Connect with us

Gulf

'ഹെല്‍ത്ത് ടൂറിസം മേഖലയില്‍ ഇന്ത്യ മുന്നേറുന്നു'

Published

|

Last Updated

ദുബൈ: ലോകോത്തര സാങ്കേതികവിദ്യയും വിദഗ്ധരും കുറഞ്ഞ നിരക്കില്‍ ചികിത്സയും വ്യക്തികേന്ദ്രീകൃത സേവനങ്ങളുമായി ഇന്ത്യ ലോകത്തെ മുന്‍നിര ചികിത്സാ ലക്ഷ്യകേന്ദ്രമായി മാറുകയാണെന്ന് ദുബൈയില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും ഹെല്‍ത്ത്‌കെയര്‍ സംരംഭമായ അസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും ഹെല്‍ത്ത്‌കെയര്‍, ഇന്‍ഷുറന്‍സ്, ടൂറിസം വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് “മെഡിക്കല്‍ വാല്യു ട്രാവല്‍” (എം വി ടി) മേഖലയിലെ പുതിയ പ്രവണതകളും ആരോഗ്യ രംഗത്തെ പുരോഗതിയും ചര്‍ച്ച ചെയ്യുന്നതിനുള്ള സെമിനാര്‍ സംഘടിപ്പിച്ചത്.
ഇന്ത്യയുടെ മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ച്ചയും മെഡിക്കല്‍ ടൂറിസം വിസയില്‍ ഇന്ത്യാ ഗവണ്‍മെന്റ് സമീപകാലത്ത് സ്വീകരിക്കുന്ന ഇളവുകളുമടക്കം നിരവധി ഘടകങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. പുതിയ വിസ നിബന്ധനകള്‍ പ്രകാരം ഇന്ത്യയിലെ മികച്ച ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് മള്‍ട്ടി എന്‍ട്രിയോടെ ഒരു വര്‍ഷം വരെ മെഡിക്കല്‍ ടൂറിസം വിസ അനുവദിക്കുന്നുണ്ട്. ചികിത്സക്കും തുടര്‍ സേവനങ്ങള്‍ക്കുമായി രാജ്യത്ത് വന്നുപോകാമെന്നത് ഇതിന്റെ സവിശേഷതയാണ്.
“മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ ആദ്യത്തെ രാജ്യങ്ങളിലൊന്ന് എന്ന നിലക്ക് സ്വകാര്യ മേഖല ഈ രംഗത്ത് വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തോടെയുള്ള അതിശക്തമായ മെഡിക്കല്‍ ടൂറിസമാണ് ഇതിന്റെ ലക്ഷ്യം. ഈ മേഖല ഇന്ത്യയില്‍ സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നുണ്ട്.” ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ആന്റ് കോണ്‍സുല്‍ കൊമേഴ്‌സ് ശ്രീ. അശോക് ബാബു പറഞ്ഞു.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ടൂറിസം മന്ത്രാലയത്തിലെ 2010-ലെ കണക്കു പ്രകാരം ഇന്ത്യയില്‍ വളര്‍ച്ച പ്രാപിക്കുന്ന പ്രമുഖ മെഡിക്കല്‍ സേവനങ്ങള്‍ കാര്‍ഡിയോളജി (29 ശതമാനം), ഓര്‍ത്തോപെഡിക്‌സ് (15 ശതമാനം), നെഫ്രോളജി (12 ശതമാനം), ഓങ്കോളജി (11 ശതമാനം), ന്യൂറോ സര്‍ജറി (11 ശതമാനം), മറ്റുള്ളവയെല്ലാം കൂടി 22 ശതമാനം എന്നിങ്ങനെയാണ്.
“ഇന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ ഹെല്‍ത്ത് കെയര്‍ മികച്ച രീതിയില്‍ വളരുകയാണ്. ഈ വളര്‍ച്ചയില്‍ സംഭാവ ചെയ്യുന്ന ചില പ്രധാന ഘടകങ്ങള്‍ രാജ്യത്ത് ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ വളര്‍ച്ചയും രണ്ടാംതരം, മൂന്നാംതരം നഗരങ്ങളിലേക്ക് ഗവണ്‍മെന്റും സ്വകാര്യമേഖലകളും ശ്രദ്ധ പതിപ്പിച്ചതുമാണ്. – ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ സെക്ടറിലെ പ്രവണതകള്‍ വിലയിരുത്തി കൊച്ചി അസ്റ്റര്‍ മെഡ്‌സിറ്റി സി ഇ ഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു.

 

Latest