Connect with us

Ongoing News

അനാഥാലയങ്ങളിലെ സര്‍വേ തുടരുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സര്‍വേ തുടരുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ ബി കോശി.
സംസ്ഥാനത്ത് നല്ല രീതിയിലും വ്യവസ്ഥകളൊന്നും പാലിക്കാതെയും പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളുണ്ട്. ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിച്ചു വരികയാണ്. അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നടത്തിവരുന്ന വിവരശേഖരണം തടയുന്നതിന് അനാഥാലയങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുന്നത് എന്തിനാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
നന്നായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുറന്നുപറയാന്‍ മടി കാണില്ല. കമ്മീഷന്റെ അനേ്വഷണം തടയണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം മനാറുല്‍ ഇസ്‌ലാം ഓര്‍ഫനേജ് അഗതി മന്ദിരമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വിവര ശേഖരണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും അനാഥാലയങ്ങളെ കുറിച്ച് സമഗ്രമായ അനേ്വഷണം നടത്തുമെന്നും ജസ്റ്റിസ് കോശി പറഞ്ഞു. രേഖകളും കണക്കുകളും കൃത്യമായി സൂക്ഷിക്കുന്നുണ്ടെങ്കില്‍ സര്‍വേയോട് സഹകരിക്കാന്‍ മടിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അനാഥാലയങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് അനേ്വഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. ആദ്യ പടിയായാണ് സര്‍വേ നടത്തുന്നത്.
അനാഥാലയത്തിലേക്ക് കുട്ടികളെക്കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഡി ഐ ജി. ശ്രീജിത്തിന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണ്. ഐ ജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടില്ല. അത് ലഭിച്ചശേഷം ശരിയും തെറ്റും പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഝാര്‍ഖണ്ഢില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന വിഷയത്തില്‍ കമ്മീഷന്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവരുമ്പോള്‍ നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഝാര്‍ഖണ്ഡിലും ബീഹാറിലുമുള്ള കുട്ടികളുടെ വിലാസം പരിശോധിക്കും. യാതൊരു മുന്‍വിധിയും കൂടാതെ തുറന്ന മനസ്സോടെ എല്ലാ കാര്യങ്ങളും പരിശോധിക്കും.
അറബിക്കല്യാണവും പീഡനങ്ങളും വര്‍ധിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ അനാഥാലയങ്ങളെ കുറിച്ച് അനേ്വഷിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ അനേ്വഷണം തുടക്കം മുതല്‍ തടസ്സപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി പേര്‍ സഹകരിക്കുന്നുണ്ട്.
പല അനാഥാലയങ്ങളിലും കുട്ടികളുടെ കണക്കില്ല. സര്‍ക്കാറില്‍ നിന്നും അല്ലാതെയുമുള്ള സാമ്പത്തിക സഹായം കിട്ടുന്നതിന് 50 കുട്ടികള്‍ ഉള്ളിടത്ത് 100 കുട്ടികള്‍ ഉണ്ടെന്ന് വ്യാജ കണക്ക് കാണിക്കും. ചിലര്‍ വിദേശ സഹായം സ്വീകരിക്കുന്നു. കുട്ടികളെ വ്യവസ്ഥാപിതമല്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും കമ്മീഷന് രേഖാമൂലമല്ലാതെ പരാതികള്‍ ലഭിച്ചിട്ടുണ്ട്.
യത്തീംഖാനകള്‍ അടക്കം കേരളത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം അനാഥാലയങ്ങളുണ്ടെന്നും ജസ്റ്റിസ് ജെ ബി. കോശി പറഞ്ഞു. അനാഥാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന അനേ്വഷണത്തെ കുറിച്ച് മനുഷ്യാവകാശ കമ്മീഷന് എതിരെ ഉയര്‍ന്ന വിമര്‍ശങ്ങളെ കുറിച്ച് വിവാദത്തിനില്ലെന്നും കോശി പറഞ്ഞു.

Latest