Connect with us

National

മരണ കാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

Published

|

Last Updated

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണ കാരണം ഹൃദയാഘാതവും ആന്തരിക രക്തസ്രാവവുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അപകടം നടന്നു മിനിട്ടുകള്‍ക്കു ശേഷം അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എയിംസിലെ മൂന്ന് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത്. ഹൃദയാഘാതമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രിയിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ആശുപത്രിയിലെ പി ആര്‍ ഒ അമിത് ഗുപ്തയാണ് മരണം സ്ഥിരീകരിച്ച് മാധ്യമങ്ങളെ അറിയിച്ചത്. രാവിലെ 7.20ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
പുറമേ വലിയ മുറിവുകളില്ലായിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ മുണ്ടെയുടെ വാരിയെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കരളിനും സാരമായ ക്ഷതമേറ്റിരുന്നു. ഇതേത്തുടര്‍ന്നാണ് മരണത്തിലേക്ക് നയിച്ച ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും ഉണ്ടായത്. അപകടത്തില്‍ ആഴത്തിലുള്ളതോ മാരകമായതോ ആയ മുറിവുകള്‍ ശരീരത്തിന്റെ പുറത്ത് ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അപകടത്തെ തുടര്‍ന്ന് എയിംസിലെ ട്രോമ സെന്ററില്‍ പുലര്‍ച്ചെ 6.30നാണ് മുണ്ടെയെ എത്തിച്ചത്. അദ്ദേഹത്തെ കൊണ്ടുവരുമ്പോള്‍ തന്നെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും ശ്വാസോച്ഛ്വാസവും ഉണ്ടായിരുന്നില്ല. സി പി ആര്‍ നല്‍കി 50 മിനിട്ട് വരെ നോക്കിയെങ്കിലും ചികിത്സയോട് ശരീരം പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഉച്ചക്ക് 12.40ന് ആശുപത്രിയില്‍ നിന്ന് മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോയി. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗാഡ്കരി, ഹര്‍ഷ വര്‍ധന്‍, മുണ്ടെയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.