‍ഗാമികളുടെ അനുഗ്രഹം അതിനെ തടഞ്ഞു നിര്‍ത്തുകയാണെന്നും മോദി ഓര്‍മപ്പെടുത്തി. ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചത് മികച്ച ഭരണത്തിനും വികസനത്തിനും വേണ്ടിയാണ്. അതിനാല്‍ ഇത് തങ്ങളുടെ കടമയാണെന്നും അത് പാലിക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest