Connect with us

Articles

ന്യൂനപക്ഷങ്ങളും മോദി സര്‍ക്കാരും

Published

|

Last Updated

മോദിയുടെ അധികാരാരോഹണത്തെയും അതിലേക്ക് നയിച്ച അത്യന്തം ഉത്കണ്ഠാകുലമായ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യത്തെയും കുറിച്ചുള്ള വിശകലനത്തിന് മുതിരുന്ന ജനാധിപത്യവാദിയായ ഏതൊരു ചരിത്രവിദ്യാര്‍ഥിയുടെയും മനസ്സിലേക്കോടിയെത്തുന്നത് അന്നാ ഫ്രാങ്കിന്റെ (ഹിറ്റ്‌ലറുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നിഷ്ഠൂരമായി മരണം വരിക്കേണ്ടിവന്ന ഡച്ചുകാരിയായ ജൂത പെണ്‍കുട്ടി) ഈ വരികളാണ്. “ഞങ്ങളെ നശിപ്പിക്കാന്‍ വന്നെത്തുന്ന ഇടി മുഴക്കം ഞാന്‍ കേള്‍ക്കുന്നു/ ഞാന്‍ പതിനായിരങ്ങളോടൊത്ത് ദുരിതം തിന്നുകയാണ്/ എങ്കിലും പ്രതീക്ഷയോടെ ഞാന്‍ സ്വര്‍ഗങ്ങളിലേക്ക് നോക്കുന്നു/ഈ ക്രൂരത അവസാനിക്കുമെന്നും ശാന്തിയും സമാധാനവും മടങ്ങിവരുമെന്നും പ്രതീക്ഷിക്കുന്നു.”
ഗുജറാത്തിലെ ന്യൂനപക്ഷ വേട്ടയുടെ ചോരക്കറയുമായിട്ടാണ് മോദി അധികാരത്തിലെത്തുന്നത്. മോദിക്കു വേണ്ടി ഗുജറാത്തില്‍ രക്തപങ്കിലമായ ന്യൂനപക്ഷവിരോധം പരീക്ഷിച്ച അമിത് ഷാമാരും മായാ കൊദ്ാനിമാരും ഡല്‍ഹിയില്‍ അദ്ദേഹത്തോടൊപ്പമുണ്ട്. മായാകൊദ്‌നാനി ഗുജറാത്തിലെ ജയിലിലാണെങ്കിലും അവരുടെ പ്രതിരൂപങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിന്റെ ഇടനാഴികളില്‍ നിരങ്ങി നീങ്ങുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമമന്ത്രി നജ്മ ഹിബത്തുല്ല ഹിന്ദു രാഷ്ട്രത്തിനായി ന്യൂനപക്ഷവിരുദ്ധതക്ക് നവ വ്യാഖ്യാനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കൂട്ടക്കൊലകള്‍ക്കിരയാക്കപ്പെട്ട നിരപരാധികളുടെ ദീനരോദനങ്ങള്‍ അധികാരാരോഹണത്തിന്റെ വര്‍ണശബളമായ ആഘോഷാരവങ്ങള്‍ക്കിടയിലും ജനമനസ്സുകളില്‍ പ്രതിധ്വനിക്കുന്നുണ്ട്. നജ്മയുടെ പുതിയ വ്യാഖ്യാനങ്ങള്‍ ന്യൂനപക്ഷവിരുദ്ധമായ ഹിന്ദുത്വ അജന്‍ഡയുടെ പ്രഖ്യാപനം തന്നെയാണ്. ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ് ജനാധിപത്യ വ്യവസ്ഥയുടെ മൗലികമായ ശക്തിസ്വഭാവമെന്ന് വിശ്വസിച്ചിരുന്ന നമ്മുടെ പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് മോദി ഭരണം പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ അങ്ങേയറ്റം അപകടകരമായ ചരിത്ര സന്ധിയിലാണ് നാം എത്തിനില്‍ക്കുന്നത്. സ്വാതന്ത്ര്യപൂര്‍വകാലം മുതല്‍ ഹിന്ദുത്വ ശക്തികള്‍ ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടേയിരുന്ന ഹിന്ദു രാഷ്ട്ര നിര്‍മാണ അജന്‍ഡയിലെ ഒരു പരിണതിയാണ് മോദിയുടെ അധികാരാരോഹണം. യൂറോപ്പില്‍ ഹിറ്റ്‌ലറും മുസ്സോളിനിയുമൊക്കെ വളര്‍ന്നുവന്ന 30കളിലെ മുതലാളിത്ത പ്രതിസന്ധിക്ക് സമാനമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യയും കടന്നുപോകുന്നത്. മുതലാളിത്ത ചൂഷണം സൃഷ്ടിച്ച കൊടിയ ദാരിദ്ര്യവും ചൂഷണവും കൊണ്ട് വഞ്ചിക്കപ്പെട്ട ജനതയുടെ രക്ഷക വേഷം കെട്ടിയാണ് ചരിത്രത്തിലുടനീളം ഫാസിസ്റ്റ് അധികാര ശക്തികള്‍ രംഗപ്രവേശം ചെയ്തിട്ടുള്ളത്. കോര്‍പറേറ്റ് മൂലധന താത്പര്യങ്ങളുടെ നിര്‍മിതിയാണ് മോദി. 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വര്‍ഗീയ ഫാസിസ്റ്റുകളുടെ വിജയം കോര്‍പറേറ്റ് പ്രചാരണതന്ത്രങ്ങളുടെയും പ്രത്യയശാസ്ത്രവത്കരണത്തിന്റെയും വിജയം കൂടിയാണ്. നിര്‍ധനരും ചൂഷിതരുമായ ജനസമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷ രാഷ്ട്രീയ പ്രചാരണത്തിലൂടെയാണ് ഹിന്ദുത്വ ധ്രുവീകരണം രൂപപ്പെടുത്തിയത്. ഫാസിസ്റ്റുകള്‍ എപ്പോഴും എവിടെയും ചെയ്യുന്നത് തങ്ങള്‍ക്ക് അനഭിമതരായ ഒരു വിഭാഗത്തെ ശത്രുവായി ചൂണ്ടിക്കാട്ടുകയാണ്. ഇന്ത്യയില്‍ ന്യൂനപക്ഷ മത സമൂഹങ്ങളെ പ്രതിയോഗിയായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരണ യുദ്ധമാണ് സംഘപരിവാര്‍, കോര്‍പറേറ്റ് മാധ്യമ സഹായത്തോടെ നടത്തിയത്. 200ലധികം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ചാണ് തീവ്രമായ സാമുദായിക ധ്രുവീകരണത്തിന് മണ്ണൊരുക്കിയത്. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണ് മുസ്‌ലിംകള്‍ എന്നതുപോലുള്ള ഹീനമായ പ്രചാരണ തന്ത്രങ്ങളിലൂടെയാണ് കലാപങ്ങള്‍ വളര്‍ത്തിയത്. വര്‍ഗീയ കലാപങ്ങളുടെ ചോരച്ചാലുകളിലൂടെ അങ്ങനെ മോദി ഇന്ദ്രപ്രസ്ഥത്തിലേക്ക് നടന്നുനീങ്ങി.
ഈ പ്രചാരണയുദ്ധത്തിന് നേതൃത്വം നല്‍കിയത് അപ്‌കോ വേള്‍ഡ്‌വൈഡ് പോലുള്ള അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനികളാണ്. അമേരിക്കയുടെ ലോകാധിപത്യത്തിനു വേണ്ടിയുള്ള ആഗോള നീക്കങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കി പോന്നവരാണ് സംഘപരിവാര്‍ ശക്തികള്‍. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത ജനവിഭാഗങ്ങള്‍ക്കും ചിന്താഗതികള്‍ക്കും സംഘടനകള്‍ക്കുമെല്ലാമെതിരെ വിദേ്വഷം വളര്‍ത്തുക എന്നത് ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ പതിവ് തന്ത്രമാണ്. അമേരിക്ക ഇക്കാര്യത്തില്‍ വളരെ മുന്നിലുമാണ്. 1950കളില്‍ സൃഷ്ടിക്കപ്പെട്ട മക്കാര്‍ത്തിയന്‍ കമ്യൂണിസ്റ്റ് വേട്ടയും കറുത്തവര്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ നടക്കുന്ന വംശീയ ആക്രമണങ്ങളും വിവാദപരമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവത്തിനുശേഷം ഭീകരവിരുദ്ധ യുദ്ധത്തിന്റെ പേരില്‍ സാര്‍വദേശീയമായി തന്നെ ഇസ്‌ലാമിക വേട്ടയും ഈ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍, കറുത്തവര്‍, മുസ്‌ലിംകള്‍, യുദ്ധവിരോധികള്‍ തുടങ്ങിയവരെ ശത്രുക്കളായി മുദ്ര കുത്തി അവരെല്ലാം അമേരിക്കയുടെയും ആംഗ്ലോ-സാംഗ്‌സന്‍ വംശജരുടെയും ലോകമേധാവിത്വത്തെ തുരങ്കം വെക്കുന്ന ദ്രോഹികളാണ് എന്ന അവബോധമാണ് ഈ പ്രചാരണ യുദ്ധം വഴി നിര്‍മിച്ചെടുക്കുന്നത്. ഇസ്‌റാഈലും ഇന്ത്യയിലെ ഹിന്ദുത്വശക്തികളും ഈ അച്ചുതണ്ടിന്റെ ഭാഗമായി മാറണമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റും ചിന്താ കേന്ദ്രങ്ങളും വിഭാവനം ചെയ്യുന്നത്. മോദി സര്‍ക്കാരിലൂടെ യു പി എ സര്‍ക്കാര്‍ തുടങ്ങിവെച്ച യു എസ്- ഇസ്‌റാഈല്‍-ഇന്ത്യ കൂട്ടുകെട്ടാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. നമ്മുടെ സ്വതന്ത്ര വിദേശ നയവും മതനിരപേക്ഷ നിലപാടുകളും ഉപേക്ഷിച്ചുകൊണ്ടാണ് അമേരിക്കയുടെ ലോകാധിപത്യ ശ്രമങ്ങളുടെ തന്ത്രപരമായ പങ്കാളിയായി മോദി ഭരണത്തില്‍ ഇന്ത്യ മാറുന്നത്.
പ്രതിരോധം ഉള്‍പ്പെടെയുള്ള സമ്പദ്ഘടനയുടെയും രാഷ്ട്രഘടനയുടെയും തന്ത്രപ്രധാന മേഖലകളിലെല്ലാം വിദേശ മൂലധനത്തിന് അടിയറ വെക്കാനുള്ള നീക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. രാജ്യരക്ഷയെ അപകടപ്പെടുത്തുന്ന നടപടികളാണ് ത്വരിതഗതിയില്‍ ആരംഭിച്ചിരിക്കുന്നത്. പ്രതിരോധരംഗത്ത് 100 ശതമാനം എഫ് ഡി ഐക്ക് അനുമതി നല്‍കുമ്പോള്‍ യു എസ്- ഇസ്‌റാഈല്‍ യുദ്ധോപകരണ നിര്‍മാണ കമ്പനികളുടെ പിടിയിലാകും ഇന്ത്യയുടെ രാജ്യരക്ഷാസംവിധാനം. ദക്ഷിണ ഏഷ്യയില്‍ ഇത് അപകടകരമായ ആയുധ മത്സരം വളര്‍ത്തും. പെന്റഗണും സി ഐ എയും മൊസാദും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് പ്രതിരോധരംഗത്തെ നയിക്കുക. ഇന്ത്യയുടെ ചേരിചേരാ നയത്തെയും അയല്‍ രാജ്യങ്ങളുമായുള്ള നല്ല ബന്ധങ്ങളെയും ഇല്ലാതാക്കുന്നതിലേക്കാണ് മോദിസര്‍ക്കാറിന്റെ വിവേകരഹിതമായ നീക്കങ്ങള്‍ രാജ്യത്തെ എത്തിക്കുക.
ഹിറ്റ്‌ലര്‍ അധികാരത്തിലേക്ക് നടന്നുനീങ്ങിയ വഴിക്ക് സമാനമായ രീതികളിലൂടെയാണ് മോദിയും ഭരണാധികാരത്തിലെത്തുന്നത്. ഇന്ത്യയിലെ മൂന്നിലൊന്ന് ജനതയുടെ പിന്തുണ പോലും ഇല്ലാതെയാണ് മോദി അധികാരം പിടിച്ചെടുത്തിരിക്കുന്നത്. 1932-ല്‍ റിസ്താഗിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 33 ശതമാനം വോട്ട് മാത്രം നേടിക്കൊണ്ടാണ് ഹിറ്റ്‌ലര്‍ അധികാരം കൈക്കലാക്കിയത്. 282 സീറ്റ് കിട്ടിയ ബി ജെ പിക്ക് 31 ശതമാനം വോട്ടേ ലഭിച്ചിട്ടുള്ളു. അതിനര്‍ഥം 69 ശതമാനം ഇന്ത്യക്കാര്‍ വര്‍ഗീയ ഫാസിസത്തിന് എതിരായി വോട്ട് രേഖപ്പെടുത്തിയവരാണെന്നതാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്ന മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോയതാണ് വര്‍ഗീയ ഫാസിസത്തിന് ഈ വിജയം ഉണ്ടാക്കിയത്. മതനിരപേക്ഷതക്കും ഭരണഘടനയുടെ ഫെഡറല്‍ മൂല്യങ്ങള്‍ക്കും ഭീഷണിയാകുന്ന സംഘപരിവാറിനെതിരെ യോജിച്ചുനില്‍ക്കേണ്ട ജനാധിപത്യശക്തികളുടെ ശിഥിലീകരണമാണ് മോദിയുടെ അധികാരാരോഹണത്തിന് വഴിവെച്ചത്.
മോദി സര്‍ക്കാര്‍ സംഘപരിവാര്‍ അജന്‍ഡക്കനുസരിച്ച് ഇന്ത്യയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഘടനയില്‍ ആപത്കരമായ മാറ്റങ്ങള്‍ വരുത്തുമെന്ന കാര്യം ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങളെ അങ്ങേയറ്റം ആശങ്കാകുലരാക്കുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ മന്ത്രിതന്നെ, ന്യൂനപക്ഷത്തെ സംബന്ധിച്ച പുതിയ നിര്‍വചനങ്ങള്‍ വേണമെന്നാണ് അധികാരമേറ്റെടുത്ത ഉടനെ മാധ്യമങ്ങളോട് പറഞ്ഞത്. 18 ശതമാനം വരുന്ന മുസ്‌ലിംകളല്ല അതിനേക്കാള്‍ ജനസംഖ്യയില്‍ കുറഞ്ഞ പാര്‍സികളാണ് യഥാര്‍ഥ ന്യൂനപക്ഷമെന്ന തന്റെ വാദങ്ങളെ ന്യായീകരിച്ചുകൊണ്ട് നജ്മ ഹിബതുള്ള വിശദീകരിക്കുകയും ചെയ്തു.
ചരിത്രപരമായ കാരണങ്ങളാല്‍ സാമ്പത്തികവും സാമൂഹികവുമായി വിവേചനം നേരിടുന്ന മത, ഭാഷാ വിഭാഗങ്ങളെയാണ് ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷ വിഭാഗങ്ങളായി നിര്‍വചിച്ചിട്ടുള്ളത്. ഭരണഘടനയുടെ 25 മുതല്‍ 30 വരെയുള്ള ഖണ്ഡങ്ങളിലാണ് ന്യൂനപക്ഷാവകാശങ്ങളെയും പരിരക്ഷാ വ്യവസ്ഥകളെയും പ്രതിപാദിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങളെയും സംവരണമടക്കം അവര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളെയും വ്യാഖ്യാനിക്കേണ്ടത് ഭരണഘടനയുടെ സാമൂഹിക ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. ന്യൂനപക്ഷ സംരക്ഷണനിയമങ്ങള്‍ മാത്രമല്ല എല്ലാ നിയമങ്ങളും ഭരണഘടനാ അവകാശവും വ്യാഖ്യാനിക്കപ്പെടേണ്ടത് ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളുടെയും പ്രതേ്യക വ്യവസ്ഥകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഭരണഘടന പിടിച്ച് സത്യമിട്ട് അധികാരമേറ്റെടുത്ത നജ്മ ഹിബത്തുല്ല ഇതെല്ലാം മറന്നുപോയത് മോദിയുടെ ഹിന്ദുരാഷ്ട്ര നിര്‍മിതിയുടെ കര്‍സേവകയായതുകൊണ്ടായിരിക്കാം. സംഘപരിവാര്‍ ഒരുകാലത്തും ഇന്ത്യന്‍ ഭരണഘടനയെയും അതിന്റെ മതനിരപേക്ഷതയെയും അംഗീകരിച്ചിട്ടില്ല. ബി ജെ പി അധികാരത്തിലിരുന്ന ഘട്ടത്തിലെല്ലാം ഭരണഘടന ഭേദഗതി ചെയ്യുന്നതിനും മാറ്റുന്നതിനും ആര്‍ എസ് എസ് കുത്സിത നീക്കങ്ങള്‍ നടത്തിയതുമാണ്. സ്വാമി മുക്താനന്ദയുടെ നേതൃത്വത്തില്‍ ഭരണഘടന മാറ്റിയെഴുതാനുള്ള സമിതിക്കുവരെ രൂപം നല്‍കിയതുമാണ്.
സാമൂഹിക നീതിയും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭരണഘടനാവകാശങ്ങളും ഒരു കാലത്തും സംഘപരിവാര്‍ ശക്തികള്‍ അംഗീകരിച്ചിരുന്നില്ല. സംവരണത്തെയും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയുള്ള ഭരണഘടനാ വ്യവസ്ഥകളെയും സവര്‍ണാധികാരി വര്‍ഗം മരണം പോലെ വെറുത്തിരുന്നു. സംവരണം ഒരു ജനാധിപത്യ അവകാശമാണെന്ന ഭരണഘടനയുടെ ചരിത്രബദ്ധമായ വീക്ഷണങ്ങളെയാണ് സംഘപരിവാറിനു വേണ്ടി നജ്മ ഹിബത്തുല്ല നിരാകരിച്ചിരിക്കുന്നത്.
ഇന്ത്യയെ പോലെ മതപരവും ഭാഷാപരവുമായ സാംസ്‌കാരിക ബഹുത്വങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഈ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും അവ സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഭരണഘടനയില്‍അന്തര്‍ലീനമായിരിക്കുന്ന ന്യൂനപക്ഷ സംരക്ഷണ വ്യവസ്ഥയുടെ അടിസ്ഥാനം. ഭാഷാ, മത ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്ന വ്യവസ്ഥകള്‍ മൗലികാവകാശമായിട്ടാണ് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ ഭരണഘടനാവകാശങ്ങളെയും ന്യൂനപക്ഷങ്ങളുടെ പ്രതേ്യക പരിരക്ഷാവ്യവസ്ഥകളെയും ന്യൂനപക്ഷപ്രീണനമായും ഭൂരിപക്ഷമായ ഹിന്ദു സമൂഹത്തോടുള്ള വിവേചനമായുമാണ് എല്ലാ കാലത്തും സംഘപരിവാര്‍ ശക്തികള്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. ന്യൂനപക്ഷ മത, ഭാഷാ സമൂഹങ്ങളുടെ സ്വത്വ നിഷേധത്തിന്റെതായ “സാംസ്‌കാരിക ദേശീയത” ഉയര്‍ത്തുന്ന ഫാസിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങള്‍ പരിരക്ഷിക്കാനും അത് നിഷേധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും മതേതര ജനാധിപത്യ ശക്തികള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മൃദുഹിന്ദുത്വവാദികളും ചില ഉത്തരാധുനിക ബുദ്ധിജീവികളും മോദിയെ ന്യൂനപക്ഷങ്ങള്‍ പേടിക്കേണ്ടതില്ല എന്ന വാദവുമായി, മതനിരപേക്ഷതക്കും ഭരണഘടനാവകാശങ്ങള്‍ക്കും നേരെ ഉയരുന്ന ഭീഷണികളെ ലഘൂകരിച്ച് അവതരിപ്പിക്കാന്‍ പാടുപെടുന്നുണ്ട്.
സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ ന്യൂനപക്ഷപ്രീണന നയങ്ങളല്ല ഇന്ത്യയിലെ ഭൂരിപക്ഷ മതസമൂഹം ഉള്‍പ്പെടെയുള്ള ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അധോഗതിക്കു കാരണം. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഭരണാധികാരികള്‍ തുടര്‍ന്നുവന്ന കുത്തക വര്‍ഗങ്ങളുടെയും ഭൂപ്രഭുക്കന്മാരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയങ്ങളാണ്. ആഗോളവത്കരണ നയങ്ങള്‍ ഇത് തീവ്രമാക്കിയിരിക്കുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ ദളിത് ആദിവാസി ജനവിഭാഗങ്ങളെ പോലെ ന്യൂനപക്ഷ വിഭാഗങ്ങളും അതിരൂക്ഷമായ സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരാണ്. സ്വന്തമായി ഭൂമിയോ മറ്റ് വരുമാന മാര്‍ഗങ്ങളോ ഇല്ലാത്ത അടിച്ചമര്‍ത്തപ്പെട്ട ജാതി സമൂഹങ്ങള്‍ക്ക് സമാനമാണ് ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങളുടെ സ്ഥിതി. ഇതില്‍ നിന്ന് വ്യത്യസ്തമായ അവസ്ഥ കേരളത്തിലുണ്ടാകാം. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി ഈ കാര്യങ്ങളെല്ലാം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും ഏജന്‍സികളിലും ശമ്പളം പറ്റുന്ന മുസ്‌ലിം ജീവനക്കാരുടെ അനുപാതം അങ്ങേയറ്റം പരിതാപകരമാണ്. ഒരു സംസ്ഥാനത്തു പോലും സര്‍ക്കാര്‍ വകുപ്പുകളില്‍ മുസ്‌ലിംകളുടെ പ്രാതിനിധ്യം അവരുടെ ജനസംഖ്യയുടെതിന് അനുയോജ്യമായ വിധത്തിലല്ല. സര്‍വകലാശാലകള്‍, ബേങ്കുകള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലും മുസ്‌ലിം പ്രാതിനിധ്യം വളരെ കുറവാണ്. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചതു പോലെ നിരവധി മുസ്‌ലിം പ്രദേശങ്ങള്‍ ഒട്ടുമിക്ക ബേങ്കുകളും “നെഗറ്റീവ് ജിയോഗ്രാഫിക്കല്‍ സോണു” കളിലാണ് പെടുത്തിയിട്ടുള്ളത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനു ശേഷവും ഈ അവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പാലോളി കമ്മറ്റിയെ നിയോഗിച്ചതും ഭരണനടപടികള്‍ ആരംഭിച്ചതും ഇതിനൊരു അപവാദമായിരിക്കാം.
“ഒബ്‌സര്‍വേഷന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍” 2013ല്‍ പ്രസിദ്ധീകരിച്ച മുസ്‌ലിം, സാമൂഹിക, സാമ്പത്തിക അവസ്ഥയെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷം മുസ്‌ലിംകളുടെയും മുസ്‌ലിം ഇതര വിഭാഗങ്ങളുടെയും സമ്പാദ്യത്തിലുള്ള അന്തരം കൂടിവരുന്നതായി ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയുടെ ഭീകരവിരുദ്ധ യുദ്ധത്തില്‍ തന്ത്രപരമായ പങ്കാളിയായ യു പി എ സര്‍ക്കാര്‍ മുസ്‌ലിം യുവാക്കളെ ഭീകരര്‍ എന്നു മുദ്രകുത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും അതിക്രമങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മുസ്‌ലിം ചെറുപ്പക്കാരുടെ പേരില്‍ കുറ്റം ചുമത്തപ്പെട്ട മലേഗാവ്, സംജോത എക്‌സ്പ്രസ്, ലാല്‍ മസ്ജിദ് തുടങ്ങി നിരവധി സ്‌ഫോടന പരമ്പരകള്‍ യഥാര്‍ഥത്തില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്തതായിരുന്നു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ജയിലില്‍ കഴിച്ചുകൂട്ടിയ ശേഷം മുസ്‌ലിം ചെറുപ്പക്കാരെ കോടതികള്‍ നിരപരാധികളായി കണ്ട് വിട്ടയക്കുന്നു. സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയും തൊഴിലവസരങ്ങളുടെ അഭാവവും സംശയ മനോഭാവവും മുസ്‌ലിം യുവജനങ്ങളില്‍ അന്യതാബോധം വളര്‍ത്തുന്നു. ഇത്തരം വിഭാഗങ്ങളെ സംഘടിതമായ വര്‍ഗീയ, തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് വല വീശി പിടിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.
ഈ യാഥാര്‍ഥ്യങ്ങളെയെല്ലാം അവഗണിച്ചുകൊണ്ടാണ് മോദിയുടെ ന്യൂനപക്ഷക്ഷേമ മന്ത്രി ഭരണഘടനാ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് “ന്യൂനപക്ഷ”ത്തിന് നവ വ്യാഖ്യാനങ്ങള്‍ ചമക്കുന്നത്. മതേതര പരിസരത്തെ ശക്തിപ്പെടുത്തി ന്യൂനപക്ഷങ്ങളുടെ പരാധീനതകള്‍ക്കും അരക്ഷിതാവസ്ഥക്കും പരിഹാരമുണ്ടാക്കാനുള്ള നടപടികളൊന്നും മോദി സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കാനാകില്ല. സമ്പദ്‌വ്യവസ്ഥയുടെ വര്‍ഗ ഘടനയും നവ ലിബറല്‍ പരിഷ്‌കാരങ്ങളും വരുത്തിക്കൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങളുടെ ഇരകളാണ് ഇന്ത്യയിലെ തൊഴിലാളികളും കൃഷിക്കാരും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട ജാതി, മത സമൂഹങ്ങളും. അംബാനിമാരുടെയും അദാനിമാരുടെയും കോര്‍പറേറ്റ് താത്പര്യങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന ഫാസിസ്റ്റ് അധികാര ശക്തികള്‍ക്ക് മഹാ ഭൂരിപക്ഷം വരുന്ന മര്‍ദിത വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക അവസ്ഥക്ക് ഒരു പരിഹാരവും ഉണ്ടാക്കാന്‍ കഴിയില്ല. നവ ലിബറലിസത്തെയും വര്‍ഗീയ ഫാസിസത്തെയും പ്രതിരോധിക്കുന്ന മത നിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ ഒരു ബദല്‍ ശക്തിയാകാന്‍ സാധിക്കൂ. ബഹുസ്വരതയും മതനിരപേക്ഷതയും അംഗീകരിക്കാത്തവര്‍ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥക്കുതന്നെ ഭീഷണിയാണ്. മതനിരപേക്ഷ ജനാധിപത്യശക്തികളുടെ വിശാലമായ ഐക്യത്തിലൂടെ ഈ ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കാന്‍ കഴിയേണ്ടതുണ്ട്.

Latest